ഇന്ത്യയുടെ വാക്‌സിന്‍ ട്രയലുകള്‍ പൂര്‍ത്തിയാകാന്‍ ആറ് മാസമെങ്കിലും വേണം: സൗമ്യ സ്വാമിനാഥന്‍

കൊവിഡ് രോഗത്തിനെതിരെ ഇന്ത്യയിലെ ഗവേഷണകേന്ദ്രങ്ങള്‍ തയ്യാറാക്കുന്ന വാക്‌സിന്‍ ട്രയലുകള്‍ പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞത് 6 മുതല്‍ 9 മാസങ്ങളെങ്കിലും വേണമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ്‌ സൗമ്യ സ്വാമിനാഥന്‍. സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ വാക്‌സിന്‍ അവതരിപ്പിക്കാനായി പരീക്ഷണങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് വിവിധ ഗവേഷണകേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്റെ വിശദീകരണം. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ സ്വാമിനാഥന്‍ വാക്‌സിന്‍ പരിശോധന കാലാവധിയെക്കുറിച്ച് വിശദീകരിച്ചത്.

Also Read:- ആപ്പുകളുടെ നിരോധനം: ടിക് ടോക്ക് ചൈനയില്‍ നിന്നും അകലുന്നുവെന്ന് സൂചന

ഏറ്റവും സുരക്ഷിതമായി ഒരു വാക്‌സിന്‍ എല്ലാ ട്രയലുകളും കഴിഞ്ഞ് അംഗീകരിക്കപ്പെടാന്‍ 12 മുതല്‍ 18 മാസങ്ങള്‍ വേണമെന്നതാണ് ഈ രംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശമെന്നും ആറ് മാസത്തില്‍ താഴെയുള്ള കാലാവധികള്‍ പ്രായോഗികമല്ലെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ആഗസ്റ്റ് 15 ന് തന്നെ വാക്‌സിന്‍ പുറത്തിറക്കണമെന്ന് ശഠിക്കുമ്പോള്‍ ചില ട്രയല്‍ ഘട്ടങ്ങള്‍ ഒഴിവാക്കപ്പെടുമോ എന്ന് ആശങ്കപ്പെടുന്നതായും സൗമ്യ പറഞ്ഞു. കൊവിഡ് പോലുള്ള രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ അംഗീകരിക്കപ്പെടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. പ്രവര്‍ത്തിസമയവും കാര്യശേഷിയും വര്‍ദ്ധിപ്പിച്ചുകൊണ്ട് സമയലാഭമുണ്ടാക്കാമെങ്കിലും എല്ലാ ഘട്ടങ്ങളും നിര്‍ബന്ധമായും പൂര്‍ത്തീകരിച്ചിരിക്കണമെന്ന് സൗമ്യ ഊന്നിപ്പറഞ്ഞു.

ചൈന വികസിപ്പിച്ച ഒരു വാക്‌സിന്‍ ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചെങ്കിലും അത് പൊതുജനങ്ങള്‍ക്കായി നല്‍കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ചുരുങ്ങിയ തോതില്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാത്രം ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നു. പൂര്‍ണ്ണമായ അര്‍ഥത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ഏതൊരു വാക്‌സിന്‍ ട്രയലിന്റേയും മൂന്നാം ഘട്ടം സശ്രദ്ധം നടത്തേണ്ടതുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

Also Read:- ‘സുന്ദരസുരഭിലമായ നിലാവെളിച്ചം’: ബഷീര്‍ ഓര്‍മ്മകള്‍ക്ക് 26 വയസ്

DONT MISS
Top