മടങ്ങിവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കും, അടുത്ത ഐപിഎല്‍ ലേലത്തില്‍ തന്റെ പേരുമുണ്ടാകും; ആത്മവിശ്വാസത്തില്‍ ശ്രീശാന്ത്

ശ്രീശാന്ത്

ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന ആത്മവിശ്വാസത്തില്‍ ശ്രീശാന്ത്. ക്രിക്കറ്റ് കരിയറില്‍ നേരിട്ട എല്ലാ തിരിച്ചടികള്‍ക്കും മറുപടി ഐപിഎല്ലിലൂടെത്തന്നെ നല്‍കും. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് നയം വ്യക്തമാക്കിയത്.

മടങ്ങിവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ അടുത്തവര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ എന്റെ പേരും ഉണ്ടാകും. അത് സാധിക്കുമെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എന്നെ ടീമിലെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ഞാന്‍ ഐപിഎല്‍ കളിക്കുമെന്ന് എന്നോടുതന്നെ പറഞ്ഞുറപ്പിക്കാറുണ്ട്. ഐപിഎല്ലില്‍നിന്നാണ് ഞാന്‍ വലിച്ചെറിയപ്പെട്ടത്. അതുകൊണ്ട് അവിടേക്കുതന്നെ ഞാന്‍ മടങ്ങിയെത്തു. ശ്രീശാന്ത് പറഞ്ഞു.

ദിവസവും അഞ്ച് മണിക്കൂറോളം ബൗളിംഗ് പരിശീലിക്കുകയാണ് ശ്രീശാന്ത് ഇപ്പോള്‍. ബാസ്‌കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദ്ദാനേപ്പോലുള്ള വലിയ താരങ്ങളെ പരിശീലിപ്പിച്ച ടിം ഗ്രോവറിന് കീഴില്‍ മാനസികാരോഗ്യ പരിശീലനവും തുടരുന്നു. രാവിലെ അഞ്ചര മുതല്‍ മൂന്ന് മണിക്കൂറാണ് ഈ പരിശീലനം. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങുക എന്നതാണ് താരത്തിന്റെ ആത്യന്തിക ലക്ഷ്യം.

Also Read: സച്ചിനെതിരെ എടുത്ത തീരുമാനങ്ങള്‍ തെറ്റായിപ്പോയി; ഒടുവില്‍ ‘കുറ്റസമ്മതം’ നടത്തി സ്റ്റീവ് ബക്‌നര്‍

DONT MISS
Top