മരത്തവികള്‍: അടുക്കളക്ക് സൗന്ദര്യമോ ശാപമോ?

അടുക്കളയില്‍ ഒരിക്കലെങ്കിലും മരത്തവികളുപയോഗിക്കാത്തവര്‍ കാണുമോ ! പണ്ട് സ്റ്റീലും, അലുമിനിയവും, ഇരുമ്പും, നോണ്‍-സ്റ്റിക്കുമെല്ലാം നമ്മുടെ അടുക്കളകളുമായി അഭേദ്യബന്ധം സ്ഥാപിക്കും മുന്‍പും ഇന്നിപ്പോള്‍ അപ്പറഞ്ഞതെല്ലാം നമ്മുടെ അടുക്കളയുമായി പിരിയാനാകാത്ത തരത്തില്‍ ബന്ധപ്പെട്ടിരിക്കുമ്പോഴും മരത്തവികള്‍ക്ക് പ്രത്യേകമായൊരു സ്ഥാനമാണ് നാം
കല്‍പ്പിച്ചുകൊടുത്തിട്ടുള്ളത്. അന്നുമിന്നും ചിരട്ടകള്‍ കൊണ്ടും അല്ലാതെയും ധാരാളമായി മരക്കയിലുകള്‍ നമ്മളുപയോഗിക്കുന്നുണ്ട്. എന്നാലിവയുടെ കൃത്യമായ ശുചീകരണരീതിയെ പറ്റി നമ്മിലെത്രപേര്‍ക്കറിയാം ?

കുറച്ച് ഡിഷ് വാഷിംഗ് സോപ്പോ, ലിക്വിഡോ, സ്പോഞ്ചോ, സ്‌ക്രബോ ഉപയോഗിച്ച് ഈ മരത്തവികള്‍ കഴുകുന്നത് അല്ലെങ്കില്‍ ഡിഷ് വാഷറുപയോഗിച്ച് വൃത്തിയാക്കുന്നത് യഥാര്‍ത്ഥത്തില്‍ മരത്തവിയില്‍ നിന്നും അണുക്കളെ ഫലപ്രദമായി നീക്കംചെയ്യുന്നുണ്ടോ ? “ആഹ് ഇതിലിത്ര ചോദിക്കാനെന്താ,  അങ്ങനെതന്നെയല്ലെ പാത്രങ്ങളും സ്പൂണുകളും വൃത്തിയാക്കിപോരുന്നത് ” എന്നാണോ. എന്നാലിതാ ഈയടുത്തൊരു ഓസ്ട്രേലിയന്‍വനിത തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രവും നമ്മുടെ അത്തരം ധാരണകളെ പാടേ തിരുത്തുന്നതൊന്നു കണ്ടുനോക്കാം. പ്രശസ്ത ഭക്ഷണനിരൂപകനും, പാചകകര്‍ത്താവും, ഓസ്ട്രേലിയന്‍ മാസ്റ്റര്‍ഷെഫിന്റെ വിധികര്‍ത്താക്കളിലൊരാളുമായ മാറ്റ് പ്രെസ്റ്റണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പങ്കുവെച്ച ഒരറിവാണ് ഈ വനിത സ്വന്തമായി പരീക്ഷിച്ചു നോക്കി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

കഴുകിയെടുത്ത് വൃത്തിയായെന്നു കരുതുന്ന മരത്തവികളെ തിളക്കുന്ന വെള്ളത്തില്‍ ഏതാണ്ട് 20 മിനിട്ടോളം മുക്കിവെച്ചിട്ടാണ് ‘വിപ്ലവകരമായ ഫല’മെന്ന് വിശേഷിപ്പിച്ച ആ കാഴ്ച്ചയെ അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മലിനമായ ഇരുണ്ട വെള്ളമാണ് 20 മിനിട്ടിന്റെ പരീക്ഷണത്തിന് ശേഷം ലഭിച്ചതെന്ന് മാത്രമല്ല ആ വെള്ളത്തിന്റെ മുകളില്‍ കനത്ത എണ്ണപ്പാടയും രൂപപ്പെട്ടിരുന്നുവെന്നത് തീര്‍ച്ചയായും ആശ്വാസകരമായ ഒരു കാഴ്ച്ചയോ അറിവോ അല്ലെന്ന് സമ്മതിക്കേണ്ടിവരും.

Also Read: സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 88.78

എന്നിരുന്നാലും ദശകങ്ങളായി മരക്കയിലുകളുപയോഗിക്കുന്നവര്‍ക്ക് ഇപ്പോഴും സംശയം മാറിക്കാണില്ല. കാരണം ഇപ്പറഞ്ഞ പ്രശ്‌നങ്ങളൊയൊക്കെയും നിലനിര്‍ത്തിക്കൊണ്ടും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇന്നുവരെയും പലര്‍ക്കും അനുഭവപ്പെട്ടിട്ടില്ല എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. പക്ഷെ പരീക്ഷണം മനംമടുപ്പിച്ചവര്‍ക്ക് പിന്തുടരാവുന്ന വഴികള്‍ ഇപ്പോള്‍ വളരെകുറവാണ്. കാരണം മറ്റൊന്നുമല്ല, മരത്തവിയില്‍ നിന്നും 100 ശതമാനവും അഴുക്കോ, അണുക്കളെയോ ദൂരീകരിക്കാനൊരു പോംവഴി ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്നത് ലോഹം കൊണ്ടുള്ള സ്പൂണുകളോ ഒരിക്കല്‍ മാത്രമുപയോഗിക്കാവുന്ന തരം വിലകുറഞ്ഞ മരക്കയിലുകളോ ഉപയോഗിക്കുക എന്നത് മാത്രമാണ്.

Also Read: കൗതുകകരമായ ചരിത്രവും പേറി റം; ജൈത്രയാത്ര കരീബിയയില്‍ നിന്നും, കരിമ്പിലൂടെ

DONT MISS
Top