കുവൈത്ത് വിദേശികളുടെ എണ്ണം പരിഷ്‌ക്കരിക്കുന്നു; 8 ലക്ഷം ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും

കുവൈത്തില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം പരിമിതപ്പെടുത്താനായുള്ള കോട്ടാസമ്പ്രദായത്തിന്റെ കരടിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ അംഗീകാരം.കോട്ടാസമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ 8 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കരട് ബില്ലിന് അസംബ്ലിയുടെ അംഗീകാരം ലഭിച്ചതോടെ കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പരുങ്ങലിലാകുകയാണ്. കുവൈത്ത് സ്വദേശികളുടെ എണ്ണത്തിന് ആനുപാതികമായി പ്രവാസികളുടെ എണ്ണം ക്രമപ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്ന ബില്ലിന് നിയമസാധുതയുണ്ടെന്നും ദേശീയ അസംബ്ലി അഭിപ്രായപ്പെട്ടു. ബില്ല പ്രകാരം കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം 15 ശതമാനത്തിലധികമാകരുതെന്നാണ് നിര്‍ദ്ദേശം. ഇത് കണക്കിലെടുക്കുമ്പോള്‍ നിര്‍ബന്ധിതമായി നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന ഇന്ത്യക്കാരുടെ എണ്ണം എട്ട് ലക്ഷത്തിലധികം വരും.

തൊഴിലിനായി കുവൈത്തിലേക്ക് ഏറ്റവുമധികം ആളുകളെത്തുന്നത് ഇന്ത്യയില്‍ നിന്നുമാണെന്നും 1.45 മില്യണ്‍ ഇന്ത്യക്കാര്‍ കുവൈത്തില്‍ ജോലിചെയ്യുന്നുണ്ടെന്നുമാണ് ഔദ്യോഗികവിവരം. 4.3 മില്യണ്‍ ആണ് കുവൈത്തിലെ ആകെ ജനസംഖ്യ. കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ വലിയൊരു ശതമാനവും മലയാളികളാണ്. 30 ലക്ഷത്തോളം വിദേശികളുള്ള ഈ രാജ്യത്ത് വളരെച്ചെറിയ ശതമാനം സ്വദേശികള്‍ മാത്രമാണുള്ളത്. രാജ്യത്ത് തൊഴിലിനായി എത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞമാസം കുവൈത്ത് ഭരണാധികാരി ഷെയ്ക്ക് സബ അല്‍ ഖാലിദ് അല്‍ സബ പറഞ്ഞിരുന്നു. രാജ്യത്തെ ആകെ വിദേശികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് ചുരുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ആകെ താമസക്കാരില്‍ 70 ശതമാനവും വിദേശികളാണെന്നത് രാജ്യത്ത് അതിഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും കുവൈത്ത് ദേശീയ അസംബ്ലിയില്‍ പരാമര്‍ശങ്ങളുയര്‍ന്നിരുന്നു. ആകെ വിദേശികളില്‍ 1.3 മില്യണ്‍ ആളുകളും സാക്ഷരരല്ലെന്നതും ഗൗരവത്തോടെ കാണേണ്ടപ്രശ്‌നമാണെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഡോക്ടര്‍മാര്‍ മുതലായ പ്രാഗത്ഭ്യം ആവിശ്യപ്പെടുന്ന തൊഴിലുകളിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനെ പോസിറ്റീവായി കണക്കാക്കാനാകുമെന്നും അസംബ്ലിയില്‍ അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

Also Read:- സ്വര്‍ണക്കടത്ത്: ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയെ പിരിച്ചുവിട്ടു

DONT MISS
Top