ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

ഇമ്രാന്‍ ഖാന്‍

ഇസ്ലമാബാദ്‌ : 9-11 എന്ന ചുരുക്കെഴുത്തിലറിയപ്പെടുന്ന അമേരിക്കന്‍ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഒസാമ ബിന്‍ലാദനെ, രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്നലെ പാകിസ്താന്‍ നാഷണല്‍ അസംബ്ലിയില്‍ തന്റെ ഗവണ്‍മെന്റിന്റെ വിദേശകാര്യനയത്തെ പറ്റി പരാമര്‍ശിക്കുമ്പോഴാണ് ഇമ്രാന്‍ഖാന്‍, ബിന്‍ലാദനെ ഇങ്ങനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ അഭിമാനസ്തംഭംങ്ങളായിരുന്ന ഇരട്ടഗോപുരങ്ങള്‍ അപ്രതീക്ഷിത വിമാനാക്രമണത്തിലൂടെ തകര്‍ത്തെറിഞ്ഞ ഭീകരസംഘടനയായാണ് അല്‍ഖ്വയ്ദ ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് വരുന്നത്.

ബിന്‍ലാദനെ പാകിസ്താന്‍മണ്ണായ അബോട്ടാബാദില്‍ വെച്ച് വധിച്ചത് രാജ്യത്തിന് കനത്ത അപമാനം വരുത്തിവെച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായി നിലകൊണ്ട് ഭീകരാക്രമണങ്ങള്‍ക്കെതിരെ അവര്‍ നടത്തുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ കൊടുക്കുന്ന തങ്ങളോട്, അമേരിക്ക കൈക്കൊണ്ടത് പാകിസ്താനെ മറ്റു രാജ്യങ്ങളുടെ മുന്നില്‍ നാണം കെടുത്തുന്ന തരം നിലപാടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളുള്‍പ്പെടെയുള്ള എല്ലാ യുദ്ധസന്നാഹങ്ങളും, തങ്ങളുടെ അറിവോ, സമ്മതമോ കൂടാതെയായിരുന്നു. അവര്‍ക്ക് വിജയകരവും, പരാജയവുമായി രേഖപ്പെടുത്താവുന്ന പല യുദ്ധങ്ങളിലുമായി പാകിസ്താന് നഷ്ടപ്പെട്ടത് 70,000ത്തോളം പാകിസ്താനികളെയാണ്. എന്നിട്ടും അന്താരാഷ്ട്രസമൂഹത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ വില ഇടിച്ചുകളയുന്ന തരത്തിലായിരുന്നു  യുഎസിന്റെ വാദമുഖങ്ങള്‍ എന്നും  ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വിഷയത്തിന്‍മേലുള്ള ഇമ്രാന്‍ഖാന്റെ എല്ലാ അഭിപ്രായങ്ങളോടും, പ്രതിപക്ഷം ശക്തമായഭാഷയില്‍ പ്രതികരിച്ചു. ഒസാമ ബിന്‍ലാദനെ രക്തസാക്ഷി എന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതിനെ, ഖ്വാജ മുഹമ്മദ് അസിഫ് ചോദ്യം ചെയ്തു. അദ്ദേഹം പ്രതിപക്ഷകക്ഷിയിലെ അംഗവും, മുന്‍ വിദേശകാര്യമന്ത്രിയുമാണ്. പാക് മണ്ണില്‍ ഭീകരത കൊണ്ടുവന്ന തീവ്രവാദിയെ രക്തസാക്ഷിയാക്കുകയാണെങ്കില്‍, അല്‍ഖ്വയ്ദയെ തുടച്ചുനീക്കാനുള്ള ഭീകരാക്രമണങ്ങളില്‍ ജീവന്‍ വെടിഞ്ഞ പാക് പൗരന്‍മാര്‍ക്കും, സൈനികര്‍ക്കും ഏത് പദവിയാണ് നല്‍കേണ്ടതെന്നും നിയമസഭാഗം മുസ്തഫ നവാസ് ഖോക്കര്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രധാനമന്ത്രിയെ തന്നെ കണക്കാക്കേണ്ട സാഹചര്യമാണുണ്ടാക്കുന്നതെന്നും ഖോക്കര്‍ അഭിപ്രായപ്പെട്ടു.

ദൗര്‍ഭാഗ്യകരമായ ഇത്തരം പ്രസ്താവനകള്‍ വഴി പ്രധാനമന്ത്രി യുവതലമുറക്ക് എന്തുസന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്നും, താലിബാന്‍ഖാന്‍ എന്ന പേര്, കൂടുതലുറപ്പിക്കാന്‍ സഹായകമാകുന്ന പരാമര്‍ശങ്ങളായി മാത്രമേ ഇതിനെ കാണാനാകൂ എന്നും ഖോക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: രാജ്യത്തെ കോവിഡ് മരണം 15,000 കടന്നു; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 17,296 പേര്‍ക്ക്

DONT MISS
Top