ഇലോണ്‍ മസ്‌കിന്റെ പദ്ധതി വെളിപ്പെട്ടു, സെക്കന്റില്‍ ഒരു ജിബി വേഗതയുള്ള ഡാറ്റാ ലോകത്തെവിടെയും

സ്‌പെയ്‌സ് എക്‌സ് സാറ്റലൈറ്റുകള്‍ തുടരെത്തുടരെ ഇലോണ്‍ മസ്‌ക് വിക്ഷേപിക്കുകയാണ്. ജൂണ്‍ അവസാനവാരം വിക്ഷേപിച്ചത് ഉള്‍പ്പെടെ 540 ഉപഗ്രഹങ്ങള്‍. മസ്‌കിന്റെ പദ്ധതിയില്‍ ഉള്ള എല്ലാ ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെടുമ്പോള്‍ ഭൂമിയെ പൊതിയുന്ന ഒരു വലപോലെ ഇത് കാണപ്പെടും. ഇതുകൊണ്ട് എന്താണ് മസ്‌ക് ഉദ്ദേശിക്കുന്നത് എന്ന് സംശയങ്ങള്‍ എല്ലായ്‌പോഴും നിലനിന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പദ്ധതി അദ്ദേഹംതന്നെ തുറന്നുപറഞ്ഞിരിക്കുന്നു. സെക്കന്റില്‍ ഒരു ജിബി വേഗമുള്ള ഇന്റര്‍നെറ്റ്, എല്ലായിടത്തും!

കേബിളുകളില്ലാതെ, ടവറുകളില്ലാതെ, ടവറുകള്‍ക്കും കേബിളുകള്‍ക്കും ചെലവാകുന്ന ഭീമമായ വൈദ്യുതിയില്ലാതെ, ഭൂമിയില്‍ ഒരു മുറിപോലും പണിത് ഇന്റര്‍നെറ്റ് സേവനത്തിനായി നീക്കിവെക്കാതെ എല്ലാവര്‍ക്കും വേണ്ടതായ ഡാറ്റ ആകാശത്തുനിന്നും എത്തും! വേഗതയാകട്ടെ സെക്കന്റില്‍ ഒരു ജിബി എന്ന കണക്കിലും. ഇതാണ് ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്ന്.

ഒരു റിസീവര്‍ അഥവാ ഒരു ഡിഷ് ആന്റിനാ വഴിയാണ് ഈ ഡാറ്റാ ജനങ്ങള്‍ക്ക് ലഭിക്കുക. ഒരു ടിവി ചാനല്‍ ലഭ്യമാകുന്നതുപോലെ ഈ ഡിഷില്‍നിന്നും ഇന്റര്‍നെറ്റ് നേരിട്ട് ലഭിക്കും. അമേരിക്കയിലും കാനഡയിലും ബീറ്റാ ടെസ്റ്റുകള്‍ സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് എന്ന പദ്ധതി നടത്തുന്നുണ്ട്. ഇപ്പോള്‍ ലഭ്യമായ 540 ഉപഗ്രഹങ്ങള്‍ വഴിയാണ് ഇത് ലഭിക്കുന്നത്. സ്റ്റാര്‍ലിങ്കിന്റെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്താല്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് ടെസ്റ്റില്‍ പങ്കാളിയാകാനുള്ള ഉപകരണങ്ങള്‍ ലഭിക്കും.

800 ഉപഗ്രങ്ങളെങ്കിലും വിക്ഷേപിച്ചാല്‍ മാത്രമേ ഈ രണ്ട് രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ടെസ്റ്റ് ചെയ്യാനെങ്കിലും ഇന്റര്‍നെറ്റ് പൂര്‍ണമായി ലഭിക്കൂ. ഓരോ പ്രദേശങ്ങള്‍ സ്റ്റാര്‍ലിങ്ക് ഈ പദ്ധതിയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് താന്‍ ട്വീറ്റ് ചെയ്യുന്നതെന്ന് കാണിച്ച് ഇലോണ്‍ മസ്‌ക് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ 12,000 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കാന്‍ സ്‌പെയ്‌സ് എക്‌സ് പദ്ധതിയിടുന്നത്. സ്റ്റാര്‍ലിങ്ക് പ്രോജക്ട് പൂര്‍ണരൂപത്തില്‍ ലോകത്തെമ്പാടുമായി പ്രവര്‍ത്തനക്ഷമമാകാന്‍ ഇത്രയും കൃത്രിമോപഗ്രഹങ്ങള്‍ വേണ്ടിവരും. പിന്നീട് ഉപഗ്രഹങ്ങളുടെ എണ്ണം 42,000 ആയി ഉയര്‍ത്താനും മസ്‌കിന് പദ്ധതിയുണ്ട്.

ഈ പദ്ധതി നിലവിലെത്തിയാല്‍ ഒരുമാതിരിപ്പെട്ട ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കെല്ലാം പൂട്ടിക്കെട്ടേണ്ടിവരും. പോക്കറ്റില്‍ ഒതുങ്ങുന്ന വിലയ്ക്ക് ഡാറ്റയും നല്‍കിത്തുടങ്ങിയാല്‍ അതൊരു വിപ്ലവമായിരിക്കും. അവികസിത രാജ്യങ്ങളുടെ മുക്കുംമൂലയും മുതല്‍ അന്റാര്‍ട്ടിക്കയില്‍ പര്യവേഷണം നടത്തുന്നവര്‍ക്കുവരെ ഒരേ വേഗതയിലും നിലവാരത്തിലും ഇന്റര്‍നെറ്റ് ലഭിക്കുക എന്നത് ചെറിയ കാര്യമല്ല.

Also Read: ഇന്ന് 821 പേര്‍ക്ക് കൊവിഡ്; ഞെട്ടിക്കുന്ന വര്‍ദ്ധനവ്; സംസ്ഥാനത്ത് അതീവജാഗ്രത

DONT MISS
Top