റമീസിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിപ്പില്ല, വിശ്വാസ്യത തെളിയുംവരെ റമീസ് ചിത്രത്തില്‍നിന്ന് മാറിനില്‍ക്കും: ആഷിഖ് അബു

ഫെയ്‌സ്ബുക്കിലെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സുമായി ബന്ധമുള്ള റമീസിനെ തള്ളിപ്പറഞ്ഞ് ആഷിഖ് അബു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘വാരിയംകുന്നന്‍’ എഴുതുന്നതില്‍ റമീസും പങ്കാളിയായിരുന്നു. എന്നാല്‍ തുടര്‍ന്ന് റമീസിന്റെ പഴയ കുറിപ്പുകള്‍ വൈറലായി. ഇതിലെല്ലാം തീവ്രമായ മതപ്രചാരണവും ന്യായീകരണങ്ങളും കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ആഷിഖ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

സൈബര്‍ ലോകത്ത് താലിബാന്‍ ഗ്രൂപ്പ് എന്നുപോലും അറിയപ്പെടുന്ന റൈറ്റ് തിങ്കേഴ്‌സില്‍ തീവ്രവാദത്തെ അനുകൂലിക്കുന്ന പല കുറിപ്പുകളും വരാറുണ്ട് എന്നുമാത്രമല്ല പൊലീസിന്റെയും എന്‍ഐഎയുടെയും നോട്ടപ്പുള്ളികള്‍ അംഗങ്ങളായതുമാണ്. റമീസും ഇത്തരത്തിലുള്ള കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം മുന്‍പ് എഴുതിയതായി പ്രചരിക്കുന്ന പല സ്‌ക്രീന്‍ ഷോട്ടുകളും ഞെട്ടിക്കുന്നതും തീവ്ര നിലപാടുകള്‍ ഉള്ളതുമാണ്.

ഇക്കാര്യത്തില്‍ ആഷിഖ് അബു എഴുതിയ കുറിപ്പ് താഴെ വായിക്കാം.

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത.

മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം.

സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്‌സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും.

തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

Also Read: ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

DONT MISS
Top