ഞൊടിയിടയില്‍ താരമായി ഒറീസ്സയിലെ അപൂര്‍വ്വ മഞ്ഞ കടലാമ

ഭുവനേശ്വര്‍: വെള്ളപൊക്കഭീഷണിയില്‍ നൂറിനോടടുത്ത മരണസംഖ്യയുമായി ഇന്ത്യയുടെ വേദനിക്കുന്ന മുഖമായി മാറിയ ഒറീസ്സ, മാസങ്ങള്‍ക്കു ശേഷം മറ്റൊരു പുതുജീവന്റെ പേരില്‍ കൗതുകവാര്‍ത്തകളില്‍ നിറയുകയാണ്. നൂറു ശതമാനവും മഞ്ഞനിറത്തില്‍ കാണപ്പെട്ട കടലാമയാണ് നിമിഷനേരം കൊണ്ട് ഒറീസ്സയിലെ താരമായി മാറിയത്.

ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറിനടുത്തുള്ള ബാലസോര്‍ എന്ന ജില്ലയിലാണ് മഞ്ഞനിറത്തിലുള്ള അപൂര്‍വമായ കടലാമയെ കണ്ടെത്തിയത്. നിറത്തിന്റെ പ്രത്യേകത മൂലം ആമ വളരെ പെട്ടന്ന് തദ്ദേശീയര്‍ക്ക് പ്രിയങ്കരമായി തീരുകയായിരുന്നു. ഗ്രാമവാസികള്‍ ആമയെ ഫോറസ്റ്റ് അധികതര്‍ക്ക് പിന്നീട് കൈമാറി.

“രക്ഷപ്പെടുത്തിയ ആമയുടെ മുഴുവന്‍ ഷെല്ലും ശരീരവും മഞ്ഞയാണ്. ഇതൊരു അപൂര്‍വ ആമയാണ്, ഇതുപോലൊന്നിനെ ഞാന്‍ കണ്ടിട്ടില്ല,” വന്യജീവി വാര്‍ഡനായ ഭാനൂമിത്ര ആചാര്യ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

എന്നാല്‍ ആമയുടെ ഈ പ്രത്യേകതക്ക് കാരണം ‘ആല്‍ബിനിസം’ എന്ന ശാരീരിക അവസ്ഥയാണെന്നാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഓഫീസറായ സുശന്ത നന്ദ ട്വിറ്ററില്‍ കുറിച്ചത്. കണ്ണുകളിലോ ചര്‍മ്മത്തിലോ, അല്ലെങ്കില്‍ മുടിയിലുമൊക്കെയായി കാണപ്പെടുന്ന പിഗ്മെന്റേഷന്റെ അഭാവമാണ് ആല്‍ബിനിസം. പാരമ്പര്യമായി കൈമാറ്റം ചെയ്തു കിട്ടപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ആല്‍ബിനിസം. ഈ അവസ്ഥ സസ്തനികള്‍, മത്സ്യം, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവയെ ബാധിക്കുന്നതാണ്.

DONT MISS
Top