കേസുകളില്‍ നീതി വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു

ദില്ലി: നീതി അനന്തമായി നീളരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി തല്‍ക്ഷണം ലഭിക്കുന്ന ഒന്നല്ലെന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം. അതേസമയം, നിയമവും ചട്ടവും പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു.

തെലങ്കാനയില്‍ ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് വെടുവച്ചുകൊന്ന പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രസ്താവന. നീതി പ്രതികാരമാകരുതെന്നും നീതി തല്‍ക്ഷണം ലഭിക്കുന്ന ഒന്നല്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. നീതി തല്‍ക്ഷണം ലഭിക്കില്ലെന്ന് പറഞ്ഞത് ശരിയാണെന്നും എന്നാല്‍ അത് അനന്തമായി നീളരുതെന്നും അദ്ദേഹം പറഞ്ഞു. നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. പുതിയ നിയമനിര്‍മാണത്തിന് പകരം രാഷ്ട്രീയമായ ഇച്ഛയും ഭരണമികവുമാണ് സ്ത്രീകള്‍ക്കെിതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യം. നിര്‍ഭാഗ്യ സംഭവത്തിന് ശേഷം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. എന്നാല്‍ അതുകൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടായോയെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ ചിന്താഗതി മാറിയാലേ ഇവിടെ മാറ്റമുണ്ടാകൂ. ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആധുനിക സമൂഹത്തിന് യോജിച്ച വിധത്തില്‍ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഷാ ആവശ്യപ്പെട്ടു. പൂനെയില്‍ ഡിജിപിമാരുടേയും ഐജിമാരുടേയും യോഗത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. പോക്‌സോ കേസുകളിലും സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകളിലും അന്വേഷണവും വിചാരണയും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സ്ത്രീപീഡനക്കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വൈകുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം

DONT MISS
Top