ആപ്പുകളുടെ നിരോധനം: ടിക് ടോക്ക് ചൈനയില്‍ നിന്നും അകലുന്നുവെന്ന് സൂചന

ഇന്ത്യ- ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ടിക് ടോക്ക് കമ്പനി ചൈനയില്‍ നിന്നും അകലുന്നതായി സൂചന. കഴിഞ്ഞമാസം അവസാനം ടിക് ടോക്ക് കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ കമ്പനി ബെയ്ജിംഗ് ആസ്ഥാനത്തില്‍ നിന്നും അകലുന്നതിന്റെ സൂചനകളുണ്ടായിരുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഘട്ടത്തില്‍പോലും ചൈനീസ് ഭരണകൂടം ടിക് ടോക്കിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആവിശ്യപ്പെട്ടിരുന്നില്ലെന്നും ടിക് ടോക്ക് ചീഫ് എക്‌സിക്യൂട്ടീവ് കെവിന്‍ മേയര്‍ കത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് ചൈനയിലല്ലെന്നും സിംഗപ്പൂരിലുള്ള സെര്‍വറുകളിലാണെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

ഹ്രസ്വ വീഡിയോകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനുമുള്ള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഇന്ത്യയിലാണ് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനി ബെയ്ജിംഗില്‍ നിന്നും അകലുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ പ്രധാന പരിഗണനകളില്‍ ഒന്നാണെന്നും ടിക് ടോക്ക് കമ്പനി കത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക്കിന് നിരവധി ഫാന്‍സുള്ള ഇന്ത്യയില്‍ കമ്പനി ഒരു പുതിയ ഡാറ്റ സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read:- കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യ സൂചന നല്‍കിയത് തങ്ങളെന്ന് ലോകാരോഗ്യസംഘടന

2017 ല്‍ ലോഞ്ച് ചെയ്ത ടിക് ടോക്ക് ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് വളര്‍ത്താനായി 1 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെ നിരവധിപേര്‍ വരുമാനവും കണ്ടെത്തിയിരുന്നു. ടിക് ടോക്ക് കൂടാതെ മറ്റ് ജനപ്രിയ ആപ്പുകളായ യു സി ബ്രൗസര്‍, ക്യാം സ്‌കാനര്‍, വീ ചാറ്റ് മുതലായ ചൈനീസ് ആപ്പുകള്‍ക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു.

Also Read:- സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍നിന്ന് രാജിവെച്ചു

DONT MISS
Top