കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ അതൃപ്തനാണ്:കോച്ച് ഇല്‍കോ ഷെറ്റോറി

ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഈ സീസണില്‍ ഇതുവരെ മികച്ച ഒരു പ്രകടനം നടത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആദ്യമത്സരത്തില്‍ എടികെയെ കൊച്ചിയില്‍ വെച്ച് പരാജയപ്പെടുത്തിയത് ഒഴിച്ച് നിര്‍ത്തിയാല്‍ അതിന് ശേഷം ഒരു ജയം സ്വന്തമാക്കാന്‍ ടീമിന് കഴിഞ്ഞിട്ടുമില്ല. ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തനാണ് കോച്ച് ഇല്‍കോ ഷെറ്റോറി. 25 വര്‍ഷത്തെ തന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ ഇത്രയും പരിക്കു പറ്റിയ ഒരു ടീമിനെ കണ്ടിട്ടില്ല എന്ന് ഷെറ്റോറി വ്യക്തമാക്കി.

പുതിയ സീസണില്‍ ഒരുപാട് പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇറങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ഹോം ഗ്രൗണ്ടില്‍ തളര്‍ത്തിയത് ഒഴിച്ചാല്‍ പിന്നീടങ്ങോട്ട് സമനിലകളും തോല്‍വികളും മാത്രമായിരുന്നു ടീമിന് ഉണ്ടായിരുന്നത്. ആദ്യമത്സരത്തിന് മുമ്പുതന്നെ പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതിന് പിന്നാലെ, ഓരോ മത്സരത്തിലും ഓരോരുത്തര്‍ പരിക്കുപറ്റി പോയതും ടീമിനെ വല്ലാതെയങ്ങ് കുഴച്ചു.

സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ്കാഴ്ച വെക്കുന്ന മോശം പ്രകടനത്തിന് കാരണം താരങ്ങള്‍ മാത്രമാണെന്ന അഭിപ്രായമാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകന്‍ഇല്‍കോ ഷട്ടോരിമുന്നോട്ട് വെക്കുന്നത്. തീരെ പക്വതയില്ലാത്ത താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇപ്പോഴുള്ളതെന്നാണ് ഷട്ടോരി പറയുന്നത്. സെറ്റ് പീസുകള്‍ പ്രതിരോധിക്കാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോകുന്നു. സെറ്റ് പീസുകള്‍ വഴിയാണ് ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഗോളുകളും വഴങ്ങുന്നത്. സെറ്റ് പീസുകള്‍ എടുക്കുന്ന സമയത്ത് ഓരോ താരത്തിനും അവരുടേതായ കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അവരുടെ കടമ മറക്കുകയാണെന്നും അത് പക്വതയില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണെന്നും ഷട്ടോരി സമര്‍ത്ഥിക്കുന്നു.

കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച രീതിയില്‍ സെറ്റ്പീസുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് താനെന്ന് ഇല്‍കോ ഷട്ടോരി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സിലും അതേ ശൈലിയില്‍ തന്നെയാണ് താര്‍ പരിശീലനം നല്‍കുന്നത്. എന്നാല്‍ കൂടുതലും യുവനിരയാണ് ടീമില്‍ ഉള്ളത് എന്നതിനാല്‍ താരങ്ങളുടെ പക്വതയില്ലായ്മ ഇക്കാര്യത്തില്‍ തടസ്സമാകുകയാണന്നും ഷട്ടോരി കൂട്ടിച്ചേര്‍ത്തു. തന്റെ 25 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിനിടെ ഇതുവരെ ഇത്രയും പരിക്കു പറ്റിയ ഒരു ടീമിനെ കണ്ടിട്ടില്ലെന്നും തന്നെ വ്യക്തമാക്കുന്നു.

എന്നാല്‍ തുടര്‍ തോല്‍വികളുടേയും സമനിലകളുടേയും ഉത്തരവാദിത്തം പൂര്‍ണമായും താരങ്ങളുടെ തലയില്‍ ഇടാനാകുമോ എന്നതാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം. മത്സരത്തിലെ നിര്‍ണായ ഘട്ടങ്ങളില്‍ താരങ്ങളെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുന്നതില്‍ ഉള്‍പ്പെടെ പരിശീലകന്‍ ഇല്‍കോ ഷട്ടോരിക്ക് പറ്റിയ വീഴ്ചകളും ഇതിന് കാരണമായിട്ടുണ്ട്. തന്റെ ചില സബ്സ്റ്റിറ്റിയൂഷനുകള്‍ തെറ്റായിരുന്നുവെന്ന് പരിശീലകന്‍ തന്നെ നേരത്തേ സമ്മതിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ മറന്നുകൊണ്ടാണ് ഷട്ടോരിയുടെ പുതിയ വിലയിരുത്തലുകള്‍.

DONT MISS
Top