സാധാരണക്കാരന്റെ മനസ്സുപകര്‍ത്തിയ സുധാകര്‍ മംഗളോദയത്തെ ഓര്‍ത്തെടുക്കുമ്പോള്‍

സുധാകര്‍ മംഗളോദയം അന്തരിച്ചുവെന്ന വാര്‍ത്ത ലേശം അവിശ്വസനീയതയോടെയാണ് കേള്‍ക്കാനായത്. കാരണം മറ്റൊന്നുമല്ല, 70കളുടെ അന്ത്യത്തിലും, 80കളിലുമൊക്കെ ജനിച്ചവര്‍ക്ക് അവരുടെ വായനയെ സ്വാധീനിച്ച ഒരുകൂട്ടം എഴുത്തുകാരുടെ കൂട്ടത്തില്‍ നിന്നും ശ്രീ സുധാകര്‍ മംഗളോദയത്തെ മാറ്റി നിര്‍ത്താനാകില്ല എന്നതുകൊണ്ട് തന്നെ. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ കണ്ണോടിക്കവെ നിര തെറ്റിയതെങ്കിലും തെളിച്ചമുള്ള ഒരു പറ്റം ഓര്‍മകളാണ് കയറി വരിക.

അന്നത്തെ ഒരു രീതി ഏറെക്കുറെ പിന്തുടര്‍ന്നിരുന്ന വീട്ടകങ്ങളില്‍ വായന പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും, പൈങ്കിളി സാഹിത്യമെന്ന പേരില്‍ കോട്ടയം ആസ്ഥാനമായി വരുന്ന പല ജനപ്രിയ വാരികകളും അതിന്റെ വായനയും നിഷിദ്ധമായിരുന്നു. അക്കാലങ്ങളില്‍ യുവത്വം ആഘോഷിച്ചിരുന്ന പല കഥകളും ‘അന്നത്തെ കുട്ടികള്‍’ കേള്‍ക്കാതെ രഹസ്യമായ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതായിരുന്നു. കുട്ടികള്‍ക്കായി മാറ്റി വെച്ചിരുന്നത് ഉപദേശങ്ങളും, പ്രചോദനവും നിറഞ്ഞ വരേണ്യകഥകളായിരുന്നു. എങ്കിലും മുതിര്‍ന്ന ചേട്ടന്‍മാരുടേയും ചേച്ചിമാരുടെയും സംഭാഷണങ്ങളില്‍ നിന്നും വീണു കിട്ടുന്ന വല്ല തുമ്പും വാലുമൊക്കെ അന്നത്തെ കുട്ടികളുടെ ഭാവനാപ്രപഞ്ചത്തിന് പിടിപ്പിച്ചു തന്ന അലകും പിടിയെയും പറ്റി എന്ത് പറയാനാണ് !!

അങ്ങനെയിരിക്കെയാണ് 80കളുടെ അവസാനത്തിലോ മറ്റോ മനോരമ ആഴ്ച്ചപ്പതിപ്പില്‍ കനകചിലങ്കയെന്ന നോവല്‍ തുടങ്ങുന്നത്. ദേവശില്പികളായ ബ്രഹ്മാവിനെയും, വിശ്വാമിത്രനെയും വരെ ലജ്ജിപ്പിക്കുന്ന തരം ‘എല്ലാം തികഞ്ഞ’ ചിത്രങ്ങളുമായിട്ട് പുറത്തിറങ്ങിയിരുന്ന മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ഒരു പുതിയ സംരഭമായിരുന്നു കനകച്ചിലങ്കയെന്ന നോവല്‍. കഥക്കനുയോജ്യമായ ചിത്രങ്ങളായിരുന്നു ആ നോവലില്‍ ഉപയോഗിച്ചിരുന്നത്. ആ പ്രത്യേകതയില്‍ മനസ്സുടക്കി വീട്ടുകാരുടെ അനുമതി നേടി സുധാകര്‍ മംഗളോദയമെന്ന നോവലിസ്റ്റിനെ ആദ്യമായി പരിചയപ്പെട്ട പലരും ഇവിടെ കണ്ടേക്കും. പോകെപോകെയാണ് വളരെ ആവേശമുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങളാല്‍ നിറഞ്ഞ ഈ നോവല്‍ കാഴ്ച്ചക്കുമപ്പുറമാണെന്ന് വെളിപ്പെട്ടുതുടങ്ങിയിട്ടുണ്ടാകുക. നായകന്റെ മരിച്ചുപോയ ആദ്യഭ്യാര്യയുടെ ഓര്‍മ്മകളും, ചിഹ്നങളും പേറുന്ന വീടും മറ്റുമായിരുന്നു അതിന്റെ കഥാതന്തുവും പരിസരവും എന്നാണോര്‍മ്മ. ഓരോ വരികളും, ഓരോ ഭാഗവും അത്രക്കും പിടിച്ചിരുത്തുന്നതായിരുന്നു. ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്റെ ഊഷ്മളതയെയും, പരിഗണനകളെയും, ആശങ്കകളെയുമെല്ലാം മനോഹരമായി അവതരിപ്പിച്ച കനകച്ചിലങ്ക അദ്ദേഹത്തിന്റെ എണ്ണം പറഞ്ഞ സൃഷ്ടികളില്‍ ഒന്ന് തന്നെയാകണം.

രോമാഞ്ചദായകവും, ഉദ്വേഗജനകവുമായ കഥകളാല്‍ സാധാരണക്കാരായ അനുവാചകരെ വായനയുടെ ലഹരിയിലേക്ക് ആകര്‍ഷിച്ചു നിര്‍ത്തിയ അതികായന്മാരില്‍ ഒരാളായിരുന്നു സുധാകര്‍ മംഗളോദയം എന്ന സുധാകര്‍ പി നായര്‍. അപ്രതീക്ഷിതസാഹചര്യത്തില്‍ ഒരു കൂട്ടുകുടുംബത്തിന്റെ താങ്ങും തണലുമായ് മാറേണ്ടി വരുന്ന സാധുവായ മരുമകളുടെ കഥ പറയുന്ന നന്ദിനിയോപ്പോള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞതാണ്. തന്റെ വരികളിലൂടെ വാരികയിലും പിന്നീട് ചലചിത്രത്തിന് സംഭാഷണമൊരുക്കിയും അദ്ദേഹം ഈ കഥക്ക് കൂടുതല്‍ നാടകീയമായ പരിവേഷം നല്‍കി. ഈ കഥ വായിച്ചും, സിനിമ കണ്ടും നെഞ്ചു കലങ്ങിയവരെയും ഇപ്പോഴും കണ്ടെത്താനാകും.

ഒരു പ്രമുഖന്റെ കൊലപാതകവും, തുടര്‍ന്നുള്ള പൊലീസ് അന്വേഷണവും, അന്വേഷണത്തില്‍ സംശയിക്കപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ജീവിതപശ്ചാത്തലവും ചേര്‍ന്നുള്ള ആവേശകരമായ കഥ പറയുന്ന ‘കരിയിലക്കാറ്റു പോലെ’ എന്ന പത്മരാജന്‍ ചിത്രത്തിന്റെ നട്ടെല്ല് ശ്രീ സുധാകര്‍ മംഗളോദയത്തിന്റേതാണ്. അതുല്യസംവിധായകന്റെ മികവിനെ കണക്കിലെടുത്തുകൊണ്ടു തന്നെ പറയട്ടെ ശില്‍പ്പ, തുളസി, പാര്‍വ്വതി എന്നീ മൂന്നു കഥാപാത്രങ്ങളെയും അവരുടെ കൃത്യമായ വിചാരവികാരങ്ങളെയും എത്രമാത്രം ബോധ്യപ്പെടുത്തും വിധത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നത് കഥാകാരന്റെ കൂലങ്കഷമായ ചിന്തകളെക്കൂടി എടുത്തു കാണിക്കുന്നതാണ്.

ചാരുലത, ചിറ്റ, നിറമാല എന്നിങ്ങനെ മിക്കവാറും സ്ത്രീപക്ഷകഥകള്‍ പറയുന്ന, സ്ത്രീകളുടെ ചിന്തകളെയും ജീവിതത്തെയും അടുത്തറിഞ്ഞു കൊണ്ടെന്ന വണ്ണം ഭാഷ്യങ്ങള്‍ ചമച്ചുകൊണ്ടിരുന്ന ഒരു കഥാകാരനായിരുന്നു ശ്രീ സുധാകര്‍ മംഗളോദയം. അദ്ദേഹത്തിന്റെ രചനകളും അതിലെ വിശദാംശങ്ങളും ഇന്നും മലയാളികള്‍ക്ക് അടുത്തറിയാവുന്നതും പ്രസക്തമായതുമായതുമായ പല കുടുംബങ്ങളെയും, പല വ്യക്തികളെയും വരച്ചിടുന്നതാണെന്നതില്‍ തര്‍ക്കമില്ല. മാത്യു മറ്റം, കമല ഗോവിന്ദ് മുതലായവരുടെ സമകാലീനനായിരുന്ന സുധാകര്‍ മംഗളോദയത്തിന്റെ വിയോഗം മലയാളസാഹിത്യാസ്വാദകരില്‍ പലര്‍ക്കും തങ്ങളുടെ ഒരു കാലത്തെ അടയാളപ്പെടുത്തിയ വ്യക്തിയുടെ വിയോഗം തന്നെയാകും.

DONT MISS
Top