ചൂഷണം എന്ന്‌ സംശയം; ചൈനയില്‍ നിന്ന് മുടി ഇറക്കുമതി ചെയ്യേണ്ടെന്ന് ഉറപ്പിച്ച് അമേരിക്ക

ചൈനയില്‍ നിന്ന് വ്യാപകമായി മുടി ഇറക്കുമതി ചെയ്യുന്ന പതിവിന് കാലങ്ങള്‍ക്കുശേഷം വിരാമമിട്ട് അമേരിക്ക. തടവുകാരേയും കുട്ടികളേയും കൊണ്ട് നിര്‍ബന്ധിതമായി പണിയെടുപ്പിച്ചും മാനസികമായി ചൂഷണം ചെയ്തുമാണ് മുടി ശേഖരിക്കപ്പെടുന്നത് എന്ന സൂചനയെത്തുടര്‍ന്നാണ് അമേരിക്ക ചൈനയില്‍ നിന്നുമുള്ള ഇറക്കുമതി വേണ്ടെന്ന് വെച്ചത്. 8,00,000 ഡോളറിന്റെ ഇറക്കുമതി അമേരിക്ക തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സിന്‍ജിയിങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നുമാണ് അമേരിക്ക വ്യാപകമായി മനുഷ്യരുടെ മുടി ഓര്‍ഡര്‍ ചെയ്തിരുന്നത്. തൊഴിലാളികള്‍ക്ക് യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ അധികസമയം നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഓര്‍ഡറുകള്‍ പിന്‍വലിക്കുന്നതെന്ന് യു എസ് വ്യക്തമാക്കി. കുട്ടികളെക്കൊണ്ടും കഠിനമായി ജോലി ചെയ്യിപ്പിക്കുന്ന ഇത്തരം ചൈനീസ് സ്ഥാപനങ്ങളോട് ഒരു തരത്തിലും യോജിച്ചുപോകാനാകില്ലെന്നും യു എസ് കൂട്ടിച്ചേര്‍ത്തു.

‘നിര്‍ബന്ധിതതൊഴില്‍ ഗുരുതരമായ മനുഷ്യാവകാശലംഘനമാണെന്ന് മാത്രമല്ല, അത് വിപണിയില്‍ അനാരോഗ്യകരമായ മത്സരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. ഇതിന് കൂട്ടുനില്‍ക്കാനാകില്ല’. അമേരിക്കയിലെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അസിസ്റ്റന്റ് കമ്മീഷണര്‍ ബ്രെന്‍ഡാ സ്മിത്ത് വ്യക്തമാക്കി. മുടി ശേഖരിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ പണിയെടുക്കുന്നവരിലധികവും ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാളെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും സ്മിത്ത് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

മുടി വില്‍പ്പനകേന്ദ്രങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്ന ചൈനയിലെ ചില പ്രദേശങ്ങളില്‍ ഒരു മില്യണിനടുത്ത് മുസ്ലീങ്ങള്‍ അഭയാര്‍ഥിക്യാമ്പുകളില്‍ കഴിഞ്ഞുവരുന്നതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പുകളിലെ മുസ്ലീങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയോട് ചൈന എംബസി വിശദീകരിച്ചിരുന്നു. നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്നു എന്ന ആരോപണം പൂര്‍ണ്ണമായും വാസ്തവവിരുദ്ധമാണെന്നും എംബസി മറുപടി നല്‍കിയിരുന്നു. നിര്‍ബന്ധിത തൊഴിലിന്റെ ഭാഗമായ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ലെന്നത് യു എസ് നയമാണെന്നും മുന്‍പ് ഇത്തരത്തിലുള്ള വസ്ത്രങ്ങളുടേയും വജ്രങ്ങളുടേയും ഇറക്കുമതി യു എസ് നിര്‍ത്തിവെച്ചിരുന്നുവെന്നും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി വ്യക്തമാക്കി.

Also Read: ഹോം ക്വാറന്റീനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം; പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇവ

DONT MISS
Top