കോവിഡ്19: അന്താരാഷ്ട്രവിപണിയില്‍ നിന്നും ഇന്ത്യന്‍കാപ്പി പുറത്താകുമോ?

കൊച്ചി: കോവിഡ് മഹാമാരി മനുഷ്യരാശിക്കേല്‍പ്പിച്ച അപ്രതീക്ഷിതപ്രഹരത്തിന്റെ ആഘാതം ഇനിയും നാം കണ്ടും, അനുഭവിച്ചും അറിയേണ്ടിയിരിക്കുന്നു. ഏതാണ്ട് ഏഴുമാസത്തോളം മുന്‍പാണ് കോവിഡ്19 ലോകത്താകമാനം ഭീതിവിതച്ചു കൊണ്ട് താണ്ടവം തുടങ്ങിയത്. രാജ്യത്തിന്റെ അടിസ്ഥാനമേഖലകളിലേറ്റ തിരിച്ചടിയായി തുടങ്ങി ഇപ്പോള്‍ വസ്ത്രവ്യാപാരം, കയറ്റുമതി മുതലായ മേഖലകളിലും മാന്ദ്യം പ്രകടമായി തുടങ്ങുന്നു. ഈ ചുറ്റുപാടില്‍ രാജ്യം വ്യവസായികവും, സാമ്പത്തികവുമായ തളര്‍ച്ചയെ നേരിടേണ്ടിവരുമെന്നത് ഏറെക്കുറെ പ്രതിക്ഷിച്ചിരുന്നത് തന്നെ. പക്ഷേ ഇന്നത്തെ ഇന്ത്യന്‍തൊഴില്‍സാഹചര്യം ഓരോ വ്യവസായികളില്‍ നിന്നും ശക്തമായ മുന്‍കരുതലുകളും, അണുവിട തെറ്റാത്ത ജാഗ്രതയും, ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടലുകളും ആവശ്യപ്പെടുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ സൂചന നല്‍കുന്നത്.

പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം കാപ്പിയെക്കുറിച്ചു തന്നെ. കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇറ്റലി ലോകത്തിലെതന്നെ ഏറ്റവുംമികച്ച വിപണികളിലൊന്നാണെന്ന് ഓര്‍ക്കുമല്ലോ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ് കാപ്പി. ഇറ്റാലിയന്‍ എസ്‌പ്രെസ്സോയും, മറ്റു കാപ്പിക്കൂട്ടുകളും നമുക്കും പരിചിതം തന്നെ. ഇന്ത്യയാകട്ടെ കാപ്പിയുടെ ഉത്പാദനത്തിലും, കയറ്റുമതിയിലും ഏഷ്യയില്‍ മൂന്നാം സ്ഥാനത്തും, ലോകവിപണിയില്‍ ഉത്പാദനരംഗത്ത് ആറാംസ്ഥാനവും, കയറ്റുമതിയില്‍ അഞ്ചാംസ്ഥാനവും കൈയാളുകയുമാണ്. കാലങ്ങളായി വേറൊരു രാജ്യത്തിനും അടിയറവെക്കാതെയാണ് ഇന്ത്യ ഈ മേഘലയില്‍ തങ്ങളുടെ മുന്നേറ്റം തുടരുന്നത്.

എന്നാലിപ്പോഴത്തെ പ്രത്യേകസാഹചര്യത്തിലാണ് ഇറ്റലിയുടെ വിപണിവിഹിതത്തിന്‍ മേലുള്ള ഇന്ത്യന്‍കാപ്പിയുടെ സ്ഥാനം പതിയെ ബ്രസീലീന് കൈമാറേണ്ടി വന്നേക്കാന്‍ സാധ്യതയുണ്ടെന്ന് അനുമാനിക്കപ്പെടുന്നത്. ഇറ്റലി കൂടാതെ ജര്‍മ്മനി, റഷ്യ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും വലിയ തോതില്‍ ഇന്ത്യന്‍കാപ്പിയുടെ ഉപഭോക്താക്കളാണ്. എന്നാല്‍ കോവിഡ്ബാധ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കുറഞ്ഞവിലക്ക് ഇറക്കുമതി നടത്തുന്നവരെയാണ് യൂറോപ്പ്യന്‍യൂണിയന്‍ തേടിയത്. അതുകൊണ്ടുതന്നെ ചെറുകിട-ഇടത്തരം ഇന്ത്യന്‍കച്ചവടക്കാര്‍ക്ക് ഈ സാഹചര്യം മുതലാക്കാനായില്ലയെന്നത് ചെറിയ നഷ്ടമല്ല നമുക്ക് വരുത്തിവെക്കുന്നത്. വിനിമയം ചെയ്യാനുള്ള പണത്തിന്റെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലനിലവാരവും ഈയവസ്ഥയില്‍ ഇന്ത്യന്‍കയറ്റുമതിരംഗത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ബ്രസീലിയന്‍ കറന്‍സിക്ക് വിനിമയമൂല്യം കുറഞ്ഞതും കയറ്റുമതിത്തോത് കൂട്ടാന്‍ അവര്‍ക്ക് സഹായകമായിട്ടുണ്ടായേക്കാം എന്നും ഇന്ത്യന്‍കോഫി എക്‌സ്‌പോര്‍ട്ടേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് രമേഷ് രാജന്‍ അഭിപ്രായപ്പെടുന്നു.

Also Read : പ്ലാസ്റ്റിക്ക്: കൊവിഡ് കാലത്തെ അപ്രതീക്ഷിത രക്ഷകന്‍

കോവിഡ് മൂലം ഈ രംഗത്തുമാത്രം 441 കോടിരൂപയുടെ വിളനഷ്ടം കണക്കാക്കപ്പെടുന്നുവെന്നും, കയറ്റുമതിരംഗത്തുണ്ടായ നഷ്ടം മാത്രം ഏതാണ്ട് 200-250കോടിയുടെ പരിധിയില്‍ വരുമെന്നും അസ്സോസിയേഷന്റെ കര്‍ണാടകഘടകം അറിയിച്ചു. വയനാടാണ് കേരളത്തില്‍ കാപ്പിക്കൃഷിയുള്ള ഏകജില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 6 ശതമാനത്തോളമാണ് ഇത്തവണ വിലയില്‍ ഇടിവ് സംഭവിച്ചിട്ടുള്ളത്. കാപ്പികര്‍ഷകരെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ഒരു ഘട്ടമാണിതെന്നും വയനാട് കോഫി ഗ്രോവേഴ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി പ്രശാന്ത് രാജേഷ് പറയുന്നു.

ഈയവസരത്തില്‍ കര്‍ഷകരും, വ്യവസായികളും ചേര്‍ന്ന് കൂടുതല്‍ സാമ്പത്തികസഹായങ്ങളും, നികുതികളെയും, തീരുവകളെയും സംബന്ധിച്ചുള്ള കാലാവധി നീട്ടികൊടുക്കുകയോ ചെയ്തുതരണമെന്നും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അല്ലാത്തപക്ഷം ഗുണനിലവാരം കൊണ്ടും, ലഭ്യത കൊണ്ടും തങ്ങളുടെ മിന്നുംസാന്നിദ്ധ്യം അറിയിച്ച നമ്മുടെ സ്വന്തം കാപ്പിയും അന്താരാഷ്ട്രവിപണിയില്‍ നിന്നും വൈകാതെ പുറത്താകും.

Also Read : സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നത് മയക്കുമരുന്ന് കടത്തിനേക്കാള്‍ പൈശാചികം: ഒഡീസ ഹൈക്കോടതി

DONT MISS
Top