ഗുരുവായൂരപ്പന് ഇന്ന് കളഭാഭിഷേകം

ഗുരുവായൂരപ്പന് ഇന്ന് കളഭാഭിഷേകം.വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ഡലസമാപനദിനത്തില്‍ മാത്രം നടത്തുന്ന കളഭാഭിഷേകത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുക.വര്‍ഷത്തില്‍ ഒരുദിവസം മാത്രമാണ് ഗുരുവായൂരപ്പന് കളഭാഭിഷേകം. മറ്റു ദിവസങ്ങളില്‍ കളഭം ചാര്‍ത്തുകയാണ് പതിവ്. തിരുമുഖത്ത് ചന്ദനമാണ് ചാര്‍ത്തുക. കോഴിക്കോട് സാമൂതിരിരാജയുടെ വകയാണ് കളഭാട്ടം.വെള്ളിയാഴ്ച വേദമന്ത്രംകൊണ്ടുള്ള തീര്‍ഥധാരയ്ക്കുശേഷം ഉച്ചപ്പൂജയ്ക്ക് മുമ്പ് കളഭാഭിഷേകം നടക്കും. കളഭക്കൂട്ടിന് കശ്മീര്‍ കുങ്കുമപ്പൂവ്, മൈസൂര്‍ ചന്ദനം, പച്ചക്കര്‍പ്പൂരം എന്നിവ സാധാരണയില്‍ കവിഞ്ഞ് ഇരട്ടി അനുപാതത്തില്‍ എടുക്കും. കസ്തൂരി ചേര്‍ത്ത് പനിനീരിലാണ് കളഭം തയ്യാറാക്കുക. കീഴ്ശാന്തിക്കാര്‍ തയ്യാറാക്കുന്ന കളഭം സ്വര്‍ണക്കുംഭത്തില്‍ നിറച്ച് ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.

മുഖമണ്ഡപത്തില്‍ തന്ത്രി കളഭകലശപൂജ നടത്തിയശേഷം ഭഗവാന് അഭിഷേകം ചെയ്യും. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യദര്‍ശനം വരെ മൂലവിഗ്രഹം കളഭത്തില്‍ ആറാടിനില്‍ക്കും.കളഭാട്ടദിനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരുടെ വകയാണ് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക്. കളഭാട്ടസമത്ത് പഞ്ചമദ്ദളകേളി, ഉച്ചതിരിഞ്ഞ് മൂന്നിന് പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ചശ്ശീവേലി, സന്ധ്യയ്ക്ക് ഡബിള്‍ തായമ്പക, രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷ ഇടയ്ക്കപ്രദക്ഷിണം, അഞ്ചാമത്തെ പ്രദക്ഷിണത്തിന് വിസ്തരിച്ച മേളം എന്നിവ ഉണ്ടാകും. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.

DONT MISS
Top