അനുഗ്രഹം വാങ്ങുന്നതിനിടെ കാള വിഴുങ്ങിയത് ഒന്നര ലക്ഷത്തിന്റെ താലിമാല; തിരികെ കിട്ടാന്‍ ദമ്പതികള്‍ കാത്തിരുന്നത് എട്ട് ദിവസം

പൂണെ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് വളരെ വ്യത്യസ്ഥമായൊരു വാര്‍ത്ത പുറത്ത് വന്നത്. അനുഗ്രഹം വാങ്ങുന്നിടെ കാള വിഴുങ്ങിയത് ഒന്നര ലക്ഷത്തിന്റെ താലിമാല. അത് തിരികെ കിട്ടാന്‍ ദമ്പതികള്‍ക്ക് കാത്തിരിക്കേണ്ടി വന്നത് എട്ട് ദിവസവും. വിളവെടുപ്പിന് ശേഷം നടക്കുന്ന ബെയ്ല്‍ പൂജ ഉത്സവത്തിനിടെയാണ് കാള ഒന്നര ലക്ഷത്തിന്റെ താലിമാല അകത്താക്കിയത്.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് ബെയ്ല്‍ പോള. കാളകളെ ആരാധിച്ചും നിരവധി പലഹാരങ്ങള്‍ നല്‍കിയുമാണ് ഉത്സവം ആഘോഷിക്കുന്നത്. കാര്‍ഷിക ഗ്രാമങ്ങളില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നടത്തുന്ന ആചാരമാണിത്. അന്നേദിവസം വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക ചടങ്ങുകളും നടക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി പ്രത്യേക ഘോഷയാത്രയും പൂജകളും നടത്തുന്ന ‘ബെയ്ല്‍ പോള’ യിലെ മറ്റൊരു ആചാരമാണ് കുടുംബത്തിലെ അംഗങ്ങള്‍ അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ശേഖരിച്ച് കാളയുടെ തലയില്‍ വെച്ച് അനുഗ്രഹം മേടിക്കുക എന്നത്. ഇത്തരത്തില്‍ കാളകളെ ആരതിയുഴിഞ്ഞ് വെച്ച ബാബുറാവു ഷിന്‍ഡയുടെ
ഭാര്യയുടെ താലിമാലയാണ് കാള അകത്താക്കിയത്.

പോള ആചാരത്തിന്റെ ഭാഗമായി മധുരമുളള ചപ്പാത്തികള്‍ ഉണ്ടാക്കി കാളകള്‍ക്ക് നല്‍കാറുണ്ട്. ഇത്തരത്തില്‍ കാളകള്‍ക്ക് ദക്ഷിണയായി നല്‍കാനുള്ള ചപ്പാത്തികള്‍ വച്ചിരുന്ന തട്ടിലായിരുന്നു ആരതിയുഴിഞ്ഞ് ശേഷം താലിയും വെച്ചത്. ആസമയം കറന്റ് പോയതിനെ തുടര്‍ന്ന് മെഴുകുതിരി എടുക്കാന്‍ അകത്തേക്ക് പോയി തിരികെ എത്തിയപ്പോഴാണ് തട്ട് കാലിയായ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ചപ്പാത്തിക്കൊപ്പം കാള മാലയും അകത്താക്കുകയായിരുന്നു. മാല വീണ്ടെടുക്കാന്‍ കാളയുടെ വയറ് കഴുകുന്നത് അടക്കമുള്ള ഗ്രാമീണ വിദ്യകള്‍ പ്രയോഗിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് മാലക്ക് വേണ്ടി കാത്തിരിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

എന്നാല്‍ ചാണകത്തിലൂടെ മാല പുറത്തെത്താതെ വന്നതോടെ ദമ്പതികള്‍ വെറ്റിനറി ഡോക്ടറുടെ സഹായം തേടുകയായിരുന്നു. വയറില്‍ മാലയുണ്ടെന്ന് ഉറപ്പാക്കിയ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുത്തു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഭേദമാകാന്‍ ഏകദേശം രണ്ടുമാസമാസത്തോളമാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ആറായിരം രൂപയോളം ചെലവിട്ടാണ് ഒന്നര ലക്ഷത്തിന്റെ താലിമാല ദമ്പതികള്‍ വീണ്ടെടുത്തത്.

Also Read: വാവെയ് മെയ്റ്റ് 30 പ്രോ എത്തി; ഐഫോണിനേയും ഗ്യാലക്‌സി നോട്ട് 10 പ്ലസിനേയും പിന്നിലാക്കുന്ന മികവ്

DONT MISS
Top