ആ ഗര്‍ജനം ഉച്ചസ്ഥായിയിലേക്ക്; സംരക്ഷിത വനത്തിലെ കടുവകളുടെ പ്രജനനം വിജയം, 15 വര്‍ഷത്തെ അധ്വാനത്തിന്‌ശേഷം ദൃശ്യങ്ങള്‍ ക്യാമറയില്‍

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്യമൃഗങ്ങളുള്‍പ്പെടെ ചത്തൊടുങ്ങിയ അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ നിന്നും പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും ഗര്‍ജനമുയരുന്നു. സംരക്ഷിത വനത്തില്‍ കടുവകളുടെ പ്രജനനം വിജയകരമായി നടന്നതിന്റെ ദൃശ്യങ്ങള്‍ 15 വര്‍ഷങ്ങളുടെ അധ്വാനത്തിനൊടുവില്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടാണ് കാസിരംഗ പാര്‍ക്കും ബുര്‍ഹചാപോരി വന്യജീവി സങ്കേതവും ആത്മവിശ്വാസം വീണ്ടെടുക്കുന്നത്. പ്രജനനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതിനെക്കുറിച്ച് ദേശീയോദ്യാനം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഗര്‍ജനം ഉച്ചസ്ഥായിയിലാകുന്നു എന്ന അടിക്കുറിപ്പോടെയാണ് അധികൃതര്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പ്രജനനത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ ആവശ്യപ്പെട്ട ആരാധകരോട് തങ്ങള്‍ ഉടന്‍ തന്നെ ദൃശ്യങ്ങള്‍ പങ്കുവെക്കുമെന്നും ഡയറക്ടറുടെ അനുമതിക്കായി കാത്തുനില്‍ക്കുകയാണെന്നും കാസിരംഗ പാര്‍ക്ക് അധികൃതര്‍ സൂചിപ്പിച്ചു.

പാര്‍ക്കിലെ കടുവകളുടെ പ്രജനനം ആദ്യമായാണ് ദൃശ്യങ്ങളില്‍ പകര്‍ത്താന്‍ സാധിക്കുന്നത്. പ്രജനനവും തുടര്‍ന്ന് കടുവ കുട്ടികളുടെ പരിചരണവും ദേശീയോദ്യാനത്തില്‍ ആവാസവ്യവസ്ഥയ്ക്കും മൃഗസമ്പത്തിനും ഭീഷണിയില്ല എന്നാണ് സൂചിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കടുവകള്‍ ഉള്‍പ്പെടെയുള്ള വന്യജീവി വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ദേശീയോദ്യാനം പാലിച്ചുപോന്നിരുന്ന കരുതലാണ് വീഡിയോയിലൂടെ വെളിവാകുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കടുവക്കുട്ടികളെ യുവരാജന്മാരെന്നും അധികൃതര്‍ വിശേഷിപ്പിച്ചു.

ദേശീയോദ്യാനത്തിന്റെ 85 ശതമാനത്തോളം ഭാഗത്ത് അസമിലെ കടുത്ത പ്രളയംമൂലം നാശനഷ്ടങ്ങളുണ്ടായിരുന്നു. 129-ല്‍പ്പരം മൃഗങ്ങളാണ് പ്രളയത്തില്‍ ചത്തൊടുങ്ങിയത്.

Also Read:- ചിലത് റെഡ്യാകും ചിലത് റെഡ്യാകില്ല! സോഷ്യല്‍മീഡിയയില്‍ വൈറലായ മുഹമ്മദ് ഫായിസിനൊപ്പം

DONT MISS
Top