ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണ് കൊച്ചിയില്‍ തുടക്കം; സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ആരാധകരില്‍ ആവേശം ഉണര്‍ത്തി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണ് കൊച്ചിയില്‍ പ്രൗഢഗംഭീര തുടക്കം. മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിയുടെ സാന്നിധ്യം ആരാധകരില്‍ ആവേശം ഉണര്‍ത്തി. മഴയും അവഗണിച്ച് പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ആറാം സീസണ് തുടക്കമായത്. ദിഷ പദാനിയുടെയും ടൈഗര്‍ ഷെറോഫിന്റെയും നൃത്ത ചുവടുകള്‍ക്കൊപ്പം ദൃശ്യ വര്‍ണ വിസ്മയങ്ങള്‍ ഉദ്ഘാടനചടങ്ങുകള്‍ക്ക് പ്രൗഢിയേകി.
തിങ്ങി നിറഞ്ഞ പതിനായിരക്കണക്കിന് മഞ്ഞപ്പടയുടെ സാന്നിധ്യത്തില്‍ ഐഎസ്എല്‍ ആറാം സീസണ് തുടക്കമായി. കനത്ത മഴയെയും പൊരിവെയിലിനെയും അവഗണിച്ച് പതിനായിരങ്ങളാണ് രാവിലെ മുതല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ടിക്കറ്റ് കിട്ടിയില്ല എന്ന പരാതി പറഞ്ഞു മടങ്ങിയത് അതിലേറെ ആളുകള്‍. എന്നാല്‍ ചാറി പെയ്യുന്ന മഴയെ അവഗണിച്ച് ആരാധകരെല്ലാം സ്റ്റേഡിയത്തിനകത്ത് കടന്നു. കൃത്യം 6 മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.
ലോകപ്രശസ്ത ഡാന്‍സേര്‍സ് കിംഗ്സ് യുണൈറ്റഡ് ഇന്ത്യയുടെ ഡാന്‍സ് പെര്‍ഫോമന്‍സോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പിന്നീട് ബോളിവുഡ് താരങ്ങളായ ദിഷാ പട്ടാണിയും, ടൈഗര്‍ ഷറോഫും വേദിയിലേക്ക്. നിറഞ്ഞ കയ്യടിയോടെ ഗാലറിയുടെ സ്നേഹാദരം. കൊല്‍ക്കത്ത ടീം ഉടമകളില്‍ ഒരാളും ബിസിസിഐ നിയുക്ത പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി, നിതാ അംബാനി തുടങ്ങി പ്രമുഖരുടെ വലിയ നിരതന്നെ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.
also read: ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു; മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ്
കൃത്യം 6 40 ന് തന്നെ ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു. മോശം പ്രകടനത്തിലൂടെ ഒരു തവണ ടീമിനെ കൈവിട്ട അതെ പന്ത്രണ്ടാമന് തന്നെ ഇത്തവണ ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തുകഴിഞ്ഞു. അതിന്റെ നേര്‍സാക്ഷ്യം ആയിരുന്നു ഉദ്ഘാടന വേദിയിലെ മഞ്ഞപ്പടക്കാരുടെ ആര്‍പ്പുവിളികള്‍. വര്‍ണ്ണ ശബ്ദ വിസ്മയങ്ങള്‍ കോര്‍ത്തിണക്കിയ ഉദ്ഘാടന ചടങ്ങിന് മേമ്പൊടിയായി ചാറി പെയ്യുന്ന മഴ തീര്‍ത്ത സൗന്ദര്യം പറഞ്ഞറിയിക്കാനാവാത്തത് തന്നെ.