ഗര്‍ഭഛിദ്രം നിഷേധിക്കപ്പെടുന്നത് പ്രസവശേഷമുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമ്പോള്‍; പൊള്ളുന്ന വിഷയം പറഞ്ഞ് ‘അവള്‍’

ഗര്‍ഭഛിദ്രം നിഷേധിക്കപ്പെടുന്നത് വളരെ വലിയ മാനസിക പ്രശ്‌നത്തിലേക്ക് നയിക്കാം എന്ന വിഷയം വ്യക്തമാക്കുന്ന അവള്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അമ്മ കുഞ്ഞിനെ കൊന്നു, കൈക്കുഞ്ഞിനെ ഉപദ്രവിച്ച് അമ്മ എന്നൊക്കെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥിരം പ്രത്യക്ഷപ്പെടാറുള്ളതാണ്. പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍  കൂട്ടിച്ചേര്‍ക്കുന്ന അതി ക്രൂരയായ സ്ത്രീ, സ്ത്രീയുടെ മറ്റ് ബന്ധങ്ങള്‍, ഭര്‍ത്താവിനോട് സ്‌നേഹക്കുറവ് കാണിച്ചുവെന്ന് ആരോപിക്കുന്ന സംഭവങ്ങള്‍, വീട്ടുകാരോട് മോശമായി പെരുമാറി എന്നിങ്ങനെ പറയാവുന്നതിന്റെ അങ്ങേയറ്റം മോശമായതും നൂറുശതമാനം തെറ്റുമായ പലതുമാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളാവുക.

അവസാനം ഒരു ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുടെ മനോനിലയിലേക്ക് വായനക്കാരന്‍ എത്തുകയും വാര്‍ത്തയില്‍ പറയപ്പെടുന്ന സ്ത്രീയെ വിധിക്കുകയും ചെയ്യും. എന്നാല്‍ ഒരിക്കല്‍പോലും ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ, വിഷാദരോഗം പോലുള്ള സങ്കീര്‍ണമായ അവസ്ഥകളിലേക്ക് കടന്നിരുന്നോ എന്നൊന്നും പരിശോധിക്കപ്പെടാറില്ല. ഏതവസ്ഥയിലൂടെയാണ് സ്ത്രീ കടന്നുപോകുന്നത് എന്നും പ്രസവശേഷമുണ്ടായ മാറ്റങ്ങള്‍ എന്ത് എന്നും പ്രസവത്തിലേക്ക് നയിച്ച കാരണം എന്തെന്നും ആരും പരിഗണിക്കാറുമില്ല. എന്നാല്‍ ഇതുവരെ വെളിച്ചംവീശാത്ത ഒരു ഭാഗത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് ‘അവള്‍’.

ഹ്രസ്വചിത്രങ്ങളുടെ വിശാലമായ ലോകത്ത് അസാധാരണ ധൈര്യം പ്രകടിപ്പിച്ചുകൊണ്ട് ‘അവള്‍’ കടന്നുവരുന്നു. “എന്റെ ശരീരം എന്റേതാണ്” എന്ന് ഉറപ്പിച്ച് പറയാന്‍ ധൈര്യപ്പെടുന്ന, ഗര്‍ഭിണിയായ ഒരു യുവതിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഗര്‍ഭം ഒഴിവാക്കാന്‍ അവര്‍ നടന്നുന്ന പ്രയത്‌നങ്ങളും തുടര്‍ന്ന് നേരിടേണ്ടിവരുന്നതും ചിത്രം പറയുന്നു. ഗര്‍ഭം അലസിപ്പിക്കാനായി ഒരു യുവതി നടത്തുന്ന കഷ്ടപ്പാടുകളുടെ നേര്‍ക്കാഴ്ച്ചയാണ് ചിത്രം. ‘അവള്‍’ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളുടെ നേരിട്ടുള്ള അനുഭവപരിചയങ്ങള്‍ ഈ ഹ്രസ്വചിത്രത്തിന്‌ മുതല്‍ക്കൂട്ടാകുന്നുണ്ട്.

ഏതൊരു സ്ത്രീയും അനുഭവിക്കാറുള്ള പ്രസവമുറിയിലെ പീഡനങ്ങളുടെ കാര്യത്തിലും ചിത്രം മൗനം പാലിക്കുന്നില്ല. പതിനെട്ട് മിനുട്ടുകള്‍കൊണ്ട് ചിത്രത്തിലെ ഓരോ കഥാപാത്രത്തേയും അടുത്തറിയുന്ന നിലയിലേക്ക് പ്രേക്ഷകന്‍ എത്തുന്നു. മുഴച്ചുനില്‍ക്കാത്ത സംഗീതവും പൂര്‍ണ പിന്തുണനല്‍കിയ സിനിമാറ്റോഗ്രഫിയും മികച്ച ചിത്രസംയോജനവും ‘അവള്‍’ക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട്.

എങ്ങനെയാണ് ഇത്തരമൊരു വിഷയത്തിലേക്ക് എത്തിയത് എന്നും കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഒഴിവാക്കി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രമേയം എന്തുകൊണ്ട് സ്വീകരിച്ചു എന്നും ചിത്രത്തിന്റെ സംവിധായകന്‍ ആദര്‍ശ് കുമാര്‍ അണിയല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വിശദമാക്കുന്നു.

“ഇത് പറയേണ്ടത് അത്യാവശ്യമാണ് എന്നത് ഈ ചിത്രമുണ്ടാകാന്‍ ഒരു കാരണമാണ്. പറയാന്‍ ആളുകള്‍ മടിക്കുന്ന വിഷയമാണ് ഇത്. ആളുകള്‍ കാണാനും ശ്രദ്ധിക്കപ്പെടാനുമാണെങ്കില്‍ ഏതെങ്കിലും എളുപ്പമുള്ള സബ്ജക്ടുകള്‍ ചെയ്യാമായിരുന്നു. പക്ഷേ ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ അതുകൊണ്ട് എന്തെങ്കിലും മാറ്റം അല്ലെങ്കില്‍ എന്തെങ്കിലുമൊരു ഗുണം മറ്റുള്ളവര്‍ക്ക് ഉണ്ടാകണമെന്ന് വിചാരിക്കുന്നു. അങ്ങനെ അഡ്രസ് ചെയ്യേണ്ട വിഷയമായതുകൊണ്ടാണ് ചെയ്തത്”, ആദര്‍ശ് പറഞ്ഞു. ചിത്രത്തിനായി അഭിനേതാക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടിയെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു. “ഈ വേഷം ചെയ്യാന്‍ നിരവധി നടിമാരെ സമീപിച്ചെങ്കിലും ചിത്രം കൈകാര്യം ചെയ്യുന്നത് ഈ വിഷയമായതുകൊണ്ട് പലരും ഒഴിവാക്കി. കഥപറയുന്ന ഏഴാമത്തെ നടിയാണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്”.

സംവിധായകനും നിര്‍മാതാവും ഏറെ ശ്രമിച്ചതിന് ശേഷം ലഭിച്ച നായിക ഏയ്ഞ്ചല്‍ മേരി അഗസ്റ്റിന്‍ പൂര്‍ണമായ ബോധ്യത്തോടെതന്നെയാണ് ഇത് ഏറ്റെടുത്തത്. “തീര്‍ച്ചയായും ഈ ഒരു കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നെയാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്”  എയ്ഞ്ചല്‍ പറഞ്ഞു. “അബോര്‍ഷന്‍ ഒരു പാപമാണ് എന്ന് അറിവുവെച്ച കാലം മുതലേ കേട്ടുവളര്‍ന്ന ആളാണ് ഞാന്‍. അപ്പോഴൊന്നും അതിന്റെ മറുവശം ചിന്തിച്ചിട്ടില്ലായിരുന്നു. പറഞ്ഞു പഠിപ്പിച്ച കാര്യത്തെക്കാളും പ്രായംചെല്ലുംതോറും നമ്മള്‍ തന്നെ മനസ്സിലാക്കിയെടുക്കുന്ന കുറെയേറെ കാര്യങ്ങളുണ്ട്. അബോര്‍ഷന്‍ എന്നത് വലിയ ഒരു വെല്ലുവിളിയായും പ്രശ്‌നമായും നോക്കിക്കാണുന്ന സമൂഹം പ്രസവശേഷമുള്ള മാനസിക പ്രശ്‌നങ്ങള്‍, ഡിപ്രെഷന്‍, അവയിലൂടെ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ഒന്നും അഡ്രസ്സ് ചെയ്യുന്നില്ല. അബോര്‍ഷന്‍ നിഷേധിക്കുന്നത് ഒരു നിയമപരമായ തെറ്റാണ് എന്നത് സൗകര്യപൂര്‍വ്വം മറന്നുകളയുന്നതായും തോന്നുന്നു. ഒരു സോഷ്യോളജി വിദ്യാര്‍ഥി ആയതുകൊണ്ടുതന്നെ ഇതൊരു സാമൂഹിക പ്രശ്‌നമാണെന്നും ഇതിനെ അഡ്രസ്സ് ചെയ്യേണ്ടത് അനിവാര്യമാണെന്നും തോന്നി. പലരും മാറ്റിവെച്ച ഈ കഥാപാത്രം ഏറ്റെടുക്കാന്‍ എനിക്ക് ധൈര്യവും പൂര്‍ണ്ണ പിന്തുണയും തന്നത് സംവിധായകനാണ്. ഗ്രൂമിംഗ് സെഷന്‍ എന്നവണ്ണം കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ ഡോ. വീണയും പറഞ്ഞു മനസ്സിലാക്കിത്തന്നു”.

ചിത്രത്തിന്റെ നിര്‍മാതാവായ ഡോക്ടര്‍ വീണാ ജെഎസ് തന്റെ ചിത്രത്തേക്കുറിച്ച് ഏറെനേരം റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കുകയുണ്ടായി.

“ഒരു സ്ത്രീയ്ക്ക് തന്റെ ശരീരത്തില്‍ പൂര്‍ണ അവകാശവും അധികാരവും ഉണ്ട് എന്നുള്ളതാണ് ഞാന്‍ ഇതിലൂടെ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട കാര്യം. ഗര്‍ഭിണിയാകേണ്ടതില്ല എന്ന തന്റെ അഭിപ്രായം ഭർത്താവ് തള്ളിക്കളഞ്ഞു എന്ന് ആദ്യമേതന്നെ അവള്‍ സൂചിപ്പിക്കുന്നുണ്ട്. പിന്നീട് ഇതില്‍ ക്രൂരമായ അധിക്ഷേപവും അവൾ നേരിടുന്നു. തുടര്‍ന്നും അയാളുടെ ഗര്‍ഭം അവൾ പേറണം എന്നതാണ് സമൂഹത്തിന്റെ മനോനില. അവള്‍ ചിരിക്കുന്നത് കണ്ടാലോ മാന്യമായി സംസാരിക്കുന്നത് കണ്ടാലോ അളക്കാവുന്ന ഒന്നല്ല അവളുടെ മനസ്”.

എങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തിയത് എന്ന ചോദ്യത്തിനും ഡോ.വീണ കൃത്യമായ മറുപടി തരുന്നുണ്ട്. “തികച്ചും സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ നിറഞ്ഞുനിന്ന ഒരു ക്യാമ്പസിലായിരുന്നു ഞാന്‍ പഠിച്ചത്. ആദ്യമായി പ്രസവമുറിയില്‍ കയറിയപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് പൂര്‍ണഗര്‍ഭിണിയായ ഒരു യുവതിയെ ഒരു ആണ്‍ പിജി ഡോക്ടര്‍ ക്രൂരമായി വഴക്കുപറയുന്നതാണ്. ഒപ്പം തുടയില്‍ അടിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് കേരളത്തിന് പുറത്ത്നിന്നും  പഠനം കഴിഞ്ഞെത്തിയ ജിത എന്ന ഡോക്ടര്‍ അയാളെ ശാസിച്ചു. സഹപ്രവർത്തകരെപ്പോലും നമ്മള്‍ തിരുത്തേണ്ടതിന്റെ ആവശ്യകത എന്നെ പഠിപ്പിച്ചത് ഡോക്ടർ ജിതയാണ്. തുടര്‍ന്നും ഇത്തരം കാഴ്ച്ചകള്‍തന്നെയാണ് ജീവിതത്തില്‍ കൂടുതലും കണ്ടത്.  പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പുകളായും പ്രഭാഷണങ്ങളായും പറയാനുള്ളത് പറഞ്ഞുതുടങ്ങി”.

“എഴുതിയാലും പറഞ്ഞാലും ഒരു പ്രത്യേക സര്‍ക്കിളിന് അപ്പുറത്തേക്ക് ഈ ആശയങ്ങള്‍ എത്തുന്നില്ല എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഏറ്റവും ജനപ്രിയമാധ്യമമായ സിനിമയെ ഞാന്‍ ഉപയോഗിച്ചു. ഇതൊരു പ്രൊപ്പഗാണ്ട ചിത്രമാണ് എന്നതാണ് നേരിടുന്ന വലിയ വിമര്‍ശനം. അത് അങ്ങനെതന്നെയാണ്, എന്റെ പ്രൊപ്പഗാണ്ടതന്നെയാണിത്. അത് പറയാന്‍ സിനിമ എന്ന മാധ്യമത്തെ ഞാന്‍ ഉപയോഗിക്കുകയാണ് ചെയ്തത്”.

“മാതൃത്വം എന്നത് ഒരു സ്ത്രീയ്ക്ക് സമൂഹം കല്‍പ്പിച്ച് കൊടുക്കേണ്ട ഒന്നല്ല. പ്രസവിയ്ക്കാത്തവൾ സ്ത്രീയാണോ എന്ന നൈതികതയില്ലാത്ത ചോദ്യം ഉന്നയിക്കുന്ന സമൂഹത്തിനുപക്ഷേ പ്രസവമുറികളിലെ  അതിക്രമങ്ങങ്ങളോട്‌ ഒരെതിർപ്പും ഇല്ല.പൂര്‍ണമായ ബോധ്യവും സമ്മതവും ഉണ്ടെങ്കിൽ മാത്രമേ  ജീവിത്തിൽ സെക്‌സും ഗർഭവും പ്രസവവും സംഭവിക്കാവൂ എന്ന സാഹചര്യമാണ് സ്ത്രീജീവിതങ്ങളിൽ ഉണ്ടാവേണ്ടത്. അതില്‍ പങ്കാളിക്കോ സമൂഹത്തിനോ കുടുംബത്തിനോ യാതൊരധികാരവും ഇല്ല. മതമാണ് ഇതില്‍ തീര്‍ത്തും പിന്തിരിപ്പന്‍ രീതിയില്‍ ഇടപെടുന്ന മറ്റൊന്ന്. ക്രിസ്ത്യന്‍ സഭ അബോര്‍ഷനേക്കുറിച്ചും ഗർഭനിരോധനത്തെക്കുറിച്ചും പഠിപ്പിക്കുന്നവ പലപ്പോഴും തികച്ചും അശാസ്ത്രീയമാണ്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ഒരു നിയമം ഉണ്ടാക്കുകയും അത് കര്‍ക്കശമാക്കുകയും വേണം. മത സ്ഥാപനങ്ങള്‍ക്ക് എന്ത് തോന്നിവാസവും എഴുന്നള്ളിക്കാന്‍ പറ്റിയ ഒരു വിഷയമല്ല ഇത്”.

“തന്റെ ശരീരത്തില്‍ തനിക്കുള്ള അവകാശത്തേക്കുറിച്ച് കഥാനായിക ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ പ്രസ്തുത ഭാഗത്തില്‍ അവള്‍ക്കൊരു ഹീറോയിക് പരിവേഷം നല്‍കി എന്നതാണ് ‘അവള്‍’ നേരിടുന്ന മറ്റൊരു വിമര്‍ശനം. സൂപ്പര്‍താരങ്ങള്‍ മുണ്ടുമടക്കിക്കുത്തി കടുത്ത സ്ത്രീവിരുദ്ധത അളവില്ലാതെ ചൊരിയുമ്പോള്‍ കോരിത്തരിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇവിടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീ തന്റെ ശരീരത്തേക്കുറിച്ച് അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ഇക്കാര്യത്തിലും അഭിമാനം കൊള്ളാന്‍ വക ചിലര്‍ക്കെങ്കിലുമുണ്ടെന്ന് നിര്‍മാതാവ് ഉറപ്പിച്ചുപറയുന്നു.

ചിത്രത്തേക്കുറിച്ച് ഉയര്‍ന്ന ചില ചോദ്യങ്ങള്‍ക്കും വിശദീകരണം തരാന്‍ അവര്‍ തയ്യാറായി. “കുഞ്ഞിനെ കൊല്ലുക എന്നത് പ്രസവാനന്തരമാനസികരോഗം ആണെന്നത് അംഗീകരിക്കാം, എന്നാൽ അബോർഷൻ നിഷേധിക്കൽ പ്രസവാനന്തരമാനസികപ്രശ്നത്തിലേക്ക്‌ നയിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉണ്ടാകുന്നുണ്ട്‌. സ്ത്രീകളുടെ അവസ്ഥകളെ മുൻനിർത്തി ഡോക്ടർമാർ പോലും എത്ര അജ്ഞരാണെന്ന് വിളിച്ചോതുന്ന ചോദ്യമാണിത്. ഗർഭഛിദ്രം നിഷേധിക്കപ്പെട്ട് കുഞ്ഞ് ജനിക്കാനിടയാകുന്ന സ്ത്രീക്ക് മറ്റ് സ്ത്രീകളെ അപേക്ഷിച്ച്‌ പ്രസവാനന്തരമാനസികപ്രശ്നങ്ങൾക്കുള്ള സാധ്യത ഒരുപാട് കൂടുതലാണെന്ന് വെളിപ്പെടുത്തുന്ന എത്രയോ പഠനങ്ങൾ അന്താരാഷ്ട്രതലത്തിൽ ഉണ്ട്. കേരളത്തിൽ അത്തരത്തിൽ ഒരു പഠനമെങ്കിലും നടന്നിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം. “അബോർഷൻ ചെയ്യുന്നവർക്കാണ് മാനസികപ്രശ്നം വരിക” എന്നത് പ്രോ-ലൈഫ് മതസദാചാരവാദികളുടെ വെറും ചൂണ്ടയാണ്‌. അതാണ് നിർഭാഗ്യവശാൽ ഏറ്റവും കൂടുതൽ ഡോക്ടർമാരും അവലംബിക്കുന്നത്”.

ചെറിയ ചില നിരാശകളും ഡോക്ടര്‍ വീണാ ജെഎസ്‌ പങ്കുവെച്ചു. “ഒരു മാധ്യമം എന്ന നിലയിൽ ഈ സിനിമയെ ഉപയോഗപ്പെടുത്തുമ്പോൾ ചില മുന്നറിയിപ്പുകൾ വെക്കാൻ ഞാൻ വിട്ടുപോയി എന്നതിൽ ഇപ്പോൾ ഖേദിക്കുന്നു. അതിൽ ഏറ്റവും പ്രധാനം എല്ലാ മാനസികപ്രശ്നങ്ങളും കുട്ടികളെ ഉപദ്രവിക്കുന്നതുപോലുള്ള കുറ്റകൃത്യത്തിൽ അവസാനിക്കില്ല എന്നതാണ്. മാനസികരോഗങ്ങളെ മുൻനിർത്തി ഏറെ തെറ്റിദ്ധാരണകള്‍ വെച്ചുപുലർത്തുന്ന നമ്മുടെ സമൂഹത്തിൽ അത്തരമൊന്ന് ആവശ്യമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. മാത്രവുമല്ല,  ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ സ്ത്രീകൾക്ക് ഈ ഷോർട്ട് ഫിലിം ഒരു മുറിവാകാം എന്നതും മുന്നറിയിപ്പിൽപെടുത്തണമായിരുന്നു”.

ഇതുവരെ ആരും ചര്‍ച്ച ചെയ്യാത്ത വിഷയം അതിശക്തമായി അവതരിപ്പിച്ചത് ചിത്രത്തിന്റെ നേട്ടമാണ് എന്ന് ഐഎഎസ് ഉദ്യോഗസ്ഥ സരയൂ കെഎം അഭിപ്രായപ്പെട്ടു.

“അവള്‍ എന്ന ഷോര്‍ട്ട് ഫിലിം വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതായ, എന്നാല്‍ പൊതുധാരയില്‍ വരെ വിദ്യാഭ്യാസമുള്ളവര്‍ പോലും മനസിലാക്കാത്ത, അല്ലെങ്കില്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത വളരെ പ്രധാനപ്പെട്ട വിഷയങ്ങളെ ശക്തമായി തുറന്നുകാണിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭഛിദ്രം എന്നത് ഒരു സ്ത്രീയുടെ അവകാശമാണ് എന്ന നിയമത്തിലുറച്ച് നില്‍ക്കുന്ന ആശയം പകരുന്നതോടൊപ്പം പ്രസവശേഷമാനസിക പ്രശ്നങ്ങള്‍ എന്ന പൊതുവെ കണ്ടുവരുന്ന, എന്നാല്‍ നിസ്സാരവത്കരിക്കപ്പെട്ട പ്രശ്നത്തേക്കുറിച്ചും ഈ ചിത്രം മികച്ച ഒരു സന്ദേശം നല്‍കുന്നുണ്ട്”.

അബോര്‍ഷനേക്കുറിച്ച് സ്ത്രീയ്ക്കുള്ള അവകാശവും ഇത് കിട്ടാതെവരുമ്പോഴുണ്ടാകുന്ന പ്രശ്നവും പ്രസവാനന്തരം അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമെവുമെല്ലാം അവള്‍ വരച്ചുകാണിക്കുന്നു. എപ്പോഴും ഇത്തരം വിഷയങ്ങള്‍ സ്ത്രീയുടെ മാത്രമായി മാറുകയും കുടുംബത്തിലും സമൂഹത്തിലും നാളെ ബാധിക്കാവുന്ന ഒരു പ്രശ്‌നമാണിതെന്ന് മനസിലാക്കാന്‍ പരാജയപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വൈദ്യസഹായത്തിന്റെയും നിയമ സഹായത്തിന്റെയും ആവശ്യമില്ല എന്ന തീരുമാനമുണ്ടാകും. ഒരു പെണ്‍കുട്ടി കുടുംബത്തിനുളളില്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ വളരെ വിദ്യാഭ്യാസമുള്ളവര്‍ പോലും ഇവരെയൊരു ഡോക്ടറുടെ അടുത്തോ കൗണ്‍സിലറുടെ അടുത്തോ എത്തിക്കാനുള്ള സന്മനസ് കാണിക്കുന്നില്ല. ഇങ്ങനെവരുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് കുഞ്ഞിനെയോ അമ്മയേയോ ആകാം. ഒരു കുടുംബത്തിന്റെ വലിയ സന്തോഷമാണ് ഇല്ലാതാകുന്നത്. എന്നാല്‍ ഇത് സ്ത്രീയുടെ മാത്രം പ്രശ്നമല്ല എന്നുപറയാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്.

ഡോക്ടര്‍മാര്‍ നിയമവിരുദ്ധമായി പെരുമാറുന്നതിനെ അവര്‍ എടുത്തുപരാമര്‍ശിച്ചു. “അബോര്‍ഷന്‍ എന്ന സ്ത്രീയുടെ അവകാശം പലപ്പോഴും നിഷേധിക്കപ്പെടുന്നു. നിഷേധിക്കുന്നതാകട്ടെ വളരെയധികം അറിവും വിദ്യാഭ്യാസവും ഉള്ള ഡോക്ടര്‍മാരും. ഇങ്ങനെ ഇതുവരെ ആരും ചര്‍ച്ച ചെയ്യാത്ത ഒരു വിഷയം കേന്ദ്രീകരിച്ചു എന്നതാണ് അവള്‍ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു മികവായി ഞാന്‍ കാണുന്നത്. കഥാപാത്രങ്ങളായി എല്ലാവരും വളരെ മികച്ച രീതിയില്‍ അഭിനയിക്കുകയും ചെയ്തു. അവസാനം മനസില്‍ കൊത്തിവലിക്കുന്ന ഒരു വേദന ബാക്കിയാക്കിയാണ് ചിത്രം അവസാനിക്കുന്നത്”.
കേരളാ ഗവണ്‍മെന്റ് ജെന്റര്‍ അഡൈ്വസര്‍ ഡോക്ടര്‍ ടികെ ആനന്ദിയും ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. “തികച്ചും വ്യത്യസ്തമായി എടുത്ത ഒരു ചിത്രമാണിത്. പൊതുജനത്തിന് അറിയാത്ത കുറച്ചുകാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുക എന്നൊരുകാര്യം ഈ ചിത്രം ചെയ്യുന്നുണ്ട്. ഡോക്ടേഴ്‌സ് മാറേണ്ടതുണ്ട്, അവരുടെ നിലപാടുകള്‍ മാറേണ്ടതുണ്ട്”. അവര്‍ കൂട്ടിച്ചേര്‍ത്തു, “അബോര്‍ഷന്‍ എന്നത് ഒരു അവകാശമാണ് എന്ന് സ്ത്രീകളും തിരിച്ചറിയണം. അതിന് സ്ത്രീ ഒറ്റയ്ക്ക് തീരുമാനമെടുത്താല്‍ മതിയാകും എന്നതും എല്ലാവരും ബോധ്യപ്പെടണം. പ്രസവത്തിന് ശേഷമുള്ള പ്രശ്‌നങ്ങളെ ഇത് വ്യക്തമായി കാണിച്ചുതരുന്നു. ജീവശാസ്ത്രപരമായി പ്രസവശേഷം ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പോലും തിരിച്ചറിയാത്ത ഒരമ്മയെയാണ് നാം കാണുന്നത്. പ്രത്യുല്‍പാദനസംബന്ധിയായ ആരോഗ്യത്തിലുള്ള അജ്ഞത എത്രത്തോളം എന്ന് ഇത് തുറന്നുകാട്ടുന്നു. കുഞ്ഞിനെ ഉപദ്രവിക്കുന്നതുള്‍പ്പെടെ പൂര്‍ണമായ ബോധ്യത്തില്‍ ചെയ്യുന്നതല്ല. ഇക്കാര്യങ്ങള്‍ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു”.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയ ജോളി ചിറയത്ത് പ്രതികരിച്ചത് ഇങ്ങനെ, “ഈ കാര്യങ്ങള്‍ ഇപ്പോഴും അതിന്റേതായ പ്രാധാന്യത്തില്‍ എടുക്കാന്‍ പറ്റുന്ന സമൂഹമല്ല നമ്മുടേത്. കാരണം പൊതുവേതന്നെ ആണിന്റെയും പെണ്ണിന്റെയും ലൈംഗികതയുടേയോ ശരീരത്തിന്റെയോ കാര്യത്തിലുള്ള ചോയ്സുകള്‍ എല്ലാവരും കൂടെ തീരുമാനിക്കുന്നതാണ്. ലൈംഗികത വിവാഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അങ്ങനെയുള്ള സമൂഹത്തില്‍ പ്രസവം പോലും അവരുടെ ചോയ്സല്ല. അങ്ങനെ വിവാഹം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു എന്ന ഒരു നിര്‍ബന്ധപൂര്‍വമായ സിസ്റ്റത്തിനകത്ത് നില്‍ക്കുന്നതുകൊണ്ട് അവര്‍ പ്രസവിക്കുന്നു എന്നേയുള്ളൂ. ഇവിടെയാണ് ഒരാള്‍ പ്രസവിക്കാന്‍ തയ്യാറല്ല എന്ന ആശയം നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത്”.

ആളുകള്‍ പല രീതിയിലാണ് ഇത് ഉള്‍ക്കൊള്ളുന്നത് എന്നും അവര്‍ പറഞ്ഞു. “പ്രസവ ശേഷമുള്ള മാനസിക പ്രശ്നങ്ങള്‍ എന്നതിലേക്ക് ഇത് പോയില്ല, മറിച്ച് ഒരു അബ്യൂസീവ് റിലേഷന്‍ഷിപ്പിന് അകത്തായതിനാലാണ് അവര്‍ അബോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന രീതിയിലാണ് ചില ആളുകള്‍ ഇതിനെ കണ്ടത്. പക്ഷേ പ്രസവശേഷമുള്ള മാനസിക പ്രശ്നങ്ങള്‍ പൊതുവായി കണ്ടുവരുന്ന ഒന്നുതന്നെയാണ്. ഗര്‍ഭകാലം മുതലേ പലര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകാം. അതിന് അബ്യുസിവ് റിലേഷന്‍ ആകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നല്ല ബന്ധങ്ങളിലാണെങ്കിലും അത് ഉണ്ടാവാം. ഇത് മനസിലാക്കാന്‍ സാധിക്കാത്ത ഒരു സമൂഹമായി മാറുന്നത് സ്ത്രീയുടെ എല്ലാ ചോയ്സും സെക്കന്ററി ആയി കാണുന്നതുകൊണ്ടുകൂടിയാണ്. അതുകൊണ്ട് ഈ ചിത്രം വളരെ പ്രസക്തമാണ്. ഇത്തരം വിഷയങ്ങളെ ഇനിയെങ്കിലും ആളുകള്‍ അഡ്രസ് ചെയ്യേണ്ടതുണ്ട്. ഇക്കാര്യം മനസിലാക്കാതെ പോയിക്കഴിഞ്ഞാല്‍ ഉപരിപ്ലവമായ ഒരു വായനയായിപ്പോകും അത് എന്നുള്ള ഒരു പ്രതിസന്ധികൂടി ഇതിലുണ്ട്”.

താന്‍ ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ സ്വന്തം കുടുംബത്തില്‍ത്തന്നെ കണ്ടിട്ടുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടായ സ്ത്രീകളും അക്രമാസക്തരായ സ്ത്രീകളും തന്റെ ചുറ്റുമുണ്ടായിട്ടുണ്ടെന്ന് ജോളി ചിറയത്ത് സാക്ഷ്യപ്പെടുത്തുന്നു. പ്രസവ മുറികളില്‍ ഡോക്ടര്‍മാര്‍ ക്രൂരമായി പെരുമാറുന്നതിന് സാക്ഷിയാകേണ്ടിവന്നിട്ടുണ്ടെന്നും ജോളി ചിറയത്ത് കൂട്ടിച്ചേര്‍ത്തു.

മുന്‍ ബാലാവകാശ കമ്മീഷന്‍ അംഗവും അഭിഭാഷകയുമായ സന്ധ്യ ജെ പറയുന്നു, “അബോര്‍ഷനുമായി ബന്ധപ്പെട്ട്, സ്ത്രീകളുടെ പ്രജനന ആരോഗ്യവുമായി ബന്ധപ്പെട്ട്, എന്തെങ്കിലും ഗൗരവ പൂര്‍ണമായ ചര്‍ച്ച നമ്മുടെ കേരള സമൂഹത്തില്‍ എപ്പോഴെങ്കിലും നടന്നിട്ടൂള്ളതായി അറിവില്ല. ഒരു ചര്‍ച്ചയും ബോധവത്കരണവും ഇതുമായി ബന്ധപ്പെട്ടു നടക്കാത്തതുകൊണ്ടുതന്നെ സ്ത്രീകള്‍ ഒട്ടേറെ ചൂഷണങ്ങള്‍ക്കും, വൈഷമ്യങ്ങള്‍ക്കും എന്തിനേറെ കൊലപാതക കേസുകളില്‍ പ്രതികള്‍ പോലും ആകേണ്ടി വരുന്നു. അബോര്‍ഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ട ഗൈനക്കോളജിസ്റ്റുകള്‍ പലപ്പോഴും വ്യക്തിഗത മത മൂല്യങ്ങള്‍ക്കും, ആണ്‍കോയ്മ ചിന്താഗതികള്‍ക്കും അടിമപ്പെട്ട് നിയമ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുന്നു. ഇത് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ ഈ ഷോര്‍ട്ട് ഫിലിം തുറന്ന് കാട്ടുന്നു. ഈ രംഗത്ത് സ്ത്രീ സൗഹാര്‍ദ്ദ ഇടപെടലുകള്‍ക്ക് ഡോക്ടര്‍ വീണയുടെയും ടീമിന്റെയും ഈ ഷോര്‍ട്ട് ഫിലിം തീര്‍ച്ചയായും വഴിയൊരുക്കും എന്ന് വിശ്വസിക്കുന്നു”.

മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സ്വന്തമാക്കിയ പൗളി വല്‍സന്‍ ഈ ചിത്രവുമായി സഹകരിച്ചിട്ടുണ്ട്. അമ്മ മകനെ ഫോണ്‍ വിളിച്ച് ‘കുഞ്ഞിനെ ഒന്ന് കൈ മാറണ്ടേ, എത്ര ദിവസമായി ഉറങ്ങിയിട്ട്’ എന്നു ചോദിക്കുന്ന ഭാഗം ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, വര്‍ഷങ്ങള്‍ക്കു മുന്നേ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളെ അതേപടി ഓര്‍ത്തെടുക്കുകയായിരുന്നു ആ ഒരു ഫോണ്‍കോള്‍ സംഭാഷണത്തിലൂടെ ഞാന്‍. പ്രേമവിവാഹം ആയിരുന്നതിനാല്‍ ഇരുകുടുംബങ്ങളില്‍നിന്നും അകന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന, ജീവിച്ച ഞങ്ങള്‍ക്ക് കുഞ്ഞ് ഉണ്ടായപ്പോള്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ അത്രയും തീക്ഷ്ണമായിരുന്നു. ‘ചോര നേരുള്ള പകര്‍ന്നാട്ടങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച എന്റെ ആത്മകഥയില്‍ ഇക്കാര്യം ഞാന്‍ എഴുതിയിട്ടുമുണ്ട്. അത്ര എളുപ്പമല്ല സ്ത്രീകള്‍ക്ക് ജീവിതം എന്നത്”. സ്വന്തം ജീവിതത്തില്‍ നടന്ന ഒരു കാര്യം പിന്തിരിഞ്ഞ് നോക്കുന്നതുപോലുള്ള അടുപ്പത്തോടെയാണ് ഈ കൊച്ചു സിനിമയേയും പൗളി കാണുന്നത്. നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എത്രയോ വലുതായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.

പല തരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് സമൂഹ മാധ്യമങ്ങളില്‍നിന്ന് ഉണ്ടാകുന്നത്. ഇതുവരെ ആരും മലയാളത്തില്‍ പറയാത്ത ഒരു വിഷയം സധൈര്യം വിളിച്ചുപറഞ്ഞു എന്നത് ചിത്രത്തിന്റെ നേട്ടമായി വിലയിരുത്താം. സ്ത്രീകളുടെ ഉയര്‍ന്നുവരാത്ത പ്രശ്‌നങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്ത് തുടങ്ങിയാല്‍ അതില്‍പരം തൃപ്തി ഈ ചെറുസിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കിട്ടാനില്ല.

DONT MISS
Top