പന്തീരങ്കാവ് യുഎപിഎ കേസ്: പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി

പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി. മൂന്ന് ദിവസത്തേക്ക് കൂടിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ ഇന്ന് രാവിലെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനേയും താഹ ഫസലിനേയും മൂന്ന് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനെ പ്രതിഭാഗം എതിര്‍ത്തു. അലന്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും പ്രോസിക്യൂഷന്റെ ആവശ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരാകരിച്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ അടുത്ത തിങ്കളാഴ്ച രാവിലെ 11മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികളെ സിപിഎമ്മില്‍ നിന്നും സസ്പന്റ് ചെയ്തുവെന്ന കാര്യം പാര്‍ട്ടി അറിയിച്ചിട്ടുണ്ടെന്ന് താഹ വ്യക്തമാക്കി. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പാര്‍ട്ടി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും താഹ പറഞ്ഞു.

അതേസമയം പ്രതികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ സിപിഎമ്മിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്നതിനെതിരെയുള്ള എതിര്‍പ്പുകളും നിലനില്‍ക്കുന്നുണ്ട്. തെറ്റ് തിരുത്തി ഇവര്‍ക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കണമെന്ന ആവശ്യവും അലന്റെയും താഹയുടേയും ലോക്കല്‍ കമ്മറ്റികളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സംഭവത്തില്‍ നടപടി വേണമെന്ന ഉറച്ച നിലാപാടിലാണ് ജില്ലാ നേതൃത്വം.

DONT MISS
Top