ജോസ് കെ മാണി ധാരണകള്‍ പാലിച്ചില്ല, പുറത്താക്കിയത് യുഡിഎഫിന്റെ വിശ്വാസ്യത തകരുമെന്നായപ്പോള്‍: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് യുഡിഎഫിലുളള ആരും ആഗ്രഹിക്കാത്ത തീരുമാനമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ വിശ്വാസ്യത തകരും എന്നായപ്പോഴാണ് മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ജോസ് കെ മാണി വിഭാഗം ധാരണകള്‍ പാലിച്ചില്ല. സംസ്ഥാന തലത്തിലുളള ഒരു പ്രശ്‌നമായിരുന്നില്ല അത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മുമ്പ് തര്‍ക്കം വന്നപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. എഗ്രിമെന്റ് ഇല്ല എന്ന് സമ്മതിക്കുന്നു. ധാരണമാത്രം. എട്ട് മാസം ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍നിന്നും ആറ് മാസം പിജെ ജോസഫിന്റെ പാര്‍ട്ടിയില്‍നിന്നും പ്രസിഡന്റ് വേണം എന്നായിരുന്നു ധാരണ. ഈ ധാരണ നടപ്പാക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയില്‍ എടുത്ത തീരുമാനമാണ് പുറത്താക്കല്‍. ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നാല് മാസത്തോളം സമയമെടുത്തിട്ടും പ്രശ്‌നപരിഹാരം ഉണ്ടായില്ലെന്നും വിശ്വാസ്യത നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് തീരുമാനമെടുത്തത് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫിന് മാണി നല്‍കിയ സംഭാവനകള്‍ മറന്നിട്ടില്ല, മറക്കുകയുമില്ല. ധാരണ നടപ്പാക്കി ജോസ് വിഭാഗം മുന്നോട്ട് വരണമെന്നാണ് ആഗ്രഹം എന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Also Read: ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ഡിഎഫ് ഇല്ല: കാനം രാജേന്ദ്രന്‍

DONT MISS
Top