ഒരാള്‍ തന്നെ ഭരിക്കുന്നിടത്ത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് അര്‍ഥമെന്ത്? റഷ്യയില്‍ ഭരണഘടനാഭേദഗതി പിന്‍വലിക്കാന്‍ പ്രതിഷേധം

Vladimir Putin

വ്‌ലാഡിമര്‍ പുട്ടിന് 2036 വരെ റഷ്യ ഭരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഭരണഘടനാഭേദഗതിയ്ക്ക് ഭൂരിപക്ഷം ജനങ്ങളുടേയും അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ അതിനെ എതിര്‍ത്തുകൊണ്ട് മോസ്‌ക്കോ നഗരത്തിലും പരിസരത്തും പ്രതിഷേധം ശക്തമാകുന്നു. ദീര്‍ഘകാലം ഒരാള്‍ തന്നെ രാജ്യം ഭരിക്കാനാണെങ്കില്‍ ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്ക് എന്ത് അര്‍ഥമാണുള്ളതെന്ന് ചോദിച്ചുകെണ്ടാണ് പ്രതിഷേധക്കാര്‍ നഗരപ്രദേശത്ത് തടിച്ചുകൂടിയത്. റഷ്യയിലെ 78 ശതമാനത്തിലധികം ജനങ്ങളും ഭേദഗതിയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

രണ്ട് പതിറ്റാണ്ടുകളായി റഷ്യന്‍ പ്രസിഡന്റായിരുന്ന പുടിന് രണ്ട് ടേമുകള്‍ കൂടി രാജ്യം ഭരിക്കാനുള്ള അനുമതിയാണ് ഭരണഘടനാഭേദഗതി നല്‍കുന്നത്. രാജ്യത്തെ 98 ശതമാനം പേരും ജനഹിത പരിശോധനാ വോട്ടിംഗില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനഹിത പരിശോധന സമയത്ത് തന്നെ ഒരു കൂട്ടമാളുകള്‍ പ്രതിഷേധറാലിയുമായി രംഗത്തെത്തിയത് രംഗം കലുഷിയമാക്കിയിരുന്നു. ജനഹിത പരിശോധന ഒരാഴ്ച്ച നീണ്ടുനിന്നത് ജനങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചതായും വിമര്‍ശകര്‍ ആരോപിച്ചു.

‘നമ്മുടെ രാജ്യം, നമ്മുടെ ഭരണഘടന, നമ്മുടെ തീരുമാനം’ എന്ന വാക്യത്തോടൊപ്പമാണ് റഷ്യയില്‍ ജനഹിത പരിശോധനയ്ക്കായി വ്യാപക പ്രചരണങ്ങള്‍ നടന്നത്. നിരവധി ഭരണഘടന ഭേദഗതികള്‍ക്കൊപ്പം സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഭേദഗതിയ്ക്ക് അനുകൂലമായും പ്രചാരണങ്ങളുണ്ടായിരുന്നു. പ്രകൃതിയില്‍ പുരുഷനും സ്ത്രീയും മാത്രമാണ് വിവാഹത്തിലൂടെ ഒന്നിക്കേണ്ടതെന്ന രീതിയിലായിരുന്നു രാജ്യവ്യാപകമായ പ്രചാരണം.

സാമൂഹ്യ അകലം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ദിവസങ്ങളോളം ജനഹിത പരിശോധന നീട്ടിക്കൊണ്ട് പോയതെന്ന് റഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. 2036 വരെ പുടിന് രാജ്യം ഭരിക്കാന്‍ അനുമതി നല്‍കുന്നതിനൊപ്പം സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍കൂടി ചേരുമ്പോള്‍ റഷ്യയില്‍ തുറന്ന സംവാദത്തിനും ജനങ്ങളുടെ തിരഞ്ഞെടുപ്പിനുമുള്ള അവസാനസാധ്യതയും അവസാനിച്ചതായി വിമര്‍ശകര്‍ കുറ്റപ്പെടുത്തി. സമൂലമായ മാറ്റങ്ങള്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായാണ് പൊരുതുന്നതെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ മിഖെയ്ല്‍ വോള്‍ക്കോവ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഹോം ക്വാറന്റീനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം; പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇവ

DONT MISS
Top