വിക്കി കൗശലിന്റെ അമ്പരിപ്പിക്കുന്ന രൂപമാറ്റം; ഏറ്റെടുത്ത് ആരാധകര്‍

കൈകാര്യം ചെയ്തിരിക്കുന്ന പ്രമേയം കൊണ്ടും അഭിനേതാക്കളുടെ മിന്നും പ്രകടനം കൊണ്ടും മികച്ച നിരൂപകപ്രശംസ കൊണ്ടും ഭൂരിപക്ഷം ചലച്ചിത്രാസ്വാദകരുടെയും മനസ്സിലിടം നേടിയ ചിത്രങ്ങളാണ് റാസി, തല്‍വാര്‍, ചാപ്പക് മുതലായവ. മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ സംവിധാനത്തിലും തിരക്കഥയിലും പതിഞ്ഞിരിക്കുന്നത് ശ്രീമതി മേഘ്‌ന ഗുല്‍സാറിന്റെ കൈയൊപ്പാണ്. 2002ല്‍ സിനിമയ്‌ക്കൊപ്പം തുടങ്ങിയയാത്രയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ തന്റേതും കൂടിയാണെന്ന് അടയാളപ്പെടുത്തിയിരിക്കുന്നു മേഘ്‌ന.

അതുകൊണ്ട് തന്നെ ഈ ഇരുണ്ടദിനങ്ങളില്‍ മനസ്സിന് സന്തോഷവും തെളിച്ചവും ഒട്ടൊരത്ഭുതവും തന്നൊരു വാര്‍ത്താശകലവും ചിത്രവുമാണ് മേഘ്‌നയുടെ അടുത്തചലച്ചിത്രത്തെ പറ്റിയുള്ള ആദ്യവാര്‍ത്തയായി നിറയുന്നത്. ഇന്ത്യയുടെ ആദ്യ ഫീല്‍ഡ്മാര്‍ഷല്‍ സാം മനേക് ഷായുടെ ജീവിതയാത്രയെ ആസ്പദമാക്കിയാണ് അവര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ വിക്കി കൗശലാണ് കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച് മികച്ചനടനായി ഇതിനകം പേരെടുത്ത വിക്കിയുടെ ഈ പുതിയ ആവിഷ്‌കാരത്തെ തിരശീലയില്‍ കാണാന്‍ ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്.

ഈ പ്രതീക്ഷകളെ ആവേശപ്പെടുത്തിക്കൊണ്ടാണ് വിക്കി കൗശല്‍, പുതിയ സിനിമയിലെ നായകകഥാപാത്രത്തെ സാദൃശ്യപ്പെടുത്തുന്ന തന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ രൂപത്തെയും, ഭാവവാഹാദികളെയും മനോഹരമായി ഒപ്പിയെടുത്തു കൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക യൂണിഫോമിലുള്ള ഈ ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫീല്‍ഡ്മാര്‍ഷല്‍ സാം മനേക് ഷായുടെ ചരമവാര്‍ഷിക ദിനമാണ് ഈ ചിത്രം പങ്ക് വെക്കാന്‍ വിക്കി തിരഞ്ഞെടുത്തത്. ചിത്രത്തോടൊപ്പം താരം ഇങ്ങനെ കുറിച്ചു. എന്നെ തിരഞ്ഞെടുത്തതില്‍ ഭയങ്കരമായ അഭിമാനമുണ്ട് ഒപ്പം കൂടുതല്‍ ഉത്തരവാദിത്വവും.

ഇന്ത്യ കണ്ട മികച്ചകരസേനാ മേധാവിയുടെ കഥ പറയുന്ന ഈ ചിത്രത്തെ പറ്റി സിനിമാലോകത്തിനും, പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ വാനോളമാണ്. പേരെടുത്ത സംവിധായികയുടെയും, നടന്റെയും കൂട്ടുകെട്ട് ഈ ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പിന്നണിസംസാരം.

Also Read: കോവിഡ്19നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം മനുഷ്യരില്‍ വിജയകരമെന്ന് ചൈന

DONT MISS
Top