ദേശീയമൃഗത്തിന്റെ ‘രാജകീയവിശ്രമം’; ഫ്‌ളൈഓവറില്‍ ഗതാഗതം തടസ്സപ്പെട്ടു

മധ്യപ്രദേശ്: യാത്രക്കാര്‍ക്ക് ഒരേസമയം കൗതുകവും ആശങ്കയും പരത്തിക്കൊണ്ട് നടുറോഡില്‍ വിശ്രമിക്കുന്ന കടുവ വാര്‍ത്തയിലേക്ക്. മധ്യപ്രദേശിലെ ഒരു ഫ്‌ളൈഓവറിലാണ് യാതൊരല്ലലുമില്ലാതെ വിശ്രമിക്കുന്ന കടുവയെ കണ്ടത്. കടുവ വിശ്രമിക്കുമ്പോള്‍ റോഡില്‍ കാത്തുനില്‍ക്കേണ്ടി വന്ന ദൃക്സാക്ഷികളാണ് ഈ രംഗം പകര്‍ത്തിയത്. പങ്കുവെക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം ഈ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി.

സിയോണി ജില്ലയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പെഞ്ച് നാഷണല്‍ പാര്‍ക്കിന്റെ പരിസ്ഥിതി സംരക്ഷണമേഖലക്കുള്ളില്‍ വരുന്ന ദേശീയപാത 7 ലാണ് സംഭവം. കടുവ പ്രത്യക്ഷപ്പെട്ട് റോഡിന് നടുവിലിരിക്കുമ്പോള്‍ ദൃക്സാക്ഷികള്‍ക്കിടയില്‍ ചെറുതല്ലാത്ത പരിഭ്രമമുണ്ടാവുകയും ഗതാഗതം നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഈ പ്രദേശത്ത് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാറിനുള്ളില്‍ നിന്ന് ചിത്രീകരിച്ച മറ്റൊരു വീഡിയോ റോഡിന് നടുവിലേക്ക് വന്നിരിക്കുന്ന കടുവയെ കാണിക്കുന്നതോടൊപ്പം വാഹനത്തിന് നേരെ ആക്രമണം നടത്തുമോ എന്ന് വെപ്രാളപ്പെടുന്ന സാക്ഷികളെയും കാണിക്കുന്നു. ആരെയും ആക്രമിക്കുകയോ വാഹനങ്ങളെ ഉപദ്രവിക്കുകയോ ചെയ്തില്ലെങ്കിലും കടുവയെ കണ്ടതായി ദൃക്സാക്ഷികള്‍ വനംവകുപ്പിനെ അറിയിച്ചു. പൊലീസ് സംഘവും പ്രദേശത്തെത്തി. എന്നാല്‍ കുറച്ചുനേരം വിശ്രമിച്ച ശേഷം യാതൊരു ബാഹ്യപ്രേരണയും കൂടാതെ കടുവ തിരികെ കാട്ടിലേക്ക് കയറിപ്പോയി.

ധാരാളം കടുവകള്‍ താമസിക്കുന്ന പെഞ്ച് ദേശീയ പാര്‍ക്കിന് സമീപമാണ് ഈ പ്രദേശം. കടുവകള്‍ക്കും മറ്റ് വന്യജീവികള്‍ക്കും എളുപ്പത്തില്‍ സഞ്ചരിക്കുന്നതിനായി ഇപ്പോള്‍ സിയോണി മുതല്‍ നാഗ്പൂര്‍ വരെയുള്ള ഹൈവേയില്‍ ഉയര്‍ന്ന പാതകള്‍ നിര്‍മ്മിക്കുന്നുണ്ട്.

Also Read: ശിവശങ്കരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്

DONT MISS
Top