മനംമയക്കും രുചിക്കും ഗന്ധത്തിനുമപ്പുറം അറിയാകഥകള്‍ വിളമ്പി ബസുമതി അരി

‘ബസുമതി അരി’യെ പറ്റിയോ, ‘ബസുമതി അരി’ക്ക് ഇന്ത്യയുമായുള്ള ബന്ധത്തെ പറ്റിയോ എടുത്തുപറയേണ്ടതില്ല. ബസുമതിയുടെ പേറ്റന്റ് ദൗര്‍ഭാഗ്യവശാല്‍ അമേരിക്കന്‍ കമ്പനിക്ക് പോയെങ്കിലും ‘സുഗന്ധം’ എന്നര്‍ത്ഥമുള്ള ‘ബസമതി’ എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ‘ബസുമതി’ ഉത്ഭവിച്ചതെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നൂറ്റാണ്ടുകളായി ഇത് കൃഷിചെയ്തു വരുന്നു. മാത്രമല്ല ഭാരതീയപാചകങ്ങളില്‍ ഇത് ഒരു പ്രധാനവിഭവവുമാണ്. മധ്യേഷ്യന്‍, പേര്‍ഷ്യന്‍, അറബ്, മറ്റ് മിഡില്‍ ഈസ്റ്റേണ്‍ പാചകരീതികളിലും ബസുമതി അരി ധാരാളമായി ഉപയോഗിക്കുന്നു. ബസുമതി അരിയുടെ കയറ്റുമതിയുടെ 65ശതമാനവും ഇന്നും ഇന്ത്യയില്‍ നിന്നുതന്നെയാണ്. പരമ്പരാഗതമായി ബസുമതികാര്‍ഷികരംഗത്തെ അതികായര്‍ എന്നനിലയില്‍ ബസുമതി അരിയുടെ അധികമറിയപ്പെടാത്ത, രസകരമായ ചിലവസ്തുതകളിലേക്ക് പോയിവരാം.

1. ഹൈഡ്രോകാര്‍ബണുകള്‍, ആല്‍ക്കഹോളുകള്‍, ആല്‍ഡിഹൈഡുകള്‍, എസ്റ്ററുകള്‍ എന്നിവ പോലുള്ള 100 വ്യത്യസ്ത സംയുക്തങ്ങളുള്ള ഒരു മിശ്രിതത്തില്‍ നിന്നാണ് ബസുമതി അരിക്ക് അതുല്യമായ സൗരഭ്യം ലഭിക്കുന്നത്. കൂടാതെ 2-അസറ്റൈല്‍-1 പൈറോലിന്‍ എന്നിവയും അരിക്ക് വിസ്മയാവഹമായ സുഗന്ധം നല്‍കുന്നു.

2. ഇന്ത്യയില്‍ എല്ലായിടത്തും ബസുമതികൃഷി സാദ്ധ്യമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ദില്ലി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ മാത്രമേ ഈയിനം കൃഷി ചെയ്യാനാകൂ.

Also Read: സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്‌; പദവികളില്‍നിന്ന് നീക്കി

3. നീളമുള്ളതും നേര്‍ത്തതുമാണല്ലോ ബസുമതി അരി. പാചകം ചെയ്യുമ്പോള്‍, ബസുമതി അരി അതിന്റെ ഇരട്ടി വലുപ്പത്തിലേക്ക് നീളുന്നുവെങ്കിലും മൊത്തത്തിലുള്ള ആകാരത്തിന് കാര്യമായ മാറ്റമുണ്ടാകുന്നില്ല. അതിനാല്‍, തീന്‍മേശയിലേക്ക് എത്തുമ്പോഴും ബസുമതി അതിന്റെ രാജകീയമായ രൂപം നിലനിര്‍ത്തുന്നു.

4. സാധാരണക്കാര്‍ക്കറിയാവുന്നതിലും എത്രയോ ഉയര്‍ന്ന പോഷകമൂല്യങ്ങളാണ് ബസുമതി അരിയിലുള്ളതെന്നറിയാമോ? വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റ് ഘടകങ്ങള്‍, എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. പുറമേ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാനും കരളിന്റെ കൃത്യമായ പ്രവര്‍ത്തനത്തിനും ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, സെലിനിയം ഒക്കെ സഹായകമാകുന്നു. പ്രതിരോധശേഷിയെ ശക്തിപ്പെടുത്താനും പരിക്ക്, വിവിധ രോഗങ്ങള്‍, അണുക്കള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ബസുമതി അരി ചെറുതല്ലാത്ത രീതിയില്‍തന്നെ സഹായകമാകുന്നു.

5. ധമനികള്‍ക്ക് ചുറ്റുമുള്ള ദോഷകരമായ കൊഴുപ്പുപാളികള്‍ ഉണ്ടാകുന്നതില്‍ നിന്നും, അവയ്ക്കുള്ളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതില്‍ നിന്നും ബസ്മതി അരി തടയുന്നു. തീര്‍ച്ചയായും ഇത് ഹൃദ്രോഗത്തിനും ധമനീരോഗത്തിനും സാധ്യത കുറയ്ക്കുന്നുവെന്നും ഒരു പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നു.

Also Read: റഷ്യയില്‍നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

6. സാധാരണയായി പ്രമേഹരോഗികളോട് അരിയാഹാരം കുറക്കാനോ ഒഴിവാക്കാനോ ആണ് വിദഗ്‌ദോപദേശം നല്‍കപ്പെടാറുള്ളത്. എന്നാല്‍ അരിഭക്ഷണപ്രിയരായ പ്രമേഹരോഗികള്‍ക്ക്
ബസുമതി അരി ഭക്ഷണശൈലിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കാരണം മറ്റൊന്നുമല്ല ബസുമതി അരി  ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവുസൂചികയാണ് ഗ്ലൈസെമിക് ഇന്‍ഡെക്‌സ്) കുറഞ്ഞ ധാന്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നതുതന്നെ. ബസുമതി അരിയില്‍ കൂടിയ അളവില്‍ കാണപ്പെടുന്ന ഫൈബര്‍, അന്നജം, പ്രോട്ടീന്‍ ദഹനസഹായിയായ അമിലേസ് എന്നിവയാണ് ബസുമതി അരിക്ക് ഗ്ലൈസെമിക് ഇന്‍ഡെക്‌സില്‍ സുരക്ഷിതമായ സ്ഥാനം നല്‍കിയിട്ടുള്ളത്.

7. മുന്‍പേ സൂചിപ്പിച്ച പോലെ ബസുമതിയുടെ പേറ്റന്റ് അമേരിക്കയിലെ റൈസ്‌ടെക്കിനാണെങ്കിലും അവിടെ വിളയുന്ന ടെക്‌സ്മതി, കസ്മതി എന്നീ വ്യത്യസ്തമായ അരികള്‍ക്ക് നമ്മുടെ സ്വന്തം ബസുമതിയുടെ ജനപിന്തുണയോ, ഗുണഗണമോ ഇല്ലെന്നത് ശ്രദ്ധേയമാണ്. കൂടാതെ പേറ്റന്റുമായ് ബന്ധപ്പെട്ടുണ്ടായ നയതന്ത്രപ്രതിസന്ധികള്‍, ഇന്ത്യ നല്‍കിയ റിവ്യൂപെറ്റീഷനുകളെ ഗൗരവതരമായി കാണാനും ബസുമതിയെന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്നും റൈസ്‌ടെക്കിനെ തടയാനും സഹായകമായിട്ടുണ്ടെന്നതും കണക്കിലെടുക്കേണ്ടതാണ്.

8. ബസുമതി അരിയില്‍ മറ്റേത് അരിയേക്കാളും 20ശതമാനത്തോളം കൂടുതലായി ഫൈബറടങ്ങിയിരിക്കുന്നു. മരണകാരണമായേക്കാവുന്ന കാന്‍സര്‍കോശങ്ങള്‍ മനുഷ്യശരീരത്തില്‍ പെരുകുന്നത് തടയാന്‍ ഫൈബറിന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. വന്‍കുടലില്‍ രൂപപ്പെടുന്ന കാന്‍സറിനെയും അതുപോലെ സ്തനാര്‍ബുദത്തിനെയും പ്രതിരോധിക്കാന്‍ ബസുമതി അരി ഭക്ഷണശീലത്തിലുള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

Also Read: ഗുണമോ മെച്ചം വിലയോ തുച്ഛം! മിന്നുന്ന വീട്ടകത്തിനൊരു സൂത്രവുമായ് സാമന്ത

9. 1766ല്‍ രചിക്കപ്പെട്ട വാസ് ഷായുടെ പഞ്ചാബിപ്രണയകഥയായ ‘ഹീര്‍ രാഞ്ജ’യിലാണ് ബസുമതി അരിയെപറ്റിയുള്ള ആദ്യപരാമര്‍ശം വരുന്നത്.

ബസുമതി അരിയെ ദൈനംദിനഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുകയെന്നത് സാധാരണക്കാര്‍ക്ക് ഇന്നും അപ്രാപ്യമാണ്. എങ്കിലും ഭാരതീയപാരമ്പര്യവും വൈകാരികതയും നല്‍കുന്ന ആത്മബന്ധത്തിനപ്പുറം ബസുമതി അരിയുടെ മേല്‍പ്പറഞ്ഞ ഗുണഗണങ്ങള്‍ ഏതൊരു ഭാരതീയനും അഭിമാനകരമാണെന്ന് സംശയലേശ്യമെന്നെ തന്നെ പറയാം.

Also Read: ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികളിലേല്‍പ്പിക്കുന്ന അദൃശ്യആഘാതങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഡോ.സാം വാസ്

DONT MISS
Top