“സ്വപ്നയെ ഒളിപ്പിച്ചതിന് പിന്നില്‍ കെസി വേണുഗോപാലെന്ന് സംശയം, രണ്ടാം പ്രതി ഇന്ദിരാഭവന്‍, സ്വപ്‌നയുടെ സാരിത്തുമ്പില്‍ കോണ്‍ഗ്രസുണ്ട്, നാല് സ്വപ്നസുന്ദരിമാരെ ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ കയറ്റി”, കോണ്‍ഗ്രസിനെതിരെ ഗുരുതരാരോപണവുമായി ബി ഗോപാലകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയെ ഒളിപ്പിച്ചത് കെസി വേണുഗോപാലാണെന്ന് സംശയമുള്ളതായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരും ഈ വിഷയത്തിലുള്‍പ്പെട്ടതിനാല്‍ സിപിഎമ്മുമായിച്ചേര്‍ന്ന് ഈ വിഷയം രമ്യമായി പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

സരിതയുടേയും സ്വപ്‌നയുടേയും സ്‌പോണ്‍സര്‍മാരാണ് സിപിഎമ്മും കോണ്‍ഗ്രസും. അതുകൊണ്ടുതന്നെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിന് പിന്നില്‍ കെസി വേണുഗോപാലിന് പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കില്‍ രണ്ടാം പ്രതി ഇന്ദിരാഭവനാണ്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും ധൈര്യം കെസി വേണുഗോപാലിന്റെയടക്കം ഇടപെടലാണ്. എയര്‍ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലി ചെയ്യുന്നസമയത്ത് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുമായുളള പ്രശ്‌നങ്ങളുടെ പേരിലാണ് സ്വപ്‌ന പുറത്തുപോകുന്നത്. വെളിയില്‍പോയ സ്വപ്നയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു.

കോണ്‍സുലേറ്റിലേക്ക് സ്വപ്നയെ ശുപാര്‍ശ ചെയ്തത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവാണ്. കോണ്‍സുലേറ്റില്‍ ഇവര്‍ ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. പക്ഷെ ശുപാര്‍ശ നടന്നത് ജനുവരിയിലാണ്. സ്വപ്ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസുണ്ട്. 2012 മുതല്‍ 2104 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി, ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേണുഗോപാല്‍, നാല് സ്വപ്നസുന്ദരിമാരെ ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ കയറ്റിയിട്ടുണ്ട്.

2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി വേണുഗോപാല്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പുനഃപരിശോധിക്കപ്പെടണം. വേണ്ടത്ര യോഗ്യതയില്ലാത്തതിനാലാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കോട്ടയംകാരന്‍ അടക്കം സ്വപ്ന സുന്ദരിമാരെയും ഈ സ്വപ്ന സുരേഷിനെയും പുറത്താക്കിയത്. അതുകൊണ്ട് സ്വര്‍ണ്ണക്കടത്തിന്റെ കരങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Also Read: “സ്വര്‍ണ്ണക്കടത്ത് കേസില്‍ താന്‍ നിരപരാധി, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റ്”, സ്വപ്നയുടെ ജ്യാമാപേക്ഷ ഇങ്ങനെ

DONT MISS
Top