നിമിഷങ്ങള്‍ കൊണ്ട് 10 ലക്ഷം കവര്‍ന്ന് ബാലന്‍: മണി ഹെയ്‌സ്റ്റിനെ വെല്ലും ചടുലത

ഭോപ്പാല്‍: കൊവിഡ് ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുപ്പ് ശീലമാക്കേണ്ടി വന്ന മിക്കവരും സിനിമയും സീരീസുമൊക്കെയായിട്ടാകും സമയം കളഞ്ഞിട്ടുണ്ടാകുക. ദ ഇറ്റാലിയന്‍ ജോബ്, ഇന്‍സെപ്ഷന്‍ തുടങ്ങിയ ചിത്രങ്ങളും ബ്രേക്കിംഗ് ബാഡ്, മണി ഹെയ്‌സ്റ്റ് തുടങ്ങിയ സീരീസുകളും അതിലെ ചടുലമായ നീക്കങ്ങളും ഈ ദുരിതകാലത്തും ആവേശകരമായ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ തരം യാതൊരു സാഹചര്യത്തിനും ഇടനല്‍കാതെ വെറും നിമിഷങ്ങള്‍ കൊണ്ട് 10 ലക്ഷംരൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ ഒരു കൊച്ചുപയ്യനാണ് ‘ക്രിമിനല്‍ ഇന്ത്യ’യുടെ ഇന്നത്തെ താരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മദ്ധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദെന്ന പ്രദേശത്തു നിന്നും വാര്‍ത്തക്കാസ്പദമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഏതാണ്ട് 10-12 വയസ്സുള്ള ഒരു ബാലനാണ് ബാങ്കിന്റെ തിരക്കേറിയ പ്രവൃത്തിസമയങ്ങളില്‍ കാഷ് കൗണ്ടറിലേക്ക് കടന്നുചെന്ന് 500ന്റെ രണ്ടുകെട്ടുകളുമെടുത്തു കൊണ്ട് അനായാസമായ് കടന്നുകളയുന്നത്.

പയ്യന്‍ വളരെ സാധാരണമട്ടില്‍ ബാങ്കിന്റെ വാതില്‍വരെ എത്തുന്നുവെങ്കിലും ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥരിലാരോ അലാം പ്രവര്‍ത്തിപ്പിക്കുകയും അപകടം മണത്ത കുട്ടി പിടിതരാതെ പുറത്ത് കാത്തുനിന്ന തന്റെ മുതിര്‍ന്നകൂട്ടാളിയോടൊപ്പം രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തെ പറ്റി പൊലീസിന്റെ വിശദീകരണത്തില്‍ പുറത്തുകാത്തു നിന്ന ആ വ്യക്തിയാകണം ഈ പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍. കാഷ്‌കൗണ്ടറില്‍ നിന്നും കാഷ്യര്‍ മാറിയ സമയം നോക്കി കൊച്ചുകൂട്ടാളിയെ അകത്തേക്കു കയറ്റിവിട്ടത്തിനു പിന്നില്‍ ഇയാളാകാമെന്നാണ് പൊലീസ് കരുതുന്നത്. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ കുട്ടിയുടെ മുഖം വ്യക്തമായില്ലെന്നത് അന്വേഷണത്തിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും പൊലീസ് അറിയിക്കുന്നു. എങ്കിലും ബാങ്കിന്റെ പുറത്തുള്ള കടകളിലും, ബാങ്കിന്റെ സെക്യൂരിറ്റി ഏജന്റിനെയും, സംശയാസ്പദരായ എല്ലാ വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു.

Also Read: എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യും

DONT MISS
Top