260 കോടിയുടെ പാലം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിഞ്ഞുവീണു; നിതീഷ്‌ കുമാറിനെതിരെ പ്രതിഷേധം ശക്തം

ബിഹാര്‍: ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ബിഹാറില്‍ 260 കോടിയുടെ പാലം പൊളിഞ്ഞുവീണു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഗണ്ഡക്ക് നദിയ്ക്ക് കുറുകെ നിര്‍മ്മിച്ച 150 കിലോമീറ്റര്‍ നീളത്തിലുള്ള പാലം തവിടുപൊടിയായത്. 8 വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം അവസാനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്ത പാലമാണ് തകര്‍ന്നടിഞ്ഞത്. പാലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നദിയിലേക്ക് വീണു. പാലത്തിന്റെ തൂണുകള്‍ക്ക് നദിയുടെ ചലനം മൂലമുണ്ടായ മര്‍ദ്ദം താങ്ങാനാകാതെ വന്നതാണ് പാലം പൊളിയാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം വിദഗ്ധര്‍ വ്യക്തമാക്കിയത്.

ബിഹാര്‍ രാജ്യ പുല്‍ നിര്‍മ്മാണ്‍ ലിമിറ്റഡാണ് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലം പണി ഏറ്റെടുത്തത്. പാലം തകര്‍ന്ന് വീണ ഉടന്‍ തന്നെ സര്‍ക്കാര്‍ അധികൃതരും എഞ്ചിനീയര്‍മാരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. നദിയ്ക്ക് ഇരുവശവുമുള്ള കിഴക്കന്‍ ചമ്പാരന്‍ നഗരവും ഗോപാല്‍ഗഞ്ചും തമ്മിലുള്ള ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സത്തര്‍ഘട്ട പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതുകൂടാതെ പാലം സിവാന്‍, സാരന്‍ മുതലായ ജില്ലകളിലേക്കുള്ള ഗതാഗതവും എളുപ്പമാക്കിയിരുന്നു.

പാലത്തിന് കാര്യമായ കേടുപാടുകള്‍ ഒന്നുമില്ലെന്നും ഒരു സ്ലാബ് മാത്രമാണ് തകര്‍ന്നതെന്നുമായിരുന്നു ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി നന്ദ കിഷോറിന്റെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ അനാവശ്യവാശിയാണ് പാലം പൊളിയാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാലത്തിന്റെ ക്രെഡിറ്റ് തനിക്കുകിട്ടാനായി നിതീഷ്‌ കുമാര്‍ പണിപൂര്‍ത്തിയാകാത്ത ബലമില്ലാത്ത പാലം ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നുവെന്ന് ആര്‍ജെഡി ആരോപിച്ചു. ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം പാലവും കെട്ടിടങ്ങളും പൊളിഞ്ഞുവീഴുന്നത് നിതീഷ്‌ കുമാറിന്റെ ഭരണത്തിനുകീഴില്‍ പതിവാകുകയാണെന്നും അഴിമതിയും വന്‍ പദ്ധതികളുടെ പേരിലുള്ള കൊള്ളയും നാട്ടില്‍ പെരുകുകയാണെന്നും ആര്‍ജെഡി പറഞ്ഞു.

Also Read:- നിയമസഭ സമ്മേളനം ഈ മാസം 27 ന്

DONT MISS
Top