കാണ്‍പൂര്‍ ഏറ്റുമുട്ടലിലെ മുഖ്യപ്രതി വികാസ് ദുബെ; തദ്ദേശവാസികള്‍ക്ക് ‘ബ്രാഹ്മണോം കാ ഷേര്‍’; പൊലീസിന് കൊടുംകുറ്റവാളി

ദില്ലി: കുപ്രസിദ്ധനായ ഗുണ്ടാസംഘത്തലവനും, കടുത്ത രാഷ്ട്രീയപരിരക്ഷയുള്ളവനുമായ വികാസ് ദുബെ ഈയടുത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ കാണ്‍പൂര്‍ ഏറ്റുമുട്ടലിനു ശേഷമാണ്. ഡിഎസ്പി അടക്കം 8 പൊലീസുകാരാണ് ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കാണ്‍പൂര്‍ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയായിരുന്നു ഇയാള്‍. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും ഇന്നറസ്റ്റിലായെങ്കിലും വികാസ് ദുബെ തദ്ദേശവാസികള്‍ക്ക് ‘ബ്രാഹ്മണോം കാ ഷേര്‍’ ആയും പൊലീസ് രേഖകളില്‍ കൊടുംകുറ്റവാളിയായും തുടരുന്നത് ഇന്ത്യയിലെ സാമൂഹിക-ജാതീയ-രാഷ്ട്രീയസമവാക്യങ്ങളെ കൃത്യമായി വെളിവാക്കുന്നതാണ്.

കാണ്‍പൂര്‍ ഏറ്റുമുട്ടലിനു പിന്നാലെ സ്വസമുദായക്കാരായ പ്രദേശവാസികള്‍ വികാസ്ദുബെയെ നായകപരിവേഷത്തിലേക്കുയര്‍ത്തിയതിനെ ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ നിശിതമായഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബ്രാഹ്മണോം കാ ഷേര്‍ എന്ന് വിളിച്ച് ദുബെയെ ഇപ്പോള്‍ ആരാധിക്കുന്നവര്‍ ജനങ്ങള്‍ക്കും അവരുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസുകാരുടെ മരണത്തിനെ എത്ര വിലകുറച്ചാണ് കാണുന്നതെന്ന് അദ്ദേഹം അപലപിച്ചു. ദുബെയ്ക്ക് വീരപരിവേഷം നല്‍കുന്നവര്‍ ഭഗത് സിംഗ്, നേതാജി, അഷ്ഫക്കുള്ള ഖാന്‍ എന്നിവരെ എങ്ങനെയാണ് കാണുന്നതെന്നും അല്‍ഭുതപ്പെട്ടു. തുടര്‍ന്ന് കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തെയും കുറ്റവാളികളുടെ വീരാരാധനയെയും പ്രോത്സാഹിപ്പിക്കരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തെ അപരാധത്തിന്റെ സംസ്‌കാരമെന്ന് പരുഷമായ വാക്കുകളില്‍ വിശേഷിപ്പിച്ച ബിഹാര്‍ ഡിജിപിയുടെ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈ മൂന്ന് അര്‍ദ്ധരാത്രിയില്‍ ദുബെയുടെ ഗുണ്ടാസംഘത്തെ അറസ്റ്റുചെയ്യാന്‍ പോയ സംഘത്തിലായിരുന്നു മരണപ്പെട്ട ഡിഎസ്പി അടക്കമുള്ള 8 പൊലീസുകാരും നിയോഗിക്കപ്പെട്ടിരുന്നത്. പൊലീസുകാര്‍ക്കുനേരെ ഒളിയാക്രമണം നടത്തിയതിനുശേഷം ഓടിരക്ഷപ്പെടുകയായിരുന്നു ദുബെയും കൂട്ടരും. 1990കളുടെ തുടക്കത്തിലാണ് ഇയാള്‍ക്കെതിരായ ആദ്യത്തെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ 2020 ആയപ്പോഴേക്കും ദുബെക്കെതിരായി 60ലധികം ക്രിമിനല്‍കേസുകള്‍ ഉണ്ടായിട്ടുണ്ടായിരുന്നുവെന്നത് ഇയാളുടെ ആഴമേറിയ ക്രിമിനല്‍ പശ്ചാത്തലത്തെ വെളിവാക്കുന്നതാണ്.

Also Read: കോവിഡ്19 വായുവിലൂടെ പകരുന്നു, എന്നാല്‍ വായുവില്‍ നിലനില്‍ക്കില്ല: ലോകാരോഗ്യ സംഘടന

DONT MISS
Top