നെല്‍ വിത്ത് മാറ്റി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് പാടശേഖര സമിതിക്കെതിരെ കര്‍ഷകര്‍ രംഗത്ത്

കൃഷിയിറക്കാന്‍ സമയമായിരിക്കെ പൊതുയോഗ തീരുമാന പ്രകാരമുള്ള നെല്‍ വിത്ത് മാറ്റി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് തൃശ്ശൂര്‍ മണലൂര്‍ പാടശേഖര സമിതിക്കെതിരെ കര്‍ഷകര്‍ രംഗത്ത്.

തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍ താഴം പടവിലെ കര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. 710 ഏക്കര്‍ വരുന്ന ഈ പാടശേഖരത്തില്‍ ഇരുപ്പു കൃഷി കഴിഞ്ഞ വര്‍ഷം മുതലാണ് ആരംഭിച്ചത്. വീണ്ടും കൃഷിയിറക്കാന്‍ സമയം അടുത്തതോടെ രണ്ടു മാസം മുന്‍പ് കര്‍ഷകരുമായി പൊതുയോഗവും നടത്തി. യോഗ തീരുമാനപ്രകാരം അത്യുല്‍പാദന ശേഷിയുള്ള ജ്യോതി വിത്താണ് ഞാറിട്ട് നടാന്‍ തീരുമാനിച്ചത്. പൊതുയോഗ തീരുമാനം കാറ്റില്‍ പറത്തിയ കമ്മറ്റിയംഗങ്ങള്‍ 90 ദിവസം മൂപ്പുള്ള മനു രത്‌ന വിത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചതായാണ് ആക്ഷേപം. ഇത് മൂലം തങ്ങള്‍ക്ക് വന്‍ നാശമാണുണ്ടാകുക എന്ന് കര്‍ഷകര്‍ ആരോപിച്ചു. പൊതുയോഗ തീരുമാനം നടപ്പിലാക്കാത്ത കമ്മിറ്റിക്കെതിരെ കര്‍ഷകര്‍ രൂക്ഷ വിമര്‍ശനം നടത്തി.

പെരുമ്പുഴ പാടത്തെ പാലക്കഴകള്‍ അടക്കാത്തതു മൂലം അന്തിക്കാട് പ്രദേശത്ത് നിന്നും വെള്ളം അധികമായി ഒഴുകിയെത്തുന്നത് കൃഷിക്ക് ഭീഷണിയാകുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. അതേസമയം കര്‍ഷകര്‍ക്ക് ഗുണകരമാകാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും, ഉടനെ കര്‍ഷകരെ വിളിച്ചു ചേര്‍ത്ത് പൊതുയോഗം നടത്തുമെന്ന് പാടശേഖര സമിതി സെക്രട്ടറി സുരേന്ദ്രന്‍ പറഞ്ഞു.

DONT MISS
Top