മാസ്‌ക് എന്തായാലും വേണം, എങ്കില്‍പ്പിന്നെ സ്വര്‍ണംകൊണ്ട്; പൂനെ സ്വദേശി സ്വര്‍ണ മാസ്‌ക് ധരിച്ച് ശ്രദ്ധേയനാകുന്നു

പൂനെ: ഏതാണ്ട് 6 മാസത്തിന് മേലെയാകുന്നു കോവിഡ് രോഗവുമായി മനുഷ്യന്‍ യുദ്ധം പ്രഖ്യാപിച്ചിട്ട്. അതോടൊപ്പം തന്നെ രോഗപ്രതിരോധത്തിനായുള്ള പ്രധാന സംവിധാനങ്ങളിലൊന്നായ മാസ്‌ക് നമ്മുടെ ഒഴിവാക്കാനാകാത്ത ശീലങ്ങളിലൊന്നായി മാറിയും കഴിഞ്ഞിരിക്കുന്നു. മാസ്‌കില്‍ സൗന്ദര്യപരീക്ഷണങ്ങള്‍ നടത്തുന്നത് ഇപ്പോള്‍ പുതിയ പ്രവണതയാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ അതേനിറത്തിലും, പുതുമയാര്‍ന്ന ഡിെസെനുകളിലും, പൂക്കളെയും ഓമനമൃഗങ്ങളെയും തുന്നിപിടിപ്പിച്ചുമൊക്കെയാണ് മാസ്‌കുകളില്‍ ഫാഷനിസ്റ്റകള്‍ പരീക്ഷണം നടത്തുന്നത്.

എന്നാല്‍ പൂനെയില്‍ നിന്നുള്ള ശങ്കര്‍ കുറാഡെ തന്റെ നവീനമായ മാസ്‌കിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. 2.89ലക്ഷംരൂപ വില മതിക്കുന്ന സ്വര്‍ണ്ണത്തിന്റെ മാസ്‌കാണ് ശങ്കര്‍ കൊറോണക്കെതിരേ ധരിക്കുന്നത്. വളരെചെറിയ സുഷിരങ്ങളുള്ള കനംകുറഞ്ഞ മാസ്‌കായതിനാല്‍ ശ്വാസമെടുക്കാന്‍ ഇത് സഹായകമാണെന്ന് ശങ്കര്‍ അഭിപ്രായപ്പെടുന്നെങ്കിലും, ഈ മാസ്‌ക് കൊറോണവൈറസിനെ പ്രതിരോധിക്കുമോയെന്നറിയില്ലെന്നു പറയാനും ഇദ്ദേഹം മടിക്കുന്നില്ല.

കഴുത്തിലും, കൈകളിലും, വിരലുകളിലും ആകാവുന്നത്രയും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചുകൊണ്ടാണ് ശങ്കര്‍ കുറാഡെയെ കാണാനാകൂ എന്നത് അദ്ദേഹത്തിന്റെ സ്വര്‍ണ്ണത്തോടുള്ള ഭ്രമം വ്യക്തമാക്കുന്നതാണ്. സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വെള്ളിമാസ്‌കണിഞ്ഞ യുവാവിന്റെ ചിത്രങ്ങളാണ് സ്വര്‍ണ്ണമാസ്‌കെന്ന ആശയത്തിന് പ്രചോദനമായതെന്നും ശങ്കര്‍ പങ്കുവെച്ചു.

Also Read : കോവിഡ്19: കൊച്ചിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

DONT MISS
Top