നിര്‍ഭയ കേസ്: ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്‍മാറി

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ പ്രതികളുടെ ശ്രമം. ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്‍മാറി. ശിക്ഷ വൈകിപ്പിക്കാനാണ് പ്രതികളുടെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂയെന്ന് ദില്ലി കോടതി വ്യക്തമാക്കി

വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എപി സിംഗ്  പിന്‍മാറുകയാണെന്ന് അറിയിച്ചു. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.. തുടര്‍ന്ന് കോടതി ദില്ലി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി.. വധശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതികളുടെ ശ്രമമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു..അങ്ങനെയാണെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചേ മതിയാകൂയെന്ന് കോടതി വ്യക്തമാക്കി.

പവന്‍ ഗുപ്തയ്ക്ക് അഭിഭാഷകനെ നല്‍കുന്നതിന് ഒരു ദിവസം കൂടി കാത്തിരിക്കാമെന്നും കോടതി അറിയിച്ചു. തന്റെ മകന്റെ കേസ് ഏറ്റെടുക്കാന്‍ ആരുമില്ലെന്ന് പവന്‍ ഗുപ്തയുടെ പിതാവ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ഈ നിലപാട് സ്വീകരിച്ചത്. കോടതിയുടെ തീരുമാനം കേട്ട നിര്‍ഭയയുടെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. താന്‍ ഇരയുടെ അമ്മയാണെങ്കില്‍ കൂടി തനിക്കും ചില അവകാശങ്ങളുണ്ടെന്നും മരണവാറന്റ് പുറപ്പെടുവിക്കാന്‍ അപേക്ഷിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു. പവന്‍ ഗുപ്തയ്ക്ക് നിയമപരമായ പ്രാതിനിധ്യം കോടതി വാഗ്ദാനം ചെയ്യുന്നതിനെ നിര്‍ഭയയുടെ പിതാവ് എതിര്‍ത്തു. എന്നാല്‍ ശിക്ഷിക്കപ്പെട്ട ഏതൊരാള്‍ക്കും അവസാന ശ്വാസം വരെ നിയമസഹായം ലഭിക്കണമെന്നാണ് കോടതിയുടെ തീരുമാനമെന്ന് ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് നിര്‍ഭയയുടെ അമ്മ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. നിലവില്‍ കോടതിയില്‍ കേസുകളൊന്നും പരിഗണനയില്‍ ഇല്ലാത്തതിനാല്‍ മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസ്സമില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറും അമിക്കസ് ക്യൂറിയും അറിയിച്ചത്.

നേരത്തെ രണ്ട് തവണ മരണവാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികളുടെ ദയാഹര്‍ജികള്‍ പരിഗണനയില്‍ ഇരുന്നതിനാല്‍ റദ്ദാക്കുകയായിരുന്നു. പുതിയ മരണവാറന്റിനായി വിചാരണക്കോടതിയെ സമീപിക്കാന്‍ ചൊവ്വാഴ്ചയാണ് (ഫെബ്രുവരി 11) സുപ്രീം കോടതി നിര്‍ഭയയുടെ മാതാപിതാക്കളോട് നിര്‍ദേശിച്ചത്

DONT MISS
Top