കോവിഡ്19 വൈറസ് തലച്ചോറിനെ അപകടകരമായി സ്വാധീനിക്കുന്നുവോ? പഠനവുമായി യൂണിവേഴ്‌സിറ്റി കോളെജ്‌ ലണ്ടന്‍

ലണ്ടന്‍: കോവിഡ്19 വൈറസ് തലച്ചോറിനെ അപകടകരമായി സ്വാധീനിക്കുന്നതിന്റെ തെളിവുകളുമായ് ന്യൂറോസയന്റിസ്റ്റുകളും സ്‌പെഷ്യലിസ്റ്റ് ബ്രെയിന്‍ഡോക്ടര്‍മാരും. കോവിഡ് രോഗികളുടെ എണ്ണം ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി കോളെജ്‌ ലണ്ടനിലെ ശാസ്ത്രജ്ഞര്‍ ഇത്തരമൊരറിവ് പങ്കുവെക്കുന്നത്.

പക്ഷാഘാതം, തലച്ചോറിന്റെ വികലമായ പ്രവര്‍ത്തനങ്ങള്‍, നാഡികള്‍ക്കുണ്ടാകുന്ന ക്ഷതം കൂടാതെ തലച്ചോറിനേല്‍ക്കുന്ന ഗുരുതരമായ മറ്റുപ്രശ്‌നങ്ങള്‍ എന്നിവ ഏതാണ്ട് 43ലേറെ കോവിഡ്‌ രോഗികളിലാണ് കാണാന്‍ സാധിച്ചതെന്ന് ചൂണ്ടികാണിക്കുന്നു യൂണിവേഴ്‌സിറ്റി കോളെജ്‌ ലണ്ടന്‍. കാലക്രമേണ തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത് മാനസികവിഭ്രാന്തി, വ്യാകുലത, നാഡീവീക്കം എന്നീ ലക്ഷണങ്ങള്‍ കോവിഡ് മൂലവും വന്നേക്കാം.

കോവിഡ് രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടാല്‍തന്നെയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ് ഏകോപിപ്പിക്കാന്‍ സാധിക്കാത്തരീതിയില്‍ വൈറസ്ബാധയേറ്റിട്ടുണ്ടെങ്കില്‍ ദൈനം-ദിനജീവിതത്തിലേക്ക് തിരികെയെത്താന്‍വരെ അത്തരക്കാര്‍ ബുദ്ധിമുട്ടുമെന്നും കാനഡ ആസ്ഥാനമായ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ അഡ്രിയാന്‍ ഓവന്‍ എന്ന ന്യൂറോസയന്റിസ്റ്റ് അഭിപ്രായപ്പെടുന്നു. ഈ വിഷയത്തില്‍ വിശദമായ പഠനങ്ങളുടെയും ആഗോള വിവരശേഖരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഉയര്‍ന്നുവരുന്ന ഈ തെളിവുകള്‍ അടിവരയിടുന്നു. വളരെയധികം ആളുകളെ ഒരുമിച്ച് ബാധിക്കുന്ന രോഗമായതുകൊണ്ടാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ ശേഖരിക്കുന്നത് വളരെ പ്രധാനമായതെന്നും ഓവന്‍ പറഞ്ഞു.

Also Read : കൊറോണവൈറസ് പ്രതിരോധത്തിനായ് കൈകോര്‍ക്കാന്‍ മുന്നൂറോളം ഡ്രോണുകളാല്‍ പ്രകാശവിന്യാസം തീര്‍ത്ത് ദക്ഷിണകൊറിയ

DONT MISS
Top