ക്രാഷ് ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്നത് ജീവനുളള പന്നികളെ; വാഹനാപകട പരിശോധനയുടെ പേരില്‍ അരങ്ങേറുന്നത് കൊടും ക്രൂരത

കാറിന്റെ മുന്‍ സീറ്റില്‍ കാലുകള്‍ സീറ്റിനോട് ചേര്‍ത്ത് ബലമായി കെട്ടിയിട്ട് പന്നികളെ നേരെയിരുത്തും. ശേഷം കാര്‍ വേഗത്തില്‍ മതിലിലേക്ക് ഓടിച്ചു കയറ്റും. വാഹനങ്ങളുടെ അപകടം അതിജീവിക്കാനുളള ശേഷി പരിശോധിക്കാനായുളള പരീക്ഷണമാണ് ഇപ്പോള്‍ കണ്ടത്. കണ്ടുപിടിത്തങ്ങളുടെ നാടായ ചൈനയിലാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ലോകമെമ്പാടും ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

എഴുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുളള പന്നികളെ മുന്‍ സീറ്റില്‍ ഇരുത്തിയശേഷം കാറ് മുപ്പത് മൈല്‍ വേഗതയില്‍ ഓടിച്ച് മതിലില്‍ ഇടിപ്പിച്ചാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. ഇടിയുടെ ആഘാതത്തില്‍ ഉണ്ടാകുന്ന മറുവുകള്‍ പഠിച്ചാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേല്‍ക്കാനുളള സാധ്യത നിര്‍ണ്ണയിക്കുക. ഇത്തരം പരിശോധനകളില്‍ എല്ലുകള്‍ ഒടിഞ്ഞും, ആന്തരിക അവയവങ്ങള്‍ക്ക് പരിക്കറ്റുണ്ടാകുന്ന രക്തസ്രാവത്തിലുടെയും പന്നികള്‍ ചത്തു പോകാറാണ് പതിവ്. ക്രാഷ് ടെസ്റ്റിന് ശേഷം പന്നികളുടെ ആന്തരികയാവയവങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരിക്കുമെന്ന് ഇവയുടെ ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

സാധാരണ ഇത്തരം ആക്‌സിഡന്റ് ടെസ്റ്റുകള്‍ക്കായി മനുഷ്യ രൂപത്തിലുളള ഡമ്മികളാണ് ഉപയോഗിക്കാറുളളത്. ഇത്തരം ഡമ്മികളെ ഇരുത്തി കാര്‍ ഡ്രൈവറില്ലാതെ ഓടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ ഡമ്മികള്‍ക്ക് പകരമാണ് ചൈനയില്‍ പന്നികളെ ഉപയോഗിച്ചുളള ക്രാഷ് ടെസ്റ്റ് പരിശോധന. ഈ ക്രൂരത ഒരു ദിവസം മുന്‍പെ തിടങ്ങും. പരിശോധനയ്ക്ക് മുമ്പായി പന്നികളെ ഒരു ദിവസം മുഴുവന്‍ പട്ടിണിക്കിടും. പരിശോധനയക്ക് ആറ് മണിക്കൂര്‍ മുമ്പ് വെളളവും നിഷേധിക്കും.

ഇത്തരത്തില്‍ പട്ടിണി കിടന്ന് അവശയായ മൃഗങ്ങളെയാണ് ക്രാഷ് ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ശരീരഘടന മനുഷ്യന്റെ ആറ് വയസുള്ള കുട്ടികള്‍ക്ക് സമാനമായതിനാല്‍ കുട്ടികളുടെ സീറ്റ് ബെല്‍റ്റുകള്‍ വികസിപ്പിക്കുന്നതിന് പ്രായം കുറഞ്ഞ പന്നികളെയും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്രാഷ് വര്‍ത്ത്‌നെസ് എന്ന ജേര്‍ണലില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെയാണ് പന്നികള്‍ നേരിട്ട ക്രൂരതയെ പറ്റി പുറംലോകമറിഞ്ഞത്. മൃഗങ്ങളെ ലാബിലും മറ്റും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗവേഷകര്‍ പോലും ക്രാഷ് ടെസ്റ്റിന് പന്നികളെ ഉപയോഗിച്ച നടപടി ക്രൂരമെന്നാണ് പ്രതികരിച്ചത്.

ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഭാവിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. പന്നികള്‍ പോലുളള മൃഗങ്ങളെ ഇത്തരം ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ചൈനയില്‍ നിയമങ്ങളില്ല എന്നതാണ് ഇതിനു കാരണം. ഇതാദ്യമായല്ല മൃഗങ്ങളെ ഇത്തരത്തില്‍ ക്രാഷ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. അമേരിക്കയില്‍ വാഹന സുരക്ഷ പരിശോധനയ്ക്കായുളള ടെസ്റ്റുകള്‍ക്കായി ഉപയോഗിച്ചിരുന്നത് പന്നികളെയാണ്. എന്നാല്‍ 1990ല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ ക്രൂര നടപടി അമേരിക്ക അവസാനിപ്പിക്കകയായിരുന്നു.

Also Read: ‘തൂക്കാന്‍ കൊണ്ടുവന്ന കുരുക്കിന്റെ അളവ് മാറിപ്പോയാല്‍ കുരുക്കിനൊത്ത തല കണ്ടെത്തുന്ന പൊലീസ് രാജ്യത്തിലാണ് നമ്മളിന്ന്, പേടിച്ചേ മതിയാകു’; യുഎപിഎ അറസ്റ്റ് ഓര്‍മ്മയില്‍ നദി

DONT MISS
Top