വേറെ പണിയില്ലാത്തവരാണ് വ്യാജവാര്‍ത്ത പരത്തുന്നത്; പ്രതികരിച്ച് എസ് ജാനകി

രണ്ട് ദിവസം മുന്‍പ് വ്യാപകമായി പ്രചരിച്ച വ്യാജമരണവാര്‍ത്തയെക്കുറിച്ച് നേരിട്ട് പ്രതികരണമറിയിച്ച് എസ് ജാനകി. എസ് ജാനകി അന്തരിച്ചു എന്ന നിലയ്ക്ക് പ്രചാരം നേടിയ വാര്‍ത്ത നിരവധിപേര്‍ വിശ്വസിച്ച പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ജാനകി നേരിട്ടെത്തിയത്. വേറെ പണിയില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ പരത്തുന്നതെന്നും ഷെയര്‍ ചെയ്യുന്നതിനുമുന്‍പ് ഒരു വാര്‍ത്ത സത്യമാണോ എന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമായിരുന്നു തെന്നിന്ത്യയുടെ പ്രിയ ഗായികയുടെ പ്രതികരണം. ഇതാദ്യമായല്ല ജാനകി അന്തരിച്ചുവെന്ന വ്യാജവാര്‍ത്ത പ്രചരിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ വാര്‍ത്ത പ്രചരിച്ചുതുടങ്ങിയപ്പോള്‍ തന്നെ ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ഇത്തരം വ്യാജവാര്‍ത്തകള്‍ തന്റെ പ്രീയപ്പെട്ടവരെ വേദനിപ്പിക്കുന്നുണ്ടെന്നും തന്റെ ആരോഗ്യനിലയെക്കുറിച്ച് ആത്മാര്‍ഥമായ കരുതലുള്ളവരെ ഇത്തരം വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്നും എസ് ജാനകി മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെടുന്നത് ഭയപ്പെടുത്തുന്നുണ്ടെന്നും ജാനകി കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തയോട് പ്രതികരിക്കുന്ന വേളയില്‍ എസ് പി ബാലസുബ്രഹ്‌മണ്യവും രോഷാകുലനായിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ അപകടകരമായ മാനസികനിലയെ അപലപിച്ചുകൊണ്ട് ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് എസ് പി ബി കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.

‘രാവിലെതന്നെ എനിക്ക് ജാനകിയമ്മയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് ഇരുപതോളം ഫോണ്‍കോളുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏതോ ഒരാള്‍ ജാനകിയമ്മ മരിച്ചു എന്ന് പ്രചരിപ്പിച്ചതാണ് കാരണം. ഇവര്‍ ഇതുകാണ്ടൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് മനസിലാകുന്നില്ല.’ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് എസ് പി ബി വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള ഗായികമാരില്‍ ഒരാളായ 82 വയസുകാരിയായ എസ് ജാനകി അന്തരിച്ചുവെന്ന് കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Also Read: ജെഇഇ ഇല്ലാതെ പ്രോഗ്രാമിംഗ്, ഡാറ്റാ സയന്‍സ് എന്നിവയില്‍ ബിഎസ്‌സിയും, ഓണ്‍ലൈന്‍ ഡിപ്ലോമയും നല്‍കി ഐഐടി മദ്രാസ്

DONT MISS
Top