അജ്ഞാതകാരണം മൂലം മൂന്ന് മാസത്തിനിടെ ചരിഞ്ഞത് മുന്നൂറിലധികം ആനകള്‍; ആഫ്രിക്കന്‍ ഗ്രാമം ആശങ്കയില്‍

മൂന്ന് മാസത്തിനിടെ 360 ആനകള്‍ ചരിഞ്ഞ ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാന പ്രദേശം ആനകളുടെ മരണകാരണം കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് ആശങ്കയില്‍. ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇതില്‍ അസ്വഭാവികതയുണ്ടെന്ന് സംശയം തോന്നിയ ചില പരിസ്ഥിതി പ്രവര്‍ത്തകരാണ് വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയത്. പ്രദേശത്തെ വെള്ളക്കുഴികളിലും ചതുപ്പ് നിലങ്ങളിലും ആനകള്‍ ചത്തുവീഴുന്നത് ഇപ്പോള്‍ പതിവുകാഴ്ച്ചയായതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ മാത്രം 150 ഓളം ആനകള്‍ അജ്ഞാതകാരണം മൂലം ചരിഞ്ഞതോടെ വിഷയം അത്യന്തം ഗൗരവകരമാണെന്ന് പറഞ്ഞുകൊണ്ട് ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുമുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബോട്‌സ്വാനയിലും പരിസരത്തുമുള്ള ആനകള്‍ വളരെ ക്ഷീണിതരായും തളര്‍ച്ചയുള്ളവരായും കാണപ്പെടുന്നതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തി. ക്ഷീണിതരായ ആനകള്‍ മറ്റൊന്നും ചെയ്യാനാകാതെ വട്ടം ചുറ്റി ഒടുവില്‍ ചരിയുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്ന് ചില ബോട്‌സ്വാന സ്വദേശികള്‍ അന്താരാഷ്ട്രമാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രദേശത്തെ ആനകള്‍ക്ക് മാത്രം തളര്‍ച്ചയുണ്ടാകാനുള്ള കാരണങ്ങള്‍ ഇതുവരെ കണ്ടെത്താനാകാത്തത് ശാസ്ത്രലോകത്തെയാകെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തളര്‍ച്ച തോന്നുന്ന ആനകളെ കൂട്ടത്തിലെ മറ്റ് ആനകള്‍ സഹായിക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും അതിന് സാധിക്കാതെ വരുന്നതുമായ ഹൃദയഭേദകമായ കാഴ്ച്ചകളും പ്രദേശത്ത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:-  കൊറോണ വൈറസിനെ സംബന്ധിച്ച് ആദ്യ സൂചന നല്‍കിയത് തങ്ങളെന്ന് ലോകാരോഗ്യസംഘടന

ആഫ്രിക്കയില്‍ ഏറ്റവുമധികം ആനകളുള്ള പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ബോട്‌സ്വാന. ഈ പ്രദേശത്ത് മാത്രം ഒരു ലക്ഷത്തോളം ആനകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗൗരവകരമായ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളോ മലിനീകരണമോ പ്രദേശത്ത് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ധ പരിശോധനകള്‍ അടിയന്തിരമായി നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിയ്ക്കും ജൈവവൈവിധ്യത്തിനും ആഘാമുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മുതല്‍ ബോട്‌സ്വാന പ്രദേശത്ത് വലിയതോതിലുള്ള വേട്ടയാടല്‍ നിരോധിച്ചിരുന്നു.

Also Read:- സംവിധായിക വിധു വിന്‍സെന്റ് ഡബ്ല്യുസിസിയില്‍നിന്ന് രാജിവെച്ചു

DONT MISS
Top