ചാലിയാര്‍ പുഴയുടെ കൈവഴിയായ കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; നൂറോളം വീടുകളില്‍ വെള്ളം കയറി

വഴിക്കടവ് പുന്നക്കല്‍ ഭാഗത്ത് ചാലിയാര്‍ പുഴയുടെ കൈവഴിയായ കാരക്കോടന്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പുലര്‍ച്ചെ മുതല്‍ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. വഴിക്കടവിനടുത്ത് പുന്നക്കല്‍, നെല്ലിക്കുത്ത്, മണിമൂളി പ്രദേശങ്ങളിലെ നൂറോളം വീടുകളിലലാണ് വെള്ളം കയറിയത്. നിരവധി കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റി. ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസും അഗ്‌നിശമന സേന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ചാലിയാറിലെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. മലവെള്ളപ്പാച്ചിലിനെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെള്ളം ഇരച്ചെത്തിയത്. വീടുകളില്‍ വെള്ളം കയറിയതോടെ ആദ്യം ഉരുള്‍പൊട്ടലാണെന്ന് തരത്തില്‍ പ്രചരണമുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. എന്നാല്‍ പിന്നീട് മലവെള്ളപ്പാച്ചിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

നാടുകാണിയിലുണ്ടായ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. നാടുകാണിയില്‍ നിന്നുത്ഭവിക്കുന്ന കാരക്കോടന്‍ പുഴ എടക്കരയില്‍ നിന്ന് പുന്നപ്പുഴയിലൂടെയാണ് ചാലിയാറില്‍ ചേരുന്നത്.

DONT MISS
Top