പാലാരിവട്ടം മേല്‍പാലം അഴിമതി: കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോദിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോദിക്കണമെന്ന് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചു. വികെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് ഫണ്ട് മാറ്റിയെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി വന്നിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വിജിലന്‍സ് അറിയിച്ചു. അതേസമയം കേസ് വിജിലന്‍സിന്റെ പരിധിയില്‍ മാത്രം വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി അറിയിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെ കൂടി കക്ഷി ചേര്‍ക്കാനും തീരുമാനമായി.

അഴിമതി പണം വെളുപ്പിക്കാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചുള്ള ഹരജി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് വിജിലന്‍സിന്റെ വിശദീകരണം. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയില്‍ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹരജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

DONT MISS
Top