ഡിജിപി തന്നെ അപകടപ്പെടുത്തിയേക്കുമെന്ന് ജമ്മുകാശ്മീര്‍ ഐജിയുടെ പരാതി; പിന്നാലെ ഐജിയ്‌ക്കെതിരെ സുരക്ഷാനടപടി

മേലുദ്യോഗസ്ഥന്‍ തന്നെ അപകടപ്പെടുത്തിയേക്കുമെന്ന് ദിവസങ്ങള്‍ക്കുമുന്‍പ് പരാതി നല്‍കിയ ജമ്മുകാശ്മീര്‍ ഐജിയ്ക്ക് സസ്‌പെന്‍ഷന്‍. തനിക്ക് ഉടന്‍ എന്തെങ്കിലും അപകടം സംഭവിച്ചേക്കാമെന്നും ഡിജിപി ദില്‍ബാഗ് സിംഗിന് അതില്‍ പങ്കുണ്ടാകുമെന്നും സൂചിപ്പിച്ചുകൊണ്ട് ഐജി ബസന്ത് കുമാര്‍ രാത് സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. പെരുമാറ്റദൂഷ്യം മനസിലാക്കിയതിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് ആഭ്യന്തരവകുപ്പ് കത്തിലൂടെ സൂചിപ്പിക്കുന്നത്.

ജമ്മു കാശ്മീര്‍ ഡിജിപിയുടെ അനുവാദമില്ലാതെ പോലീസ് ആസ്ഥാനം വിടരുതെന്നുമാണ് ബസന്ത് കുമാര്‍ രാതിനുള്ള നിര്‍ദ്ദേശം. പാവപ്പെട്ട കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്തതിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശസ്തിയാര്‍ജിച്ചിരുന്ന ബസന്ത് കുമാര്‍ ഡിജിപി ദില്‍ബാഗ് സിംഗ് എന്ന് സംശയിക്കുന്ന അജ്ഞാത ട്വിറ്റര്‍ പ്രൊഫൈലുമായി പരസ്യമായി ഏറ്റുമുട്ടിയതോടെ വിവാദനായകനായി മാറിയിരുന്നു. ദില്‍ബാഗ് സിംഗ് ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ഭൂമിത്തട്ടിപ്പിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് സമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ബസന്ത് കുമാറിനെ അപായപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചില രഹസ്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗൂഢാലോചനകള്‍ നടക്കുന്നതായി ആഴ്ച്ചകള്‍ക്കുമുന്‍പ് ചില ദേശീയ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read:- ആശാ കേളുണ്ണിയില്‍ നിന്നും രേവതിയിലേക്ക്; 37 കലാസംവത്സരങ്ങള്‍

തന്റെ സുരക്ഷയും അഭിമാനവും അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂണ്‍ 25 ന് ബസന്ത് കുമാര്‍ രാത് ഗാന്ധിനഗര്‍ പോലീസ് ചീഫിന് പരാതി സമര്‍പ്പിച്ചത്. താന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കല്ല, ഒരു സാധാരണപൗരന്‍ എന്ന നിലയ്ക്കാണ് പരാതി സമര്‍പ്പിക്കുന്നതെന്നും ബസന്ത് കുമാര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കെതിരെ ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ പരാതി ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും ഭാവിയില്‍ തനിക്കെന്തെങ്കിലം സംഭവിച്ചാല്‍ റഫര്‍ ചെയ്യണമെന്നും മാത്രമാണ് താല്‍പ്പര്യപ്പെടുന്നതെന്നും ബസന്ത് കുമാര്‍ പരാതിയില്‍തന്നെ സൂചിപ്പിച്ചിരുന്നു.

2000ല്‍ ഐപിഎസ് പദവിലെത്തിയ ബസന്ത് കുമാര്‍ രാത് ജമ്മുകാശ്മീര്‍ നിവാസികളുടെ ഇടയില്‍ പ്രിയങ്കരനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നത്. നീറ്റ്, ജെഇഇ മുതലായ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ബസന്ത് കുമാര്‍ പുസ്തകവിതരണം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് തന്നാല്‍ കഴിയുന്നവിധം ഉത്തരം നല്‍കാന്‍ ശ്രമിക്കാമെന്ന് ബസന്ത് പ്രഖ്യാപിച്ചതും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് ബസന്ത് കുമാര്‍ രാതിനെക്കുറിച്ച് സിനിമചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു.

Also Read:-  ഇന്ന് 301 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് ബാധ; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; സമ്പര്‍ക്കത്തിലൂടെയുള്ള പകരല്‍ എണ്ണം കുത്തനെ മുകളിലേക്ക്

DONT MISS
Top