സുശാന്ത് സ്‌നേഹം യാചിക്കുന്നുവെന്ന്!; അതീന്ദ്രിയ വിദഗ്ധന്‍ സ്റ്റീവ് ഹഫിന്റെ വീഡിയോ വൈറലാകുന്നു

സുശാന്ത് സിംഗ് രാജ്പുത്ത് നമ്മളെ വിട്ടുപിരിഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമരണം സിനിമാപ്രേമികളിലും, ആരാധകരിലും ഉണ്ടാക്കിയ ഞെട്ടലിന്റെയും, ദുഖത്തിന്റെയും അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. വാദങ്ങളും, മറുവാദങ്ങളും, അന്വേഷണങ്ങളുമൊക്കെ മുറക്ക് നടന്നു വരുന്നു. അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച മാനസിക വ്യഥകളും, ബോളിവുഡിലെ സ്വജനപക്ഷപാതവും ഒക്കെ ചര്‍ച്ചയില്‍ നിന്നും ചര്‍ച്ചകളിലേക്ക് മാറിക്കൊണ്ടേയിരിക്കുന്നു.

ഈ വാര്‍ത്തകള്‍ക്കിടയിലാണ്, സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മാവിനോട് താന്‍ സംസാരിച്ചുവെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രശസ്ത പാരാനോര്‍മല്‍ വിദഗ്ധനായ സ്റ്റീവ് ഹഫിന്റെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ വന്നിരിക്കുന്നത്. അതീന്ദ്രിയ വിഷയങ്ങളില്‍ പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയവും, വൈദഗ്ധ്യവുമുള്ള ഒരു അമേരിക്കന്‍ പൗരനാണ് സ്റ്റീവ് ഹഫ്. ‘സ്പിരിറ്റ് ബോക്‌സ്’ എന്ന പേരില്‍ ഒരു ഉപകരണം താന്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അതിന്റെ സഹായത്തോടെയാണ് ആത്മാക്കളുമായി താന്‍ സംവദിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഏതായാലും സുശാന്തിന്റെ ആത്മാവുമായി സംസാരിക്കുന്ന വൈറല്‍ വീഡിയോയുടെ വിവരണത്തില്‍ ഹഫ് ഇങ്ങനെ എഴുതി, “ആയിരക്കണക്കിന് അഭ്യര്‍ഥനകള്‍ ലഭിച്ചതിന് ശേഷം ഇന്ന് ഞാന്‍ സുശാന്തിന്റെ ആത്മാവുമായി ബന്ധപ്പെടാന്‍ പരമാവധി ശ്രമിച്ചു. ശക്തവും വ്യക്തവുമായാണ് ആ ആത്മാവ് സംവദിച്ചത്. അതിനാല്‍ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു”.

നാല് മിനിറ്റ്-ഏഴ് സെക്കന്‍ഡ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ സ്റ്റീവിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന ഒരു ശബ്ദം കേള്‍ക്കാനാകുന്നുണ്ട്. ഇതാദ്യമായാണ് സ്റ്റീവ് ഒരു ഇന്ത്യന്‍ താരവുമായി സംസാരിക്കുന്നത്. മുന്‍പ് പോപ്പ് താരം മൈക്കല്‍ ജാക്‌സന്റെ ആത്മാവുമായി സംസാരിച്ചിട്ടുണ്ടെന്ന് സ്റ്റീവ് അവകാശപ്പെട്ടിട്ടുണ്ട്.

സുശാന്തിന്റെ ആത്മാവുമായി ആശയവിനിമയം നടത്തിയതിനെക്കുറിച്ചുള്ള സ്റ്റീവ് ഹഫിന്റെ ഈ അവകാശവാദങ്ങള്‍ രസകരവും അതീന്ദ്രിയ വിഷയങ്ങളില്‍ ഒരു മുന്നേറ്റവുമായിരിക്കാമെന്ന് ഡോ. നീരവ് ആനന്ദ് പ്രസ്താവിച്ചു. കൂട്ടത്തില്‍ ഹഫിന്റെ അവകാശവാദങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഗവേഷണം നടത്തേണ്ടതുണ്ടെന്നും നീരവ് പറയുന്നു.

Also Read: “ഞങ്ങളുടെ ചില സഹപ്രവര്‍ത്തകരെ ബിജെപി ഹരിയാനയില്‍ ബന്ദികളാക്കിയിരിക്കുന്നു”, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

DONT MISS
Top