നാല് വാക്‌സിനുകള്‍ വിജയത്തോടടുത്തുവെന്ന്; സന്തോഷവാര്‍ത്ത ഉടനെത്തുമോ?


ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുകയെന്നത് ഇപ്പോള്‍ ലോകത്തിന്റെ അടിയന്തര ആവശ്യവും വാശിയുമാണ്. കൊവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ശക്തികളുള്‍പ്പടെ ഒരു വാക്‌സിനുവേണ്ടി നിരന്തര പരിശ്രമങ്ങളിലായിരുന്നു. 13,759,442 ആളുകളിലേക്ക് അതിവേഗം ഈ പൊതുശത്രു വ്യാപിച്ചു കഴിഞ്ഞ ഘട്ടത്തില്‍ നാല് ഗവേഷണ സ്ഥാപനങ്ങള്‍ തങ്ങള്‍ വാക്‌സിന്‍ വിജയത്തിന്റെ തൊട്ടടുത്തെത്തിയെന്ന അവകാശ വാദവുമായി മുന്നോട്ടു വന്നിട്ടുണ്ട്. മനുഷ്യരില്‍ സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന ഘട്ടത്തിലേക്ക് ഈ വാക്‌സിനുകള്‍ എത്തിനില്‍ക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. വാക്‌സിന്‍ വിപണിയില്‍ ലഭ്യമായാല്‍ത്തന്നെ ആര്‍ക്ക് ആദ്യം എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകം മുഴുവന്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്തയിലേക്ക് നമ്മള്‍ അടുത്തെത്തിയെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ആദ്യ പരീക്ഷണങ്ങള്‍ വിജയം
ആസ്ട്രാസെനേക്ക എന്ന മരുന്ന് നിര്‍മ്മാണ കമ്പനിയുമായിച്ചേര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച വാക്‌സിനെ ലോകം വളരെ പ്രതീക്ഷയോടെയാണ് സ്വീകരിക്കാനിരിക്കുന്നത്. ലോകം ഏറ്റവും ആധികാരികമെന്ന് വിധിക്കുന്ന ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള വാക്‌സിന്‍ ഏറ്റവും വിഷമം പിടിച്ച ആദ്യ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ച് മനുഷ്യരിലെ പരീക്ഷണത്തിന് യോഗ്യത നേടിയെന്നത് ഈ ഘട്ടത്തില്‍ പുറത്തുവരുന്ന ഏറ്റവും സുപ്രധാനമായ വാര്‍ത്തയാണ്. കൊവിഡ് രോഗത്തിനെതിരെ ഫലപ്രദമായ ആന്റി ബോഡി ടി സെല്‍ പ്രതിരോധമുയര്‍ത്തുന്ന ഈ വാക്‌സിന്‍ കൊവിഡിനെ ലോകത്തുനിന്ന് തുടച്ചുനീക്കിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Also Read:- കൊറോണ വൈറസിനെ മലര്‍ത്തിയടിക്കുമോ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍? ആദ്യപരീക്ഷണം വിജയകരം

റഷ്യയിലെ സര്‍വ്വകലാശാല കണ്ടെത്തി എന്നവകാശപ്പെട്ട വാക്‌സിന് എന്ത് സംഭവിച്ചു?
കൊവിഡ് രോഗത്തിനെതിരെ ആദ്യ വാക്‌സിന്‍ കണ്ടുപിടിച്ചു, എല്ലാ പരീക്ഷണ ഘട്ടങ്ങളും പൂര്‍ത്തിയായി എന്ന് അവകാശപ്പെട്ടുകൊണ്ട് റഷ്യയിലെ സെഷനോവ് സര്‍വ്വകലാശാല രംഗത്തെത്തിയത് ലോകം കൗതുകത്തോടെയും പ്രതീക്ഷയോടെയുമാണ് നോക്കിയിരുന്നത്. പ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഗവേഷകരുടെ നിലപാടിന് മാറ്റമില്ലെന്നത് ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തതന്നെയാണ്. ആഗസ്റ്റ് മാസം പകുതിയോടെ വാക്‌സിന്‍ വിപണിയിലിറക്കാനാകുമെന്നാണ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ വാദം. എന്നാല്‍ ഈ വാക്‌സിന്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്‌പോലെ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയതായി ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടില്ല. സംഘടനയുടെ അംഗീകാരത്തിനായി ഈ വാക്‌സിന്‍ ഇനിയും ചില ഘട്ടങ്ങള്‍ മറികടക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെ മോഡേര്‍ണയും വിജയത്തിലേക്ക്
അമേരിക്കയിലെ വാഷിംഗ്ടണ്‍ ഹെല്‍ത്ത് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മോഡേര്‍ണയും വിജയത്തിലേക്കടുക്കുന്നുവെന്നാണ് സൂചന. മാര്‍ച്ച് 16 നാണ് ഈ വാക്‌സിന്‍ പരീക്ഷണങ്ങളുടെ ആദ്യഘട്ടം നേരിട്ടുതുടങ്ങിയത്. ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ സമയത്ത് തന്നെ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ച ഈ മരുന്ന് പ്രതീക്ഷയുടെ മരുപ്പച്ചയാകുകയാണ്. ഈ വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണഫലങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചതും വാക്‌സിന്‍ സംബന്ധിച്ച കാര്യങ്ങളിലെ സുതാര്യത വര്‍ദ്ധിപ്പിച്ചിരുന്നു.

ബിഗ് ഗെയിമിലേക്ക് ഇന്ത്യയും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസേര്‍ച്ചും ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിക്കുന്ന കൊവാക്‌സിന്‍ ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചേക്കുമെന്ന് തന്നെയാണ് ഓരോ ഇന്ത്യക്കാരുടേയും പ്രതീക്ഷ. ഇവയും ആദ്യഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി മനുഷ്യരിലെ പരീക്ഷണത്തിന് അംഗീകാരം നേടിയത് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്.

Also Read:- 260 കോടിയുടെ പാലം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞുവീണു; നിതീഷ്‌ കുമാറിനെതിരെ പ്രതിഷേധം ശക്തം

DONT MISS
Top