‘സുന്ദരസുരഭിലമായ നിലാവെളിച്ചം’: ബഷീര്‍ ഓര്‍മ്മകള്‍ക്ക് 26 വയസ്

ഏറ്റവും ആഴത്തില്‍ പ്രാദേശികതയില്‍ വേരുകളുള്ളപ്പോഴും ഏറ്റവും ‘ഇന്റര്‍നാഷണ’ലായി മലയാള സാഹിത്യലോകത്ത് ഉയര്‍ന്നുനില്‍ക്കുന്ന ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 26 വയസ്. സാധാരണക്കാരന്റെ ഭാഷയില്‍ സാധാരണജീവിതാവസ്ഥകളുടെ അസാധാരണതലങ്ങള്‍ എഴുതി ഫലിപ്പിച്ച ബഷീര്‍ കേരളത്തിലെ വിവിധ തലമുറകളുടെ പ്രിയ എഴുത്തുകാരനാണ്. ബഷീറിയന്‍ മാന്ത്രികശൈലിയുടെ ആരാധകര്‍ എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഒത്തുകൂടാറുണ്ടെങ്കിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനുസ്മരണസമ്മേളനങ്ങള്‍ ഇന്ന് ഒഴിവാക്കാനാണ് കേരളത്തിലെ സാംസ്‌ക്കാരിക നായകരുടേയും ബഷീറിന്റെ ബന്ധുക്കളുടേയും തീരുമാനം. മുഖ്യധാര മലയാള സാഹിത്യത്തിന് പരിചിതമല്ലാതിരുന്ന ‘ആഖ്യവും ആഖ്യാതാവും വ്യക്തമല്ലാത്ത ചപ്ലാച്ചി’ ഭാഷയും മുസ്ലീം ജീവിതാനുഭവങ്ങളുടെ കരുത്തുമായി രംഗപ്രവേശം ചെയ്ത ബഷീര്‍ മലയാള സാഹിത്യപ്രപഞ്ചത്തിലെ ഏറ്റവും പൊലിമയുള്ള ഇടമാണ്. ഭാഷയുടെ ഘനഗാംഭീര്യമോ, പുസ്തകങ്ങളുടെ വലിപ്പമോ അല്ല ഒരു സാഹിത്യസൃഷ്ടിയുടെ ശ്രേഷ്ഠതയുടെ അളവുകോലെന്ന് മാറിചിന്തിക്കാന്‍ മലയാളിയെ പഠിപ്പിച്ച ഈ അസാമാന്യപ്രതിഭ 1994 ജൂലൈ 5നാണ് നമ്മെ വിട്ടുപിരിയുന്നത്.

തെളിമയുള്ള നര്‍മ്മത്തില്‍ ചാലിച്ച് കരുത്തുള്ള അനുഭവങ്ങള്‍ എഴുതിയിരുന്ന ബഷീറിനെ ചില സമയത്ത് ശാന്തസുന്ദരമായും ചിലനേരത്ത് അതിശക്തമായും അലയടിക്കുന്ന കടല്‍ പോലെ എന്നാണ് പല നിരൂപകരും വിശേഷിപ്പിക്കാരുള്ളത്. അസാമാന്യ ധൈര്യത്തോടെ തമാശപറയാന്‍ മലയാളത്തില്‍ ബഷീറിനെപ്പോലെ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്നതും അംഗീകരിക്കപ്പെട്ട കാര്യമാണ്. ‘ലോകത്ത് യുദ്ധമില്ലാതെയാകാന്‍ എല്ലാവര്‍ക്കും വരട്ടുചൊറി വരണ’മെന്ന് പറയാന്‍ കേരളത്തില്‍ ആകെയൊരു ബഷീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാഷകൊണ്ട് മാജിക്ക് കാണിച്ചിരുന്ന ബഷീര്‍ ‘ഹുന്ത്രാപ്പി ബുസാട്ടോ’ പോലുള്ള രസമുല്ല വാക്കുകള്‍ സാഹിത്യത്തിലേക്ക് പ്രസരിപ്പിച്ചു.

Also Read:- ഒരു ദിവസത്തില്‍ ഇരുപത്തയ്യായിരത്തോളം രോഗികള്‍; കോവിഡ്19 ഗ്രാഫ് മുകളിലേക്ക്

കനമില്ലാത്ത ഭാഷ മാത്രമല്ല, കനം കുറഞ്ഞ പുസ്തകങ്ങളും ബഷീറിന്റെ പ്രത്യേകതയായിരുന്നു. ബഷീറിന്റെ ഏറ്റവും പ്രൗഢഗംഭീരമായ പുസ്തകമായി അറിയപ്പെടുന്ന ബാല്യകാലസഖി പോലും തീരെച്ചെറിയ പുസ്തകമാണ്. എന്നിട്ടും ജീവിതത്തില്‍ നിന്നും വലിച്ചുകീറിയ ഏടാണെന്നും ഇതിന്റെ വക്കില്‍ രക്തം പുരണ്ടിട്ടുണ്ടെന്നുമാണ് അവതാരികയില്‍ എം പി പോള്‍ ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. പാര്‍ശ്വവല്‍കൃത ജീവിതങ്ങളുടെ തുറന്നെഴുത്തിലൂടെ കേരളത്തില്‍ വിമര്‍ശനങ്ങളുടെ പീരങ്കികളേറ്റ ശബ്ദങ്ങള്‍ പോലും വളരെച്ചെറിയ പുസ്‌കതമാണെന്നത് അത്ഭുതം കൂടിയാണ്. ഇവകൂടാതെ തലമുറകള്‍ നെഞ്ചിലേറ്റി ലാളിച്ച മതിലുകല്‍, ന്റെപ്പൂപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്, പ്രേമലേഖനം, പാത്തുമയുടെ ആട് മുതലായ ബഷീര്‍ കൃതികളും ചെറിയ ‘ഇമ്മിണി ബല്യ’ പുസ്തകങ്ങളാണ്.

എഴുത്തുകാരന്‍ ദന്തഗോപുരങ്ങളിലിരുന്ന് എഴുതേണ്ടവരല്ലെന്നും സാധാരണക്കാരന്റെ വിശപ്പും ദാഹവും പൊങ്ങച്ചങ്ങളും ‘പുളുങ്കൂസന്‍ ന്യായ’ങ്ങളും അടയാളപ്പെടാതെ പോകരുതെന്നും പറയാതെ പറഞ്ഞ ഈ ബേപ്പൂര്‍ സുല്‍ത്താന്‍ മലയാള സാഹിത്യത്തിലെ ഒരു ഒറ്റയാനാണ്. മനുഷ്യര്‍ മാത്രമല്ല ഇവിടുത്തെ ആടുകളും പോത്തുകളും എട്ടുകാലികളും ഉറുമ്പുകളുമുള്‍പ്പടെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന ദര്‍ശനംകൂടി പകര്‍ന്ന ബഷീര്‍, വിശാലമായ ചാമ്പമരത്തണലിന് താഴെ സഹൃദയരായ മലയാളികളുടെ മനസുകളിലെല്ലാം മരണമില്ലാത്ത പ്രസരിപ്പുമായി ചാരുകസേര വലിച്ചിട്ടിരിക്കുന്നു.

Also Read:- കോവിഡ്19: അന്താരാഷ്ട്രവിപണിയില്‍ നിന്നും ഇന്ത്യന്‍കാപ്പി പുറത്താകുമോ?

DONT MISS
Top