പൗരത്വ ഭേദഗതി ബില്‍ ഇന്ന് ഉച്ചക്ക് രാജ്യസഭയില്‍; പരാമാവധി വോട്ട് സമാഹരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്‌

ദില്ലി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കഴിഞ്ഞദിവസമാണ് ലോക്‌സഭ പാസാക്കിയത്. രാജ്യസഭയില്‍ ബില്ലിനെതിരേ പരമാവധി വോട്ട് സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.

ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്. സിലക്റ്റ് കമ്മിറ്റിക്ക് ബില്‍ വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. 238 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്. സഭയില്‍ ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. എന്‍ഡിഎക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. ബിജെഡി.7, ടി.ഡി.പി.2 വൈഎസ്ആര്‍. കോണ്‍ഗ്രസ്2, എഐഎഡിഎംകെ.11, എന്നീ കക്ഷികളില്‍നിന്നും പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ വാദം.

അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം തുടരുന്നു. ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും,എസ്എംഎസ് സേവനവും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടാവുന്നത്. അസമിലെ വിവിധ ക്യാമ്പസുകളില്‍ പ്രധാന മന്ത്രിയുടെ കോലം കത്തിച്ചു.

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര സസമുദായക്കാര്‍ക്ക് ഇന്ത്യന് പൗരത്വം ഉറപ്പാക്കുന്നതിനാണ് ആറ് പതിറ്റാണ്ട് പഴക്കമുള്ള പൗരത്വബില്‍ ഭേദഗതി ചെയ്യുന്ന ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ പൗരത്വബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്ന് ഷാ പറഞ്ഞു. രാജ്യത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഷാ ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top