ഇത് ഭീമന്‍ പക്ഷിയോ വിചിത്രമായ വിമാനമോ അല്ല; കെനിയക്ക് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കും ബലൂണ്‍കൂട്ടങ്ങള്‍

നെയ്‌റോബി: കെനിയയിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ ഒരുകൂട്ടം ബലൂണുകള്‍. വളരെ ഉയരത്തില്‍ പറക്കുന്ന ഈ ബലൂണുകള്‍ ചൊവ്വാഴ്ച്ചയാണ് കെനിയയുടെ ആകാശത്ത് കണ്ടു തുടങ്ങിയത്. സാങ്കേതികവിദ്യയുടെ ആദ്യത്തെ വാണിജ്യവിന്യാസം വഴി പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഓണ്‍ലൈന്‍ സൗകര്യം ലഭിക്കുന്നത്.

വാണിജ്യവിമാനങ്ങളുടെ യാത്രാപഥത്തിനും മുകളിലായി സ്ട്രാറ്റോസ്ഫിയറില്‍ ഏകദേശം 12 മൈല്‍ ഉയരത്തില്‍ സഞ്ചരിക്കുന്ന ഈ ബലൂണുകള്‍ 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് കണക്ഷനാണ് ആദ്യം നല്‍കുക. തലസ്ഥാനമായ നെയ്റോബി ഉള്‍പ്പെടെ മധ്യ-പടിഞ്ഞാറന്‍ കെനിയയിലുടനീളം ഏതാണ്ട് 31,000 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള പ്രദേശത്ത് ഈ സേവനം ലഭ്യമാകും.

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഘടകമായ ലൂണ്‍, ടെലകോം കെനിയയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഏകദേശം 35-ാളം ബലൂണുകളാണ് കെനിയക്ക് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാനായി ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഇതിനു മുന്‍പ് അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരം ബലൂണുകള്‍ ഉപയോഗിച്ചിട്ടുള്ളത്.

Also Read: വാര്‍ത്താ സമ്മേളനത്തില്‍ കൃത്യവും വ്യക്തവുമായ മറുപടികളുമായി മുഖ്യമന്ത്രി

DONT MISS
Top