പല രാജ്യങ്ങളും തെറ്റായ പാതയിലാണ് നീങ്ങുന്നത്; കൊവിഡ് സാഹചര്യം ഇനിയും രൂക്ഷമായേക്കുമെന്ന് ലോകാരോഗ്യ സംഘടന


കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ പല രാജ്യങ്ങളും തെറ്റായ പാതയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം. ഈ രോഗത്തിന് ഇതിലും മോശമായ സാഹചര്യങ്ങള്‍ ലോകത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. കൊവിഡ് നിയന്ത്രണങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതില്‍ ലോകരാജ്യങ്ങള്‍ വീഴ്ച്ച വരുത്തിയാല്‍ മാരകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ടെഡ്രോസ് അഥനോം ഓര്‍മ്മിപ്പിച്ചു.

‘ഇപ്പോഴും കൊവിഡ് തന്നെയാണ് നമ്മുടെയെല്ലാം ശക്തനായ പൊതു ശത്രു. അതിനോട് പൊരുതുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ അവസ്ഥകള്‍ വീണ്ടും വീണ്ടും വഷളാകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടത്.’ അഥനോം അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. ലോകരാജ്യങ്ങള്‍ കൊവിഡ് വ്യാപനത്തോത് വര്‍ദ്ധിക്കുന്നതിനനുസരിച്ച് രോഗം സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ പോലും മറന്നുപോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

13 മില്യണ്‍ ആളുകളിലേക്ക് കൊവിഡ് വ്യാപിച്ചുകഴിഞ്ഞ ഘട്ടത്തില്‍ അവസ്ഥകള്‍ രാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മഹാമാരിക്കാലത്ത് ലോകാരോഗ്യസംഘടനയുടേയും അഥനോമിന്റെയും പ്രവര്‍ത്തനങ്ങള്‍ തീരെ മോശമായിരുന്നുവെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

Also Read: സന്ദീപും സ്വപ്‌നയും സരിത്തും ചേര്‍ന്ന് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ട്

DONT MISS
Top