കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമക്കുരുക്ക് മുറുക്കി ബിജെപി

ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ നിയമക്കുരുക്കുകളും മുറുകുന്നു. യുപിയിലെ കാണ്‍പൂരിലെ കെയര്‍ഹോമില്‍ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ ഭരണകൂടത്തെ വിമര്‍ശിച്ച പ്രിയങ്കാ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ നിരവധി നേതാക്കള്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാവുകയാണ്.

ഗുജറാത്ത് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സജീവമായ അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. സ്‌റ്റെര്‍ലിംഗ് ബയോടെക് പ്രമോട്ടര്‍മാരുമായി പട്ടേലിന് ബന്ധമുണ്ട് എന്ന സാക്ഷിമൊഴിയെത്തുടര്‍ന്നാണ് ചോദ്യം ചെയ്തത്.

പ്രധാനമന്ത്രിയേയും ആര്‍എസ്എസിനേയും വിമര്‍ശിച്ച് കുറിപ്പ് എഴുതിയ ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് നീരജ് ഭാരതിയെ അറസ്റ്റ് ചെയ്യുകയുണ്ടായി. രാജ്യദ്രോഹമാണ് ചുമത്തിയിരിക്കുന്ന കുറ്റം. മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനെതിരെ കേസ് എടുത്തു. മണിപ്പൂരില്‍ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായതോടെ ഭരണത്തിന് അവകാശമുന്നയിച്ച ഓക്രം ഇബോബി സിംഗിനേയും കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്.

അഴിമതിയുടെ കൂത്തരങ്ങായിരുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്തെ പല കേസുകളും എന്‍ഡിഎ ഇപ്പോഴും മുന്നോട്ട് കൊണ്ടുപോവുകയാണ്. പ്രത്യേകിച്ചും രണ്ടാം യുപിഎ സര്‍ക്കാന്‍ വരുത്തിവെച്ച വിനകള്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നു. എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന പല നിലപാടുകളിലും ഒരു വിമര്‍ശനം പോലും ഉന്നയിക്കാനാകാതെ ഉഴറുകയാണ് പേരിനെങ്കിലും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്.

Also Read: കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍, ഇന്ത്യയില്‍ രോഗവിമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു: മോദി

DONT MISS
Top