ബിരിയാണി ‘ഉയിര്‍’: കൊറോണക്കാലത്തും ആരും ബിരിയാണിയെ കൈവിട്ടില്ല, ബിരിയാണിക്ക് റെക്കോര്‍ഡ് വില്‍പ്പനയെന്ന് സ്വിഗ്ഗി

നല്ല ഭക്ഷണം ഒരു വികാരവും ഭക്ഷണം തന്നെ ഒരു മതവുമായി കൈയ്യടിനേടുന്ന കാലമാണിത്. പ്രീയപ്പെട്ട റസ്റ്റോറന്റില്‍ പോയി മനസിന് ആനന്ദം തരുന്ന അന്തരീക്ഷത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ലോക്ക്ഡൗണ്‍ സമയത്ത് പലരുടേയും സ്വപ്‌നം കൂടിയായിരുന്നു. കൊവിഡ് ഭീഷണിമൂലം അത് നടക്കാതെ വന്നപ്പോഴും പ്രീയപ്പെട്ട ഹോട്ടലുകളിലെ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വീട്ടിലിരുന്ന് കഴിക്കാന്‍ ആരും മടികാണിച്ചില്ല. പലര്‍ക്കും വീട്ടിലിരുന്നപ്പോള്‍ ഭക്ഷണക്കൊതി കൂടി. ചിലരൊക്കെ ഹോട്ടല്‍ ഭക്ഷണത്തിന്റെ പ്രൗഢിയിലുള്ള വിഭവങ്ങള്‍ വീട്ടില്‍ത്തന്നെ പരീക്ഷിച്ചുനോക്കി. എന്നാല്‍ ഇഷ്ടപ്പെട്ട കടയിലെ ബിരിയാണിയ്ക്ക് പകരം വെയ്ക്കാന്‍ മറ്റൊന്നിനും പറ്റില്ല എന്ന് ലോക്ക്ഡൗണ്‍ കാലത്ത് പലര്‍ക്കും തിരിച്ചറിവുമുണ്ടായി. അതുകൊണ്ട് തന്നെ ആളുകള്‍ കൊറോണക്കാലത്തും ബിരിയാണിയെ കൈവിട്ടില്ല. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി തങ്ങളുടെ ലോക്ക്ഡൗണ്‍ സമയത്തെ ഭക്ഷണ വില്‍പ്പന കണക്കുകളായ ‘സ്റ്റാറ്റ്ഈറ്റ്സ്റ്റിക്‌സ്’ പുറത്തുവിട്ടപ്പോഴാണ് ബിരിയാണിക്ക് ലോക്കഡൗണ്‍ കാലത്ത് റൊക്കോര്‍ഡ് ആരാധകരുണ്ടെന്ന് വെളിവായത്.

ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് വിശദമായി പഠിക്കുവാനും ഭക്ഷണ വ്യവസായ മേഖലകളില്‍ മാറിമാറി വരുന്ന ട്രെന്‍ഡുകളെക്കുറിച്ച് മനസിലാക്കാനുമാണ് സ്വിഗ്ഗി ഇത്തരമൊരു കണക്കെടുപ്പ് നടത്തിയത്. കേരളത്തിലാകട്ടെ ചെന്നൈയിലാകട്ടെ എവിടെയാണെങ്കിലും ബിരിയാണി പ്രേമികളാണ് കൂടുതലെന്ന് സ്വിഗ്ഗിയുടെ കണക്കുകള്‍ തെളിയിക്കുന്നു. മസാലദോശയ്ക്ക് ബിരിയാണിയോട് പിടിച്ചുനില്‍ക്കാന്‍ പോലുമാകുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മാത്രം ബിരിയാണിക്ക് അഞ്ചരലക്ഷം ഉപഭോക്താക്കളുണ്ടായെന്ന് സ്വിഗ്ഗി പറയുന്നു. 65,000 പേര്‍ ഊണ് ആവശ്യപ്പെട്ടുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബെര്‍ത്ത് ഡേ ആഘോഷങ്ങളെല്ലാം വീഡിയോ കോളിലൂടെ ആയതോടെ പുറത്തിറങ്ങാതെ ആളുകള്‍ പിറന്നാള്‍ കേക്കുകള്‍ക്കായി സ്വിഗ്ഗിയെത്തന്നെ സമീപിക്കുന്നുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 1,20,000 കേക്കുകളോളം സ്വിഗ്ഗിയിലൂടെ ആളുകള്‍ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. മറ്റ് മധുര പദാര്‍ഥങ്ങള്‍ക്കുമുണ്ട് ആരാധകര്‍. ഗുലാബ് ജാമുനും ബട്ടര്‍സ്‌കോച്ച് മൂസ്കേക്കുകളും ലോക്ക്ഡൗണ്‍  സമയത്ത് കൂടുതലായി വിറ്റുപോയതായി സ്വിഗ്ഗി അറിയിക്കുന്നു. കൊവിഡ് പ്രതിരോധത്തിനായുള്ള അവശ്യ വസ്തുക്കളും സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്തവര്‍ കുറവല്ല. ഇക്കാലയളവില്‍ 73,000 ബോട്ടില്‍ സാനിറ്റൈസറുകളും സ്വിഗ്ഗി ഉപഭോക്താക്കള്‍ക്ക് വീട്ടിലെത്തിച്ചു നല്‍കി.

Also read:- സുശാന്ത് സ്‌നേഹം യാചിക്കുന്നുവെന്ന്!; അതീന്ദ്രിയ വിദഗ്ധന്‍ സ്റ്റീവ് ഹഫിന്റെ വീഡിയോ വൈറലാകുന്നു

DONT MISS
Top