ഇംഗ്ലീഷില്‍ പരാതിപ്പെടുന്ന ഇന്‍ഡോറിലെ ‘പിഎച്ച്ഡി’ പഴം വില്‍പ്പനക്കാരി; വീഡിയോ വൈറലാകുന്നു

ഇന്‍ഡോര്‍: റൈസ അന്‍സാരിയെന്ന പഴക്കച്ചവടക്കാരിയാണ് തന്റെ ഉപജീവനമാര്‍ഗ്ഗമായ  ഉന്തുവണ്ടിക്കച്ചവടത്തെ കൊറോണാ നിയന്ത്രണങ്ങളുടെ പേരില്‍ മുന്‍സിപ്പാലാറ്റി ജീവനക്കാര്‍ നിരന്തരമായി ഉപദ്രവിക്കുന്നുവെന്ന പരാതി ഉന്നയിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടോയെന്ന ചോദ്യത്തിനപ്പുറം, പരാതി ഉന്നയിക്കപ്പെടുന്നത് ഒഴുക്കുള്ള ഇംഗ്ലീഷിലാണെന്നതാണ് ജനത്തെ അത്ഭുതപ്പെടുത്തുന്നത്.

പരാതിക്കിടെ താങ്കളുടെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന ചോദ്യത്തോടാണ് ‘മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി’ ആണെന്ന് റൈസ അന്‍സാരി മറുപടി പറയുന്നത്. ഇന്‍ഡോറിലെ ദേവി അഹല്യ സര്‍വ്വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി എടുത്തിട്ടുള്ളതെന്ന് റൈസ ചേര്‍ത്തു പറയുന്നു.

‘കുറേക്കൂടി കൊള്ളാവുന്ന ഒരു ജോലിക്കായി എന്തുകൊണ്ട് ശ്രമിച്ചില്ലെ’ന്ന ചോദ്യത്തിന് ‘എനിക്കാരാണ് ജോലി തരിക’യെന്നാണ് റൈസ തിരികെ ചോദിക്കുന്നത്. കൊറോണ രോഗം പരത്തുന്നത് മുസ്ലിങ്ങളാണെന്ന വിശ്വാസം ഇപ്പോള്‍ കുറേക്കൂടി രൂഢമൂലമായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏതെങ്കിലും കോളെജോ, ഗവേഷണ സ്ഥാപനങ്ങളോ തനിക്ക് ജോലി തരുമെന്ന് കരുതാനാകില്ലെന്നാണ് റൈസ പറയുന്നത്.

Also Read: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സിബിഎസ്ഇയോടൊപ്പം ഐബിഎമ്മും

ഇന്‍ഡോറിലാണ് റൈസ അന്‍സാരി പഴക്കച്ചവടം നടത്തുന്നത്. കൊറോണ മഹാവ്യാധിയുടെ പേരില്‍ അടിക്കടി മാറ്റുന്ന തീരുമാനങ്ങളും, നിയന്ത്രണങ്ങളും തങ്ങളെ പോലുള്ളവരെ ഒരു സ്ഥലത്തും സ്ഥിരമായി നിര്‍ത്താതെ ഓടിക്കുകയാണെന്നാണ് അവര്‍ പരാതിപ്പെടുന്നു. ദശാബ്ദങ്ങളായി ഇതേ കച്ചവടം ചെയ്യുന്നവരാണ് തങ്ങളെന്നും, ഇങ്ങനെ തുടര്‍ന്നാല്‍ കുടുംബമെങ്ങനെ പോറ്റുമെന്നും അവര്‍ ചോദിക്കുന്നു.

ഇന്‍ഡോറില്‍ കഴിഞ്ഞ ബുധനാഴ്ച്ച കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 118ഓളം പേര്‍ക്കാണ്. ഏതാണ്ട് 6457 പേരാണ് ജില്ലയില്‍ ഇത് വരെ കൊവിഡ് ബാധിതര്‍.

Also Read: ആറന്മുള പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ ഇടത്ത് നിറഞ്ഞ് കുട്ടികള്‍ വരച്ച ചിത്രങ്ങള്‍

DONT MISS
Top