കൊറോണ വൈറസിനെ മലര്‍ത്തിയടിക്കുമോ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍? ആദ്യപരീക്ഷണം വിജയകരം

കൊറോണവൈറസ് വാക്സിനുമായ് ബന്ധപ്പെട്ട സന്തോഷകരമായ വാര്‍ത്തക്കായി ലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണല്ലോ. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമൊക്കെ വാക്സിനെ സംബന്ധിച്ച ശുഭവാര്‍ത്തകളുടെ പരാമര്‍ശം പലപ്പോഴായ് അറിഞ്ഞും വരുന്നുണ്ട്. എന്നാല്‍ കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആദ്യപരീക്ഷണം വിജയകരമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം ബ്രസീലില്‍ ആരംഭിച്ചിരുന്നു. ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരാണ് കൊറോണവാക്സിനു വേണ്ട പരീക്ഷണത്തിന് വിധേയരാകുന്നത്.

ഗവേഷകരുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്ന തരത്തിലുള്ള ആന്റിബോഡി, ടി-സെല്‍ (കില്ലര്‍ സെല്‍) പ്രതികരണമാണ് വാക്സിന്‍ സൃഷ്ടിക്കുന്നതെന്ന് ഐടിവി എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണ്‍ പറഞ്ഞു. ഓക്സ്ഫോര്‍ഡ് വാക്സിന്‍ ഫലപ്രദമെന്ന് തെളിഞ്ഞാല്‍, സെപ്റ്റംബറോടെ വന്‍തോതിലുള്ള ഉല്‍പാദനം തുടങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ഈ വാക്‌സിനേഷനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുമെന്ന് ഐടിവി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ലണ്ടനില്‍ അസ്ട്രാസെനെക്കയുടെ ഓഹരി വില 5 ശതമാനം ഉയര്‍ന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ക്കൊപ്പം അസ്ട്രാസെനെക്ക കമ്പനിയും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ഒരു ഡസനിലധികം വ്യത്യസ്ത വാക്സിനുകളാണ് പരിശോധനയുടെ വിവിധ ഘട്ടങ്ങളിലൂടെ ഇപ്പോള്‍ കടന്നുപോകുന്നത്. ബ്രിട്ടന്‍, ചൈന, യുഎസ് എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയും കൊവിഡിനെതിരെയുള്ള വാക്സിന്‍ സൃഷ്ടിക്കാനുള്ള തീവ്രയഞ്ജത്തിലാണ്. സുരക്ഷിത കൊറോണ വൈറസ് വാക്സിന്‍ വികസിപ്പിച്ചെന്ന വാര്‍ത്തയുമായ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരിലാണ് റഷ്യയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഗുരുതരമായ പ്രതികൂല സംഭവങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ സങ്കീര്‍ണതകളോ പാര്‍ശ്വഫലങ്ങളോ ഇല്ലാതെ 18 പേരില്‍ വാക്സിന്‍ വിജയിച്ചതായും മന്ത്രാലയം അറിയിച്ചിരുന്നു.

Also Read: ശുഭാപ്തിവിശാസത്തിന് അവധി കൊടുക്കേണ്ട, കൊവിഡ് കാലത്തെക്കുറിച്ച് ആശ്വസിക്കാന്‍ ആറ് നല്ല വാര്‍ത്തകള്‍

DONT MISS
Top