മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരേക്കുറിച്ചുള്ള സ്മരണകളില്‍ ദീപ്തമയമായി വിമോചകനായ ക്രിസ്തു പ്രതിമ

കൊവിഡ് രോഗം ഏറ്റവുമധികം ദുരിതം വിതച്ച രാജ്യങ്ങളില്‍ ഒന്നായ ബ്രസീലിലെ പ്രശസ്തമായ വിമോചകനായ ക്രിസ്തുവിന്റെ പ്രതിമ മഹാമാരി ജീവന്‍ കവര്‍ന്നവരുടെ ഓര്‍മ്മകളില്‍ ദീപ്തമയമായി. ലോകാത്ഭുതങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ബ്രസീലിലെ ഈ ക്രിസ്തു പ്രതിമ വൈദ്യുത ദീപങ്ങല്‍ കൊണ്ട് അലങ്കരിച്ചാണ് കൊവിഡ് രോഗം മൂലം മരിച്ചവര്‍ക്ക് രാജ്യം ആദരവര്‍പ്പിച്ചത്. മഹാമാരി ബ്രസീലിലെ 60,000 പേരുടെ ജീവന്‍ കവര്‍ന്ന സാഹചര്യത്തില്‍ ‘60000 ജീവനുകള്‍’ എന്ന് പ്രതിമയില്‍ ദീപാലങ്കാരങ്ങള്‍ ഉപയോഗിച്ച് പതിപ്പിച്ച് രാജ്യം ഇവരുടെ ഓര്‍മ്മകള്‍ക്കുമുന്‍പില്‍ ശിരസുകുനിച്ചു.

ലോകത്തെ വിമോചിപ്പിക്കാനായി ഉയിര്‍ത്തെഴുന്നേറ്റ, കൈകള്‍ ഇരുവശവും വിരിച്ചുപിടിച്ച ക്രിസ്തുപ്രതിമ ഇതിന് മുന്‍പും കൊവിഡ് ഭീതിയുടെ നടുവില്‍ ജനതയുടെ ആത്മവീര്യം ഉണര്‍ത്താനുള്ള വേദിയായിട്ടുണ്ട്. കൊവിഡിനെ ചെറുക്കാനായി എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്ന സന്ദേശമുയര്‍ത്തി വിമോചകനായ ക്രിസ്തുവിന്റെ വായും മൂക്കും മറയുന്ന രീതിയില്‍ ഒരു മാസ്‌ക്ക് തയ്യാറാക്കി ക്രിസ്തുവിനെ ധരിപ്പിച്ചതും വലിയരീതിയിലുള്ള മാധ്യമശ്രദ്ധ നേടിയിരുന്നു. മഹാമാരിക്കാലത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് വിശ്രമമില്ലാതെ പണിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവറിയിച്ച് പ്രതിമ പ്രകാശമയമാക്കിയതും ‘ എല്ലാം ശരിയാകും’ എന്ന സന്ദേശം പതിപ്പിച്ചതും ലോകത്തെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ത്തകര്‍ക്ക് പ്രചോദനമായിരുന്നു.

സമുദ്രനിരപ്പില്‍നിന്ന് 710 മീറ്റര്‍ ഉയരത്തില്‍ കൈവിരിച്ച് ഉയര്‍ന്ന് നില്‍ക്കുന്ന വിമോചകനായ ക്രിസ്തുവിന്റെ പ്രതിമ ബ്രസീലിന്റെ നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട രാജ്യമായ ബസീലില്‍ ഇതിനോടകം 1,501,353 പേര്‍ രോഗബാധിതരായിട്ടുണ്ട്. രാജ്യത്ത് ഇന്നലെ മാത്രം രോഗം മൂലം ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു.

Also Read: സംസ്ഥാനത്ത് 240 പേര്‍ക്ക് ഇന്ന് കോവിഡ്19; പുതിയ 13 ഹോട്ട്‌സ്‌പോട്ടുകള്‍

DONT MISS
Top